News

ടിവിഎസ് മോട്ടോഴ്സ് നേടിയത് മികച്ച നേട്ടം; അറ്റാദായത്തില്‍ 16.7 ശതമാനം വളര്‍ച്ച

മുംബൈ: ഇരുചക്ര, മുച്ചക്ര വാഹന രംഗത്തെ വമ്പന്‍മാരായ ടിവിഎസ് മോട്ടോഴ്സ് ഇത്തവണ നേടിയത് മികച്ച നേട്ടം. കൊവിഡ് ലോക്ക് ഡൗണും തുടര്‍ന്നുണ്ടായ കടുത്ത സാമ്പത്തിക മാന്ദ്യവും ഇരുചക്രവാഹന വിപണിയെ കാര്യമായി ബാധിച്ചിരുന്നെങ്കിലും, ടിവിഎസ് അതിനെ മറികടന്നു എന്ന് തന്നെ പറയേണ്ടിവരും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 16.7 ശതമാനം വളര്‍ച്ചയാണ് ടിഎസ്മോട്ടോഴ്സ് അറ്റാദായത്തില്‍ സ്വന്തമാക്കിയത്. രൂപയുടെ കണക്കില്‍ നോക്കിയാല്‍, മൂന്നിരട്ടിയുടെ വര്‍ദ്ധന.

2021 മാര്‍ച്ച് 31ന് അവസാനിച്ച പാദത്തിലെ കണക്കുകളാണ് പുറത്ത് വന്നിട്ടുള്ളത്. 2020-2021 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ 289 കോടി രൂപയാണ് ടിവിഎസ് മോട്ടോഴ്സിന്റെ അറ്റാദായം. കഴിഞ്ഞ വര്‍ഷം, ഇതേ കാലയളവില്‍ ഉണ്ടായിരുന്ന അറ്റാദായത്തിന്റെ മൂന്നിരട്ടിയാണ് ഇത്തവണ നേടിയിരിക്കുന്നത്. 2020 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 74 കോടി രൂപയായിരുന്നു അറ്റാദായം. 16.7 ശതമാനം ആണ് ലാഭത്തിലെ വര്‍ദ്ധന.

ഓഹരി വിപണിയും ടിവിഎസ് മോട്ടോഴ്സ് വലിയ നേട്ടമാണ് ഉണ്ടാക്കിയത്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഓഹരി വില 13.35 ശതമാനം വര്‍ദ്ധിച്ച് 641 രൂപ വരെ എത്തിയിരുന്നു. സെന്‍സെക്സ് 1.67 ശതമാനം നേട്ടമാണ് ഇന്നുണ്ടാക്കിയത്. ഓപ്പറേഷന്‍സിലൂടെയുള്ള വരുമാനം അവസാന പാദത്തില്‍ 5,322 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 3,481 കോടി രൂപയായിരുന്നു. മൊത്തം 53 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഇതില്‍ ഉണ്ടായിരിക്കുന്നത്. നികുതിയ്ക്ക് മുമ്പുള്ള 2021 മാര്‍ച്ച് പാദത്തിലെ ആദായം 387 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 331 ശതമാനത്തിന്റെ വര്‍ദ്ധനയാണിത്.

ഇരുചക്ര വാഹനങ്ങളുടേയും മുച്ചക്ര വാഹനങ്ങളുടെയും നിര്‍മാണത്തിലെ പ്രമുഖരാണ് ടിവിഎസ്. മാര്‍ 2021 ല്‍ അവസാനിച്ച പാദത്തില്‍ 47 ശതമാനം വര്‍ദ്ധനയണ് വില്‍പനയില്‍ നേടിയത്. 928,000 യൂണിറ്റുകളാണ് ഈ മൂന്ന് മാസംകൊണ്ട് വിറ്റഴിച്ചത്. 2020 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ ടിവിഎസ് വിറ്റഴിച്ചത് 633,000 യൂണിറ്റ് വാഹനങ്ങള്‍ ആയിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ആണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. അതിന് ശേഷം രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക് വീഴുകയും ചെയ്തു. എന്നിട്ടും ഇത്രയും നേട്ടമുണ്ടാക്കാനായത് വലിയ കാര്യമാണ്. ടിവിഎസ് മോട്ടോഴ്സിന്റെ വാഹനങ്ങളുടെ കയറ്റുമതിയിലും ഇത്തവണ വലിയ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. മൊത്തം പ്രകടനത്തിലുണ്ടായ കുതിപ്പ് കമ്പനിയുടെ വാല്യുവേഷനേയും സ്വാധീനിച്ചിട്ടുണ്ട്.

Author

Related Articles