News

കോവിഡാനന്തരം സെല്‍ഫ്-ഡ്രൈവ് സ്‌കൂട്ടര്‍ ബിസിനസ് പച്ച പിടിക്കും; നേട്ടമുണ്ടാക്കുക ബൗണ്‍സ്, വോഗോ, യൂലു തുടങ്ങിയ കമ്പനികള്‍

രാജ്യത്ത് സെല്‍ഫ്-ഡ്രൈവ് സ്‌കൂട്ടര്‍ ബിസിനസ് തഴച്ചുവളരുമെന്ന് സൂചന. നിലവില്‍ ബൗണ്‍സ്, വോഗോ, യൂലു തുടങ്ങിയ കമ്പനികള്‍ക്കാണ് ഈ മേഖലയില്‍ നിന്നുള്ള നേട്ടമുണ്ടാകുക. ലോക്ക്ഡൗണ്‍ ചട്ടങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി 50 ശതമാനം ശേഷിയില്‍ മാത്രമേ പൊതുഗതാഗത സൗകര്യം സര്‍ക്കാര്‍ അനുവദിക്കുന്നുള്ളൂ. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ഈ നടപടി സാരമായി ബാധിക്കുന്നുണ്ട്. ഈ അവസരത്തില്‍ സെല്‍ഫ്-ഡ്രൈവ് സ്‌കൂട്ടറുകളെപ്പറ്റിയാണ് ഭൂരിപക്ഷം ആളുകളും ചിന്തിക്കുന്നത്.

കുറഞ്ഞ ചിലവില്‍ കൂടുതല്‍ കാര്യക്ഷമമായ ഗതാഗതമാര്‍ഗ്ഗം, സെല്‍ഫ്-ഡ്രൈവ് സ്‌കൂട്ടറുകളെ ഇങ്ങനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ഇതേസമയം, കൂടുതല്‍ ആളുകള്‍ സെല്‍ഫ്-ഡ്രൈവ് സ്‌കൂട്ടറുകളിലേക്ക് ചേക്കേറുമ്പോള്‍ ഈ മേഖലയില്‍ സര്‍ക്കാരിന്റെ പിന്തുണ അനിവാര്യമാണെന്ന് കമ്പനികള്‍ പറയുന്നു. സുരക്ഷിതമായ സഞ്ചാരസാധ്യതകള്‍ ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം. അടിസ്ഥാന സൗകര്യവികസനവും നികുതിയിളവുമാണ് ഇതില്‍ പ്രധാനം. ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കേണ്ട ഇപ്പോഴത്തെ അവസ്ഥയില്‍ സുസ്ഥിരമായ മൊബിലിറ്റി മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് ബൗണ്‍സും വോഗോയും സംയുക്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ചരക്ക് സേവന നികുതി കുറയ്ക്കണമെന്നതാണ് സെല്‍ഫ്-ഡ്രൈവ് സ്‌കൂട്ടര്‍ കമ്പനികളുടെ പ്രധാന ആവശ്യം. നിലവില്‍ 28 ശതമാനം നികുതി ഇവര്‍ നല്‍കുന്നുണ്ട്. എന്നാല്‍ നികുതി പൂജ്യം ശതമാനമായി വെട്ടിക്കുറയ്ക്കണമെന്നതാണ് ബൗണ്‍സ്, വോഗോ അടക്കമുള്ള കമ്പനികളുടെ നിലപാട്. എങ്കില്‍ മാത്രമേ മാസ് റാപ്പിഡ് ട്രാന്‍സിറ്റ് സേവനങ്ങളുടെ ഭാഗമായി സെല്‍ഫ്-ഡ്രൈവ് സ്‌കൂട്ടര്‍ ബിസിനസ് ഇന്ത്യയില്‍ വളരുകയുള്ളൂ. എന്തായാലും കൊറോണക്കാലത്തിന് ശേഷം സെല്‍ഫ്-ഡ്രൈവ് കാര്‍ ബിസിനസും രാജ്യത്ത് കുതിച്ചുയരുമെന്നാണ് പ്രതീക്ഷ. വരുംമാസങ്ങളില്‍ ഡിമാന്‍ഡ് അഞ്ചിരട്ടിവരെ വര്‍ധിക്കാമെന്ന് സൂംകാര്‍ സഹസ്ഥാപകനും സിഇഓയുമായ ഗ്രെഗ് മോറന്‍ അടുത്തിടെ പറയുകയുണ്ടായി.

Author

Related Articles