News

കഴിഞ്ഞ വര്‍ഷം റീട്ടെയ്ല്‍, ഫിനാന്‍സ്, ടെക്നോളജി, ടെലികമ്മ്യൂണിക്കേഷന്‍സ് മേഖലകളിലായി 250,000 തൊഴിലുകള്‍ സൃഷ്ടിച്ച് യുഎഇ

ദുബായ്: റീട്ടെയ്ല്‍, ഫിനാന്‍സ്, ടെക്നോളജി, ടെലികമ്മ്യൂണിക്കേഷന്‍സ് മേഖലകളിലായി കഴിഞ്ഞ വര്‍ഷം യുഎഇ 250,000 തൊഴിലുകള്‍ സൃഷ്ടിച്ചു. കോവിഡ്-19 പകര്‍ച്ചവ്യാധി മൂലം ആഗോള വ്യാപാരവും തൊഴില്‍ വിപണിയും വലിയ രീതിയിലുള്ള തകര്‍ച്ച നേരിട്ടപ്പോഴാണ് യുഎഇയുടെ ഈ നേട്ടം. റീട്ടെയ്ല്‍, ഇ-കൊമേഴ്സ് മേഖലകളിലായി 100,000 തൊഴിലുകളും ഫിനാന്‍സ്, ടെക്നോളജി, ടെലികമ്മ്യൂണിക്കേഷന്‍സ് മേഖലകളിലായി 148,000 ജോലികളുമാണ് കഴിഞ്ഞ വര്‍ഷം രാജ്യത്ത് സൃഷ്ടിക്കപ്പെട്ടതെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തു.   

ആഗോള സമ്പദ് വ്യവസ്ഥ 3.3 ശതമാനം ചുരുങ്ങിയപ്പോഴാണ് യുഎഇയിലെ തൊഴില്‍ വിപണി ഇത്തരമൊരു നേട്ടം കൈവരിച്ചിരിക്കുന്നത്. കോവിഡ്-19 പകര്‍ച്ചവ്യാധി മൂലം വ്യാപാരം തടസ്സപ്പെടുത്തുകയും യാത്രാ മേഖലയെ നിശ്ചലമാക്കുകയും രാജ്യങ്ങള്‍ക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടതായും വന്നതോടെ തൊഴിലില്ലായ്മയും ദാരിദ്രവും പെരുകി ലോകം സമീപകാലത്തെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങിയിരുന്നു. എന്നാല്‍ പകര്‍ച്ചവ്യാധി മൂലമുള്ള മാന്ദ്യത്തോട് വളരെ പെട്ടന്ന് പ്രതികരിക്കാന്‍ യുഎഇക്കായി. മാന്ദ്യത്തിന്റെ ആഘാതത്തില്‍ നിന്നും ബിസിനസുകള്‍ക്കും നിവാസികള്‍ക്കും സംരക്ഷണമേകുന്നതിനുള്ള ഉത്തേജന പദ്ധതികള്‍ യുഎഇ അവതരിപ്പിച്ചു. പകര്‍ച്ചവ്യാധി ആരംഭിച്ചതിന് ശേഷം 388 ബില്യണ്‍ ദിര്‍ഹത്തിന്റെ സാമ്പത്തിക സഹായ പദ്ധതികളാണ് യുഎഇ പ്രഖ്യാപിച്ചത്.   

ലോക്ക്ഡൗണിന് ശേഷം അന്താരാഷ്ട്ര യാത്രികര്‍ക്കായി അതിര്‍ത്തികള്‍ തുറന്ന് കൊടുത്ത ആദ്യ നഗരങ്ങളില്‍ ഒന്നായിരുന്നു ദുബായ്. ഇത് ഹോസ്പിറ്റാലിറ്റി, റീട്ടെയ്ല്‍ മേഖലകള്‍ക്ക് ഉണര്‍വ്വേകി. ഉപഭോക്താക്കളുമായി നേരിട്ടുള്ള കച്ചവടങ്ങള്‍ കുറഞ്ഞെങ്കിലും ഇ-കൊമേഴ്സ് വ്യാപാര അസാധാരണ വളര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷം കൈവരിച്ചത്. ഓണ്‍ലൈന്‍ ഷോപ്പുകളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം 21 ശതമാനം വളര്‍ച്ചയുണ്ടായി. ടെലിഹെല്‍ത്ത്, റിമോട്ട് വര്‍ക്കിംഗ്, ഓണ്‍ലൈന്‍ ലേണിംഗ് എന്നിവയ്ക്കായുള്ള കൂടുതല്‍ കണ്ടുപിടിത്തങ്ങള്‍ക്ക് സാധ്യത വര്‍ധിച്ചതോടെ ടെക്നോളജി രംഗവും കഴിഞ്ഞ വര്‍ഷം കൂടുതല്‍ നിക്ഷേപങ്ങള്‍ സ്വന്തമാക്കി.

Author

Related Articles