News

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്; പ്രതീക്ഷകള്‍ എന്തെല്ലാം?

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തതോടെ യാത്രാ നിരക്ക് കുറയുമെന്നും കൂടുതല്‍ രാജ്യാന്തര, ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങുമെന്നുമുള്ള പ്രതീക്ഷയിലാണ് യാത്രക്കാര്‍. വിമാനത്താവളത്തില്‍ വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറക്കുന്നതുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനം യാഥാര്‍ഥ്യമാകാനും ഏറ്റെടുപ്പ് വഴിയൊരുക്കും.

ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ള യൂസേഴ്‌സ് ഫീസ് ആണ് നിലവില്‍ തിരുവനന്തപുരത്തുള്ളത്. നടത്തിപ്പ് അദാനി ഏറ്റെടുക്കുന്നതോടെ ഇതു കുറയ്ക്കാനാണ് സാധ്യത. ഇതോടെ യാത്രാ നിരക്ക് കുറയും. തിരുവനന്തപുരത്തെ അപേക്ഷിച്ച് യാത്രാ നിരക്ക് കുറവായതിനാല്‍ യാത്രക്കാരില്‍ വലിയൊരു വിഭാഗം കൊച്ചി വിമാനത്താവളത്തെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ചാര്‍ജ് ഉള്‍പ്പെടെ കുറച്ചാല്‍ കൂടുതല്‍ കമ്പനികള്‍ സര്‍വീസ് തുടങ്ങും. രാജ്യാന്തര വ്യോമപാതയ്ക്കു തൊട്ടടുത്തായതിനാല്‍ വിമാനങ്ങളുടെ ഇന്ധനം നിറയ്ക്കല്‍ സ്റ്റേഷന്‍ ആയും തിരുവനന്തപുരത്തിനു വലിയ സാധ്യതകളുണ്ട്.

യൂറോപ്പിലേക്കും ജപ്പാന്‍ ഉള്‍പ്പെടെയുള്ള കിഴക്കന്‍ രാജ്യങ്ങളിലേക്കും സര്‍വീസ് വേണമെന്ന് ഐടി സംരംഭകര്‍ ഉള്‍പ്പെടെ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായിട്ടും കാര്യമായ ഫലമുണ്ടായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരിട്ട് വിമാനക്കമ്പനികളുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രഖ്യാപനങ്ങളല്ലാതെ പുതിയ സര്‍വീസുകള്‍ തുടങ്ങിയില്ല. സര്‍വീസ് തുടങ്ങിയ സൗദി എയര്‍ലൈന്‍സ് ഉള്‍പ്പെടെ പിന്നീടു നിര്‍ത്തുകയും ചെയ്തു. തെക്കന്‍ ജില്ലകള്‍ക്കു പുറമെ തമിഴ്‌നാട്ടിലെ നാഗര്‍കോവില്‍, കന്യാകുമാരി ഉള്‍പ്പെടെയുള്ള ജില്ലകളിലുള്ളവരും ആശ്രയിക്കുന്ന വിമാനത്താവളമാണ് തിരുവനന്തപുരം. റണ്‍വേ നീളം കൂട്ടാന്‍ 18 ഏക്കര്‍ സ്ഥലം കൂടി ഏറ്റെടുക്കാനുള്ള തീരുമാനം നടപ്പായാല്‍ കൂടുതല്‍ വലിയ വിമാന സര്‍വീസുകളെ ആകര്‍ഷിക്കാനാകും.

നിര്‍മാണം പുരോഗമിക്കുന്ന വിഴിഞ്ഞം തുറമുഖത്തോടൊപ്പമാണ് വിമാനത്താവളത്തിന്റെ നടത്തിപ്പും അദാനി ഗ്രൂപ്പിന്റെ കൈകളിലെത്തുന്നത്. ഐടി മേഖലയില്‍ ഉള്‍പ്പെടെ പുതിയ നിക്ഷേകരെത്തുന്നതോടെ വാണിജ്യമേഖലയില്‍ തലസ്ഥാനം വലിയ കുതിപ്പാണു പ്രതീക്ഷിക്കുന്നത്. ജിവികെ ഗ്രൂപ്പില്‍ നിന്ന് മൂന്നു മാസം മുന്‍പ് മുംബൈ വിമാനത്താവളം ഏറ്റെടുത്ത അദാനി ഗ്രൂപ്പ്, പഴയ ജീവനക്കാരിലേറെപ്പേരെയും ഒഴിവാക്കിയത് വിമാനത്താവളത്തിലെ സേവനങ്ങളെ ബാധിച്ചതായി യാത്രക്കാര്‍ക്ക് പരാതിയുണ്ട്.  ഹോസ്പിറ്റാലിറ്റി മേഖലയില്‍ ജിവികെയ്ക്കുള്ള മികവ് വിമാനത്താവളത്തിലെ ആതിഥ്യമര്യാദകളിലും മറ്റു സേവനങ്ങളിലും നേരത്തേ പ്രതിഫലിച്ചിരുന്നു. പുതിയ ജീവനക്കാരുടെ പരിചയക്കുറവാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച ഒട്ടേറെ പേരുടെ യാത്ര മുടങ്ങിയ സംഭവത്തിനിടയാക്കിയതും ഇതാണെന്ന് ആരോപണമുണ്ട്.  തിരക്കു മൂലം  യാത്രക്കാരില്‍ പലര്‍ക്കും ചെക്-ഇന്‍, സുരക്ഷാ പരിശോധനകള്‍  യഥാസമയം  പൂര്‍ത്തിയാക്കാനാവാതെ രാവിലെ 90% വിമാനങ്ങളും വൈകി. തിരക്കു പരിഗണിച്ച് ഇന്നലെ മുതല്‍ ആഭ്യന്തര (ടെര്‍മിനല്‍ 1) ടെര്‍മിനലും തുറന്നിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ പകുതി മുതല്‍ എല്ലാ സര്‍വീസുകളും രാജ്യാന്തര ടെര്‍മിനലില്‍ നിന്നാണ് നടത്തിയിരുന്നത്.

കേരളത്തില്‍ വാതക വിതരണ രംഗത്തും അദാനി ഗ്രൂപ്പിന്റെ സാന്നിധ്യമുണ്ട്. സിറ്റി ഗ്യാസ് പദ്ധതിയിലൂടെ. അദാനി ഗ്യാസും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ചേര്‍ന്നുള്ള സംയുക്ത സംരംഭമായഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് ലിമിറ്റഡ് (ഐഒഎജിഎല്‍) എറണാകുളം ഉള്‍പ്പെടെ സംസ്ഥാനത്തെ 8 ജില്ലകളിലാണു പദ്ധതി നടപ്പാക്കുന്നത്. ഗാര്‍ഹിക പാചക ആവശ്യത്തിനുള്ള പ്രകൃതി വാതകവും (പിഎന്‍ജി) വാഹന ഇന്ധനമായ സിഎന്‍ജിയും വിതരണം ചെയ്യുന്ന പദ്ധതിയാണു സിറ്റി ഗ്യാസ്.

2016 ഫെബ്രുവരിയില്‍ കളമശേരിയില്‍ ആദ്യത്തെ അടുക്കള വാതക കണക്ഷന്‍ നല്‍കിയ പദ്ധതി പക്ഷേ, പിന്നീട് ഇഴയുകയാണ്. ഏകദേശം 4500 കണക്ഷന്‍ മാത്രമാണു നല്‍കാനായത്. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള അനുമതികള്‍ ലഭിക്കാന്‍ വൈകിയത് പദ്ധതി ഇഴയുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്.

Author

Related Articles