News

ഇന്ധനവില കുതിച്ചുയരുമ്പോള്‍ നിരക്ക് വര്‍ധിപ്പിച്ച് ഊബര്‍, ഒല ടാക്സികള്‍

രാജ്യത്ത് പല നഗരങ്ങളിലും ഇന്ധനവില 100 രൂപ കടന്നതിനാല്‍, യുഎസ് ആസ്ഥാനമായുള്ള റൈഡ്-ഹെയ്‌ലിംഗ് കമ്പനിയായ ഊബര്‍ ടാക്സി യാത്രാ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി. ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഡല്‍ഹി-എന്‍സിആര്‍, കൊല്‍ക്കത്ത, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ നിരക്കുകളാണ് ഔദ്യോഗികമായി വര്‍ധിപ്പിച്ചിട്ടുള്ളതെങ്കിലും കേരളത്തില്‍ കൊച്ചിയിലെ നിരക്കുകളിലും വര്‍ധനവ് ദൃശ്യമാണ്.

ഊബര്‍, ഒല ടാക്സി ക്യാബുകള്‍ക്കു പുറമെ ഊബര്‍, ഒല ഓണ്‍ലൈന്‍ ഓട്ടോ ടാക്സികള്‍ക്കും നിരക്കുകള്‍ ബാധകമാണ്. എന്നാല്‍ ഇവയുടെ നിരക്കുകള്‍ സംസ്ഥാന തലത്തിലാണ് നിശ്ചയിക്കപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇന്നലെ മുതല്‍ സംസ്ഥാനത്തെ ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് 30 രൂപ വരെ വര്‍ധനവുള്ളതായി ആപ്പിലെ നിരക്കുകള്‍ സൂചിപ്പിക്കുന്നു.

ഇന്ധന വിലക്കയറ്റം ഏറ്റവുമധികം ബാധിച്ചിട്ടുള്ളത് ഡല്‍ഹിയിലും മുംബൈയിലാണ്. മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 120.51 രൂപയായപ്പോള്‍ ഡീസല്‍ വില ലിറ്ററിന് 104 രൂപയിലെത്തി. ഡല്‍ഹിയില്‍ പെട്രോളിന് 105 രൂപയും ഡീസല്‍ വില ഏപ്രില്‍ 12 വരെ 96 രൂപയുമാണ്. കൊല്‍ക്കത്തയില്‍ പെട്രോളിന് 115.12 രൂപയും ഡീസലിന് ലിറ്ററിന് 99.83 രൂപയുമാണ്.

Author

Related Articles