News

ഉദയ് കോട്ടക് കോട്ടക് മഹീന്ദ്ര ബാങ്കിലെ 5.6 കോടി ഓഹരികള്‍ വില്‍ക്കുന്നു

കോട്ടക് മഹീന്ദ്ര ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ഉദയ് കോട്ടക്, ബാങ്കിലെ 2.83 ശതമാനം ഓഹരികള്‍ വിറ്റഴിക്കുന്നു. 6,800-6,900 കോടി രൂപ മതിക്കുന്ന 5.6 കോടി ഓഹരികളാണ് വില്‍ക്കുന്നത്. പ്രൈവറ്റ് പ്ലേസ്മെന്റിലൂടെയായിരിക്കും ഓഹരി വിറ്റൊഴിയലെന്നാണു സൂചന.

ഇതോടെ, ഉദയ് കോട്ടകിന്റെ ഓഹരി പങ്കാളിത്തം 26.1 ശതമാനമായി താഴും. ബാങ്കിന്റെ പ്രമോട്ടറുടെ ഓഹരി പങ്കാളിത്തം ആറു മാസത്തിനകം 26 ശതമാനത്തിലേക്ക് കുറയ്ക്കണമെന്ന റിസര്‍വ് ബാങ്കിന്റെ നിര്‍ദേശ പ്രകാരമാണ് ഓഹരി വിറ്റൊഴിയല്‍. രാജ്യത്ത് സ്വകാര്യ മേഖലയില്‍ അഞ്ചാം സ്ഥാനമാണ് കോട്ടക് മഹീന്ദ്ര ബാങ്കിനുള്ളത്.

ഓഹരി വില്‍പ്പനയ്ക്കുള്ള പ്രൈസ് ബാന്‍ഡ് 1,215 രൂപ മുതല്‍ 1,240 രൂപ വരെ നിശ്ചയിച്ചിട്ടുണ്ട്. പ്രൈസ് ബാന്‍ഡില്‍ 6,804 കോടി രൂപ മുതല്‍ 6,944 കോടി രൂപ വരെ വില്‍പ്പനയ്ക്ക് ലഭിക്കുമെന്ന് ടേം ഷീറ്റ് അറിയിച്ചു. എന്‍എസ്ഇയില്‍ കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരികളുടെ തിങ്കളാഴ്ചത്തെ ക്ലോസിംഗ് വിലയ്ക്ക് 0.7 ശതമാനം കിഴിവാണ് ഓഫര്‍ വില. ലോവര്‍ എന്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2.7 ശതമാനമാണ് കിഴിവ്.

Author

Related Articles