News

മൂന്നില്‍ രണ്ട് ബിരുദധാരികള്‍ക്കും ജോലിയില്ല

ക്യാമ്പസ് ബിരുദധാരികളില്‍ 66 ശതമാനം പേര്‍ക്കും പഠനം പൂര്‍ത്തിയാകുമ്പോള്‍ ജോലി ഇല്ലെന്ന് ജോബ് പോര്‍ട്ടലായ നൗക്കരി നടത്തിയ സര്‍വേയില്‍ പറയുന്നു. ഓഫര്‍ കത്തുകള്‍ ലഭിച്ച മൂന്നിലൊന്ന് ബിരുദധാരികളില്‍ 44 ശതമാനം പേരും നിയമന തീയതി നീട്ടിയതായി സ്ഥിരീകരിച്ചു. 9 ശതമാനം പേര്‍ക്ക് ലഭിച്ച ഓഫറുകള്‍ പിന്‍വലിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 1,300 കോളേജ് വിദ്യാര്‍ത്ഥികളില്‍ നൗക്കരി നടത്തിയ സര്‍വേ റിപ്പോര്‍ട്ടാണിത്.

ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടലുകളില്‍ ജോലി തിരയുമ്പോള്‍ 17% പേര്‍ റഫറല്‍ റൂട്ട് തിരഞ്ഞെടുക്കുകയും അവരുടെ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെടുകയുമാണ് ചെയ്യുന്നത്. ചില വിദ്യാര്‍ത്ഥികള്‍ ഫ്രീലാന്‍സിംഗും ഭാവിയിലെ ഒരു കരിയര്‍ ഓപ്ഷനായി പരിഗണിക്കുന്നുണ്ടെന്നും സര്‍വ്വേയില്‍ പറയുന്നു.

82 ശതമാനം കോളേജുകളിലായി 2020 ബാച്ചിന്റെ പ്ലേസ്മെന്റ് സാധ്യതയെ മഹാമാരി ബാധിച്ചതായാണ് വിവരം. 74 ശതമാനം പ്രീ-ഫൈനല്‍ വിദ്യാര്‍ത്ഥികളുടെ ഇന്റേണ്‍ഷിപ്പ് ഓഫറുകളെ ഇത് കൂടുതല്‍ ബാധിച്ചു. കൂടാതെ, ഓണ്‍ലൈന്‍ കോഴ്‌സുകളും സര്‍ട്ടിഫിക്കേഷനുകളും ഫ്രെഷര്‍മാരില്‍ ആദ്യ ചോയിസാണ്. 70 ശതമാനം കോളേജ് വിദ്യാര്‍ത്ഥികളും ഇതിനകം തന്നെ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ സബ്സ്‌ക്രൈബുചെയ്തു.

സര്‍വേയില്‍ പങ്കെടുത്ത 80% ബിരുദധാരികളുടെ ഉന്നത വിദ്യാഭ്യാസ പദ്ധതികളെയും നിലവിലെ സാഹചര്യം ബാധിച്ചിട്ടില്ല. പലരും വീഡിയോ അഭിമുഖങ്ങളിലൂടെയും ഓണ്‍ലൈന്‍ പരീക്ഷകളിലൂടെയും മറ്റുമാണ് ജോലി തേടുന്നത്. ജൂണ്‍ 21 -ന് അവസാനിച്ച ആഴ്ചയില്‍ തൊഴില്‍ സംഖ്യയില്‍ ഗണ്യമായ പുരോഗതിയുണ്ടായെങ്കിലും ഇതിന് പ്രധാന കാരണം ഗ്രാമീണ മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുന്നതാണെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യ ഇക്കണോമി വ്യക്തമാക്കിയിരുന്നു.

Author

Related Articles