News

സാമ്പത്തിക ഇടപാടുകള്‍ക്ക് മേല്‍ കൂടുതല്‍ നിരീക്ഷണം ഏര്‍പ്പെടുത്തി ആദായ നികുതി വകുപ്പ്

ന്യൂഡല്‍ഹി: നികുതി വെട്ടിപ്പ് കേന്ദ്രങ്ങളെന്ന് കുപ്രസിദ്ധിയാര്‍ജിച്ച രാജ്യങ്ങളിലുള്ള കമ്പനികളുമായി നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ക്ക് മേല്‍ കൂടുതല്‍ നിരീക്ഷണം ഏര്‍പ്പെടുത്തി ആദായ നികുതി വകുപ്പ്. ഇത്തരം പ്രദേശങ്ങളെക്കുറിച്ചുള്ള വിശദ വിവരം കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിക്കഴിഞ്ഞു. ഇത്തരം ഇടപാടുകള്‍ വര്‍ധിച്ച ജാഗ്രതയോടെ വീക്ഷിക്കുകയാണ് ഉദ്ദേശ്യമെന്ന് ഉദ്യോഗസ്ഥ വൃത്തങ്ങള്‍ പറഞ്ഞു. മുന്‍പ് നികുതി വെട്ടിപ്പ് ചെയ്തിരുന്ന കമ്പനികള്‍ വീണ്ടും അതിന് ശ്രമിച്ചേക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രത ശക്തമാക്കുന്നത്.

ഒരു രാജ്യത്തിന്റെ സാമ്പത്തിക രീതികള്‍ വിശദമായി പരിശോധിച്ചതിന് ശേഷമാണ് അത് അപകടകരമാണോ അല്ലയോ എന്ന് നിശ്ചയിക്കുന്നത്. ജോര്‍ദാന്‍ അപായകരമാണെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിക്കഴിഞ്ഞു. സെയ്ന്റ് കിറ്റസ് ആന്‍ഡ് നെവിസ് അടക്കമുള്ള അനേക പ്രദേശങ്ങളെക്കുറിച്ച് പഠിച്ച് വരികയുമാണ് വകുപ്പ്. 2019 ജനുവരിയില്‍ 57 രാജ്യങ്ങളേക്കുറിച്ച് ഓര്‍ഗനൈസേഷന്‍ ഓഫ് ഇക്കണോമിക്ക് കോ ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് (ഒഇസിഡി) മുന്നറിയിപ്പ് നല്‍കിയിരുന്നു.

Author

Related Articles