News

എയര്‍ടെല്ലിന്റേയും വോഡഫോണ്‍ ഐഡിയയുടേയും പ്രീമിയം പ്ലാനുകള്‍ ട്രായ് റദ്ദാക്കി; നടപടി മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെത്തുടര്‍ന്ന്

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഭാരതി എയര്‍ടെല്‍ ലിമിറ്റഡിന്റെ പ്ലാറ്റിനം, വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ റെഡ് എക്‌സ് പ്രീമിയം പ്ലാനുകള്‍ റദ്ദാക്കി. കൂടുതല്‍ പണമടയ്ക്കുന്ന പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് വേഗത്തിലുള്ള ഡാറ്റ വേഗതയും മുന്‍ഗണനാ സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന ഇത്തരം സ്‌കീമുകള്‍ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നുവെന്നും ഈ പ്ലാനുകള്‍ക്ക് പുറത്തുള്ളവരുടെ സേവനങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കുമെന്നും വ്യക്തമാക്കിയാണ് പ്ലാനുകള്‍ റദ്ദാക്കിയത്.

ഈ പ്ലാനുകള്‍ സേവന മാനദണ്ഡങ്ങളുടെ ഗുണനിലവാരം ലംഘിക്കുന്നതാണെന്നും ഇത് നിലവിലുള്ള ഉപഭോക്താക്കളെ കുറയ്ക്കുമെന്നും കൂടാതെ അളവുകള്‍ കണക്കാക്കാന്‍ കഴിയാത്തതിനാല്‍ പുതിയ ഉപയോക്താക്കള്‍ക്ക് എന്താണ് വാഗ്ദാനം ചെയ്യുന്നതെന്ന് വ്യക്തമല്ലെന്നും ഒരു ട്രായ് ഉദ്യോഗസ്ഥന്‍ ലൈവ് മിന്റിനോട് വ്യക്തമാക്കി. എന്നാല്‍ രണ്ട് ഓഫറുകളും നെറ്റ് ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട നിയമങ്ങളൊന്നും ലംഘിക്കുന്നില്ലെന്ന് ഒരു മുതിര്‍ന്ന ടെലികോം അനലിസ്റ്റ് പറഞ്ഞു.

ഭാരതി എയര്‍ടെല്‍ ലിമിറ്റഡ് ജൂലൈ 6 നാണ് പ്ലാറ്റിനം ഉപഭോക്താക്കള്‍ക്കായി 4 ജി ഡാറ്റാ വേഗത പ്രഖ്യാപിച്ചത്. 499 രൂപയോ അതില്‍ കൂടുതലോ അടയ്ക്കുന്ന പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്കാണ് ഈ സേവനം ലഭിക്കുക. 'മുന്‍ഗണന 4 ജി നെറ്റ്വര്‍ക്കിനായി' നൂതന സാങ്കേതികവിദ്യകള്‍ നല്‍കുന്നുണ്ടെന്ന് സുനില്‍ മിത്തലിന്റെ നേതൃത്വത്തിലുള്ള ടെലികോം ഭീമനായ എയര്‍ടെല്‍ വ്യക്തമാക്കിയിരുന്നു. ഇത് പ്ലാറ്റിനം വരിക്കാര്‍ക്ക് നെറ്റ്വര്‍ക്കില്‍ മുന്‍ഗണന നല്‍കും. പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കായി 999 രൂപ വിലയുള്ള റെഡ് എക്‌സ് പ്ലാന്‍ വോഡഫോണ്‍ ഐഡിയ 2019 നവംബറിലാണ് അവതരിപ്പിച്ചത്. 50 ശതമാനം വരെ വേഗതയും പ്രത്യേക സേവനങ്ങളുമാണ് പ്ലാന്‍ വാഗ്ദാനം ചെയ്യുന്നത്. പദ്ധതിയുടെ വില മെയ് മാസത്തില്‍ 100 ??രൂപ ഉയര്‍ത്തിയിരുന്നു.

Author

Related Articles