News

വര്‍ഷാന്ത്യത്തിലെ വില്‍പ്പന കണക്കുകളില്‍ നേട്ടം രേഖപ്പെടുത്തി ടിവിഎസ് മോട്ടോര്‍

മുംബൈ: വര്‍ഷാന്ത്യത്തിലെ വില്‍പന കണക്കുകളില്‍ ഏറ്റവും സജീവമാകുന്നത് വാഹന വിപണിയാണ്. കൊവിഡ് സാഹചര്യത്തില്‍ പോലും ഇത്തവണ അക്കാര്യത്തില്‍ വലിയ മാറ്റമുണ്ടായിട്ടില്ല. ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ഡിസംബര്‍ വില്‍പന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 17.5 ശതമാനം വര്‍ദ്ധിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് പ്രതിസന്ധികളെ എല്ലാം മറികടന്നുകൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

ഇരുചക്ര വാഹനങ്ങളുടെ വില്‍പനയില്‍ ആണ് ടിവിഎസ് 2020 ഡിസംബറില്‍ വലിയ നേട്ടമുണ്ടാക്കിയത്. ഇരുചക്രവാഹനങ്ങളുടെ സെഗ്മെന്റില്‍ ഡിസംബറില്‍ വിറ്റുപോയത് 2,58,239 യൂണിറ്റ് വാഹനങ്ങള്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 2,15,619 യൂണിറ്റുകള്‍ ആയിരുന്നു. 20 ശതമാനത്തിന്റെ വര്‍ദ്ധന.

ഇരുചക്ര വാഹനങ്ങളുടെ ആഭ്യന്തര വിപണിയില്‍ 13 ശതമാനത്തിന്റെ വളര്‍ച്ചയാണ് 2019 ഡിസംബറിനെ അപേക്ഷിച്ച് ടിവിഎസ് നേടിയിട്ടുളളത്. കഴിഞ്ഞ വര്‍ഷം 1,57,244 യൂണിറ്റുകളാണ് വിറ്റതെങ്കില്‍ ഇത്തവണ അത് 1,76,912 യൂണിറ്റുകളായി. സ്‌കൂട്ടറുകളേക്കാള്‍ മികച്ച വില്‍പന വളര്‍ച്ച നേടിയത് മോട്ടോര്‍ സൈക്കിളുകലാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 27 സതമാനം ആണ് വില്‍പന വളര്‍ച്ച. 93,697 ല്‍ നിന്ന് ഒരു വര്‍,ം കൊണ്ട് 119,051 യൂണിറ്റുകളായി വില്‍പന ഉയര്‍ന്നു. 2019 ഡിസംബറില്‍ 74,716 യൂണിറ്റ് സ്‌കൂട്ടറുകളാണ് വിറ്റതെങ്കില്‍ ഇത്തവണ അത് 77,705 ആയി ഉയര്‍ന്നിട്ടുണ്ട്.

വാഹന കയറ്റുമതിയിലും ടിവിഎസ് ഇത്തവണ വലിയ നേട്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. 28 ശതമാനം വളര്‍ച്ച! 2019 ഡിസംബറില്‍ 94,269 യൂണിറ്റ് വാഹനങ്ങളാണ് കയറ്റുമതി ചെയ്തത് എങ്കില്‍ ഇത്തവണ അത് 94,269 ആയി ഉയര്‍ന്നു. ഇതില്‍ ഇരുചക്ര വാഹനങ്ങളുടെ മാത്രം കയറ്റുമതി നോക്കിയാല്‍, 39 ശതമാനം വളര്‍ച്ചയാണ് നേടിയത്. ഇരുചക്ര വാഹനങ്ങള്‍ ഉണ്ടാക്കിയ നേട്ടം ടിവിഎസിന്റെ മുച്ചക്ര വാഹനങ്ങള്‍ക്ക് സ്വന്തമാക്കാന്‍ പറ്റിയിട്ടില്ല. 2019 ഡിസംബറില്‍ 15,952 യൂണിറ്റുകള്‍ വിറ്റപ്പോള്‍ 2020 ഡിസംബറില്‍ അത് 13,845 ആയി കുറഞ്ഞു. കൊവിഡ് തന്നെ ആണ് ഇതിന്റെ ഒരു കാരണമായി വിലയിരുത്തുന്നത്.

ഇരുചക്ര വാഹന വില്‍പനയുടെ കാര്യത്തില്‍ 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദം ടിവിഎസിനെ സംബന്ധിച്ച് നേട്ടത്തിന്റേതാണ്. 9.52 ലക്ഷം യൂണിറ്റുകളാണ് വിറ്റുപോയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഇത് 7.73 ലക്ഷം യൂണിറ്റുകള്‍ ആയിരുന്നു. മുച്ചക്ര വാഹനങ്ങളുടെ വില്‍പന ഈ പാദത്തില്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് കുറവാണ്.

Author

Related Articles