News

സൊമാറ്റോയ്ക്കും സ്വിഗ്ഗിക്കുമെതിരെ പരാതി; എന്‍ആര്‍എഐ കോമ്പറ്റീഷന്‍ കമ്മീഷനെ സമീപിച്ചു

ബെംഗളൂരു: നാഷണല്‍ റെസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എന്‍ആര്‍എഐ) ഓണ്‍ലൈന്‍ ഫുഡ് അഗ്രഗേറ്റര്‍മാരായ സൊമാറ്റോ, സ്വിഗ്ഗി എന്നിവര്‍ക്കെതിരെ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയെ (സിസിഐ) സമീപിച്ചു. വിപണിയിലെ നീതിയുക്ത മത്സരം തടയുന്ന തരത്തിലുള്ള നടപടികള്‍ രണ്ട് അഗ്രഗേറ്റിംഗ് പ്ലാറ്റ്‌ഫോമുകളുടെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നുവെന്നാണ് പരാതി. 

സംഘടനയയുടെ അഭിപ്രായത്തില്‍ സേവനങ്ങളുടെ കൂട്ടിയിണക്കല്‍, ഡാറ്റാ മാസ്‌കിംഗ്, അമിതമായ കമ്മീഷന്‍ ചാര്‍ജുകള്‍, വന്‍തോതിലുള്ള ഡിസ്‌കൗണ്ട് തുടങ്ങിയ മല്‍സര വിരുദ്ധ നടപടികള്‍ ഫുഡ് അഗ്രഗേറ്റിംഗ് പ്ലാറ്റ്‌ഫോമുകള്‍ കൈക്കൊള്ളുന്നു. സമ്മര്‍ദത്തിന്റെ ഫലമായി പ്ലാറ്റ്‌ഫോമുകളില്‍ ഉചിതമായ ലിസ്റ്റിംഗ് നിലനിര്‍ത്തുന്നതിന് വലിയ ഡിസ്‌കൗണ്ട് നല്‍കാന്‍ റെസ്റ്റോറന്റ് പങ്കാളികളെ പ്രേരിപ്പിക്കുന്നു. ലിസ്റ്റുചെയ്ത റെസ്റ്റോറന്റുകള്‍ക്കിടയില്‍ നിഷ്പക്ഷത ഇല്ലായ്മ, സുതാര്യതയുടെ അഭാവം എന്നിവയും സംഘടന ചൂണ്ടിക്കാണിക്കുന്നു.   

ഈ മേഖലയെ ബാധിക്കുന്ന ചില നിര്‍ണായക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കഴിഞ്ഞ 15-18 മാസങ്ങളായി ഭക്ഷ്യ സേവന അഗ്രിഗേറ്റര്‍മാരുമായി തങ്ങള്‍ നിരന്തരം ചര്‍ച്ച നടത്തിവരികയാണെന്ന് എന്‍ആര്‍എഐ പ്രസിഡന്റ് അനുരാഗ് കത്രിയാര്‍ പറഞ്ഞു. എന്നിരുന്നാലും, പ്രശ്‌നം പരിഹാരം സാധ്യമാകാത്ത സാഹചര്യത്തില്‍ സിസിഐയെ സമീപിക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊറോണ വ്യാപനത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി വലിയ പ്രതിസന്ധി അനുഭവിക്കുന്ന ഒരു വിഭാഗമാണ് റെസ്റ്റോറന്റുകള്‍. നിലവിലെ സാഹചര്യത്തില്‍ അഗ്രഗേറ്റിംഗ് ആപ്ലിക്കേഷനുകളെ കൂടുതലായി ആശ്രയിക്കുന്നതിന് പല റെസ്റ്റോറന്റുകളും നിര്‍ബന്ധിതമായിരിക്കുകയാണ്.

Author

Related Articles