News

യുഎഇയും യുകെയും ഒരുമിച്ചു; 1.36 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ കരാര്‍ യാഥാര്‍ത്ഥ്യമായി

ലണ്ടന്‍: 1.36 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ കരാറില്‍ യുഎഇയും യുകെയും ഒപ്പുവെച്ചു. യുകെയിലെ ലൈഫ് സയന്‍സ് മേഖലയിലെ നിക്ഷേപം ലക്ഷ്യമാക്കിയുള്ളതാണ് കരാര്‍. യുഎഇ-യുകെ സോവറീന്‍ ഇന്‍വെസ്റ്റ്മെന്റ് പാര്‍ട്ണര്‍ഷിപ്പ് (എസ്ഐപി)പ്രകാരം അബുദാബിയിലെ മുബദാല ഇന്‍വെസ്റ്റ്മെന്റ് കമ്പനി അടുത്ത അഞ്ച് വര്‍ഷങ്ങളിലായി യുകെയിലെ ലൈഫ് സയന്‍സ് മേഖലയില്‍ 800 മില്യണ്‍ പൗണ്ടും യുകെയിലെ ലൈഫ് സയന്‍സസ് ഇന്‍വെസ്റ്റ്മെന്റ് പ്രോഗ്രാം 200 മില്യണ്‍ പൗണ്ടും നിക്ഷേപിക്കുമെന്ന് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.   

ഹെല്‍ത്ത്കെയര്‍ ഇന്നവേഷന്‍, ഡെലിവറി, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വളര്‍ച്ച, ഉന്നത നൈപുണ്യം ആവശ്യമുള്ള വ്യവസായ മേഖലകള്‍ തുടങ്ങിയ നിര്‍ണായക മേഖലകള്‍ക്ക് ശ്രദ്ധ നല്‍കേണ്ടതുണ്ടെന്ന് മുബദാല ഗ്രൂപ്പ് ചീഫ് എക്സിക്യുട്ടീവ് ഖല്‍ദൂണ്‍ അല്‍ മുബാറക് പറഞ്ഞു. യുകെയിലെ ഇന്നവേഷന്‍, വളര്‍ച്ച മേഖലകളില്‍ ഇപ്പോള്‍ തന്നെ മുബദാല ദീര്‍ഘകാല നിക്ഷേപകരാണെന്നും ഭാവി ലക്ഷ്യമാക്കിയുള്ള പുതിയ നിക്ഷേപക പങ്കാളിത്തത്തോടെ മുന്‍ഗണന മേഖലകളില്‍ സ്ഥിരതയുള്ള നിക്ഷേപം നടത്താനുള്ള അവസരം വന്നുവെന്നും ഖല്‍ദൂണ്‍ പറഞ്ഞു.

പ്രതിവര്‍ഷം 80 ബില്യണ്‍ പൗണ്ടിന്റെ വ്യാപാരം നടക്കുന്ന യുകെയിലെ ലൈഫ് സയന്‍സ് വ്യവസായ മേഖലയില്‍ 250,000 പേര്‍ ജോലി ചെയ്യുന്നുണ്ട്. ലൈഫ് സയന്‍സ് ഗവേഷണ, വിദ്യാഭ്യാസ മേഖലകളില്‍ യുഎഇക്കും യുകെയ്ക്കുമിടയില്‍ ശക്തമായ ബന്ധങ്ങള്‍ക്ക് പുതിയ പങ്കാളിത്തം കാരണമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യുകെയിലെ ഇന്‍വെസ്റ്റ് ഓഫീസ് ആദ്യമായാണ് ഇത്തരമൊരു നിക്ഷേപ കരാറില്‍ ഒപ്പുവെക്കുന്നത്. യുഎഇയും യുകെയും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍ക്ക് പുതിയ കരാര്‍ ശക്തി പകരും. 2019ല്‍ ഏതാണ്ട് 32 ബില്യണ്‍ പൗണ്ടിന്റെ വ്യാപാര, നിക്ഷേപമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നടന്നത്. ലൈഫ് സയന്‍സ് മേഖലയില്‍ എസ്ഐപിയുടെ ഈ പ്രാരംഭ നിക്ഷേപം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകും.

News Desk
Author

Related Articles