News

വില്‍പ്പനയില്‍ അമ്പരപ്പിക്കുന്ന വളര്‍ച്ചയുമായി ടിവിഎസ് ഇലക്ട്രിക് സ്‌കൂട്ടര്‍

കഴിഞ്ഞ വര്‍ഷത്തെ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പനയില്‍ അമ്പരപ്പിക്കുന്ന വളര്‍ച്ചയുമായി ടിവിഎസിന്റെ ഇലക്ട്രിക് ഇരുചക്രവാഹനമായ ഐക്യൂബ്. 2020 സെപ്റ്റംബര്‍ മാസത്തേക്കാള്‍ വില്‍പ്പനയില്‍ 10,843 ശതമാനത്തിന്റെ വളര്‍ച്ചയാണ് ടിവിഎസ് ഐക്യൂബ് നേടിയത്. അതായത്, 2020 സെപ്റ്റംബറില്‍ വെറും ഏഴ് യൂണിറ്റുകള്‍ മാത്രം വിറ്റപ്പോള്‍ ഈ വര്‍ഷം സെപ്റ്റംബറില്‍ 766 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഇതാണ് വില്‍പ്പനാ വളര്‍ച്ച കുത്തനെ ഉയരാന്‍ കാരണമായത്.

2020 ജനുവരിയിലാണ് ആഭ്യന്തര ഇരുചക്രവാഹന നിര്‍മാതാക്കളായ ടിവിഎസ് തങ്ങളുടെ ആദ്യ ഇലക്ട്രിക് ഇരുചക്ര വാഹനമായ ഐക്യൂബ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ആദ്യഘട്ടത്തില്‍ പരിമിതമായ നഗരങ്ങളില്‍ മാത്രമാണ് ഈ മോഡല്‍ വില്‍പ്പനയ്ക്കെത്തിച്ചത്. പിന്നീട് ഐക്യൂബിന്റെ വില്‍പ്പന മറ്റ് നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയായിരുന്നു.

4.4 കിലോ വാട്ട് ഇലക്ട്രിക് മോട്ടോര്‍ പായ്ക്കോടുകൂടിയാണ് ടിവിഎസ് ഐക്യൂബ് പുറത്തിറക്കുന്നത്. പൂര്‍ണ ചാര്‍ജില്‍ 75 കിലോമീറ്റര്‍ ദൂരപരിധിയാണ് ഈ മോഡലിന് കമ്പനി അവകാശപ്പെടുന്നത്. 4.2 സെക്കന്‍ഡിനുള്ളില്‍ 78 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകുമെന്നും കമ്പനി പറയുന്നു. 1,00,777 രൂപയാണ് (ഡല്‍ഹി ഓണ്‍റോഡ് വില) ഐക്യൂബിന് നിശ്ചയിച്ചിട്ടുള്ളത്. 5,000 രൂപയ്ക്ക് ഈ മോഡല്‍ ബുക്ക് ചെയ്യാനാകും. കൂടാതെ, ഉപഭോക്താക്കള്‍ക്കായി 11,238 രൂപയുടെ ടിവിഎസ് സ്മാര്‍ട്ട്ഹോം ചാര്‍ജിംഗ് യൂണിറ്റും ടിവിഎസ് ലഭ്യമാക്കുന്നുണ്ട്.

Author

Related Articles