ഇന്ത്യയിലെ ഊബര്‍ ഡ്രൈവര്‍മാര്‍ ദുരിതത്തില്‍; യുകെ കോടതി വിധി രക്ഷയ്ക്കെത്തുമോ?
ഊബര്‍ ഡ്രൈവര്‍മാരെ എല്ലാ ആനുകൂല്യവമുള്ള തൊഴിലാളികളായി അംഗീകരിക്കണമെന്ന യു കെ സുപ്രീം കോടതിയുടെ വിധിയുടെ പ്രതിചലനങ്ങള്‍ ഇന്ത്യയടക്കം ഊബറിന്റെ സാന്നിധ്യമുള്ള രാജ്യങ്ങളില്‍ ശക്തമായി. കേരളത്തില്‍ ഊബര്‍, ഒല ഡ്രൈവര്‍മാരെ തൊഴിലാളികളായി അംഗീകരിച്ച് ആനുകൂല്യങ്ങള്‍ ഉറപ്പാക്കണമൈന്ന ആവശ്യം ലേബര്‍ കോടതിയുടെ പരിഗണിയിലിരിക്കുകയാണ്. ഡല്‍ഹി ഹൈക്കോടതിയിലും ഊബര്‍ ഡ്രൈവര്‍മാരുടെ പരാതി പരിഗണനയിലുണ്ട്. കേന്ദ്ര ഗവണ്മെന്റിന് മുന്നിലും ഊബര്‍ ഡ്രൈവര്‍മാരുടെ ആവശ്യം പരിഗണിക്കുന്നു.
യു കെ കോടതി വിധി വന്നതിന് പിന്നാലെ മുംബൈയില്‍ ഊബര്‍, ഒലഡ്രൈവര്മാര് നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് ഒരാഴ്ചയായി സമരരംഗത്താണ്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും യു കെ കോടതി വിധിയെ തുടര്‍ന്ന് ഡ്രൈവര്‍മാര്‍ തൊഴില്‍ സ്ഥിരത ആവശ്യപ്പെട്ട് രംഗത്തുവന്നു കഴിഞ്ഞു. ആപ്പ് അധിഷ്ഠിത ടാക്സി പ്ലാറ്റ്ഫോമുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഡ്രൈവര്‍മാരുടെ പ്രശ്നങ്ങള്‍ ആദ്യമായി പൊതുശ്രദ്ധയില്‍ വന്നത് കേരളത്തിലാണ്. 2016ല്‍ ഊബര്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ മികച്ച പ്രതിഫലം ഡ്രൈവര്‍മാര്‍ക്ക് ലഭിച്ചിരുന്നുവെങ്കില്‍ ഊബര്‍, ഒല ഡ്രൈവര്‍മാര്‍ പെരുകിയതോടെ പ്രതിഫലം കുത്തനെ കുറഞ്ഞു.
യു കെ കോടതിയുടെ വിധിയെ തുടര്‍ന്ന് ഡ്രൈവര്‍മാര്‍ ആവേശത്തിലാണ്. എന്നാല്‍ സര്‍ക്കാരിന് ഇക്കാര്യത്തിന് സ്വന്തം നിലയില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന് പ്രതികരിച്ചത്. എന്നാല്‍ വിഷയം കോടതിയില്‍ വന്നാല്‍ ഡ്രൈവര്‍മാര്‍ക്ക് അനുകൂലമായ നിലപാട് എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തില്‍ ലേബര്‍ കോടതിയുടെ ഉത്തരവ് വരാനിരിക്കെയാണ് യു കെ സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ് വന്നിരിക്കുന്നത്. ഇത് ലേബര്‍ കോടതിയുടെ തീരുമാനത്തെ സ്വാധീനിക്കുമെന്ന് കരുതപ്പെടുന്നു.
യു കെ കോടതി വിധി വന്നതിന് പിന്നാലെ ഓസ്ട്രേലിയന്‍ ഭരണകൂടം ഊബറിന് കടിഞ്ഞാണിടണമെന്ന ആവശ്യവുമായി ഓസ്ട്രേലിയയിലെ ട്രാന്‍സ്പോര്‍ട് വര്‍ക്കേഴ്സ് യൂണിയന് രംഗത്തുവന്നു. ഊബറിന് ഉടന്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന് യൂണിയന് സെക്രട്ടറി മൈക്കേല്‍ കെയ്ന്‍ ആവശ്യപ്പെട്ടു. ഊബര്‍ അവരുടെ വ്യവസ്ഥകള്‍ ഡ്രൈവര്‍മാര്‍ക്ക് മേല്‍ അടിച്ചേല്പിക്കുന്നത് അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയന്‍ സര്‍ക്കാരുമായി സഹകരിച്ച് ആവശ്യമായ പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ തയ്യാറാമെന്ന് ഊബര്‍ ഓസ്ട്രേലിയയുടെ വക്താവ് പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് യു കെ കോടതി ഉത്തരവില്‍ പറയുന്നതു പോലെ ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഊബര്‍ ഡ്രൈവര്‍മാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള രാജ്യമാണ് യു കെ. ഓസ്ട്രേലിയയുമായി അതിന് താരതമ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യു കെ സുപ്രീം കോടതി വിധി അംഗീകരിക്കുമെന്നും മിനിമം വേതനം, പെന്ഷന് തുടങ്ങിയ ആനൂകൂല്യങ്ങള്‍ ബ്രിട്ടനിലെമ്പാടുമുള്ള 70,000 ഊബര്‍ ഡ്രൈവര്‍മാര്‍ക്ക് ലഭ്യമാക്കുമെന്നും ഊബര്‍ മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ സമാനമായ ആവശ്യം ഉയര്‍ന്നുവരുന്നത് കമ്പനിക്ക് ഭാവിയില്‍ തലവേദനയാകും. മറ്റ് ഓണ്‍ലൈന്‍ ടാക്സി പ്ലാറ്റ്ഫോമുകളുടെ ഡ്രൈവര്‍മാരും ഊബറിന്റെ വഴിയേ തൊഴില്‍ സ്ഥിരതക്കായി നിയമയുദ്ധം ആരംഭിക്കാനൊരുങ്ങുന്നുണ്ട്. എന്തായാലും യു കെ കോടതിയുടെ വിധിയെ തുടര്‍ന്ന് വിവിധ ലോകരാജ്യങ്ങളില്‍ ഉരുത്തിരിയുന്ന സാഹചര്യം, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് മുഖേനയുള്ള താല്‍ക്കാലിക തൊഴില്‍ ദാതാക്കളും ഫ്രീലാന്‍സ് ജോലി നല്കുന്ന സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന ഗിഗ് എക്കോണമിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍