News

ഇന്ത്യയിലെ ആദ്യത്തെ ക്രിപ്റ്റോകറന്‍സി ആപ്പ് പുറത്തിറക്കി

ക്രിപ്റ്റോകറന്‍സി ആപ്പ് ക്രിപ്റ്റോവയര്‍ ഇന്ത്യയില്‍ ഐസി15 ഇന്‍ഡക്സ് പുറത്തിറക്കി. ലോകത്തെ ഏറ്റവും കൂടുതല്‍ ട്രേഡ് ചെയ്യപ്പെടുന്ന 15 ക്രിപ്റ്റോകറന്‍സികളുടെ പ്രകടനം നിരീക്ഷിക്കുന്ന ഇന്‍ഡക്‌സ് ആണ് ഇത്. ക്രിപ്റ്റോ സ്ഥിതിവിവരക്കണക്ക് ദാതാവായ ടിക്കര്‍പ്ലാന്റിന്റെ ഒരു പ്രത്യേക ബിസിനസ് യൂണിറ്റാണ് (എസ്ബിയു) ക്രിപ്റ്റോവയര്‍. ക്രിപ്റ്റോ, ബ്ലോക്ക്ചെയിന്‍ ഇക്കോ സിസ്റ്റത്തേക്കുറിച്ച് അവബോധവും അറിവും വര്‍ദ്ധിപ്പിക്കാനും നിക്ഷേപകര്‍ക്കിടയില്‍ 'സമ്പാദിക്കുന്നതിന് മുമ്പ് പഠിക്കുക' എന്ന ആശയം വര്‍ദ്ധിപ്പിക്കാനും ഉദ്ദേശിച്ചുള്ളതാണ് ഐസി15 ഇന്‍ഡക്സ് അവതരിപ്പിച്ചത് എന്നാണ് കമ്പനി പ്രസ്താവിച്ചിരിക്കുന്നത്.

ഐസി15 ഇന്‍ഡക്സിന്റെ ഭരണ സമിതിയില്‍ ഡൊമെയ്ന്‍ വിദഗ്ധര്‍, വ്യവസായ പ്രാക്ടീഷണര്‍മാര്‍, കൂടാതെ അക്കാദമിക് വിദഗ്ധര്‍ എന്നിവരും ഉള്‍പ്പെടുന്നു. ഓരോ പാദത്തിലും അവര്‍ സൂചിക റീബാലന്‍സ് ചെയ്യുമ്പോള്‍ അത് പരിപാലിക്കുകയും നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യും. ഈ ലിസ്റ്റില്‍ ഇടം നേടുന്നതിന് , അവലോകന കാലയളവില്‍ കുറഞ്ഞത് 90 ശതമാനം ട്രേഡിംഗ് ദിവസങ്ങളിലും ഒരു ക്രിപ്റ്റോകറന്‍സി ട്രേഡ് ചെയ്യേണ്ടതുണ്ട്, കൂടാതെ മറ്റ് മാനദണ്ഡങ്ങള്‍ക്കൊപ്പം മുന്‍ മാസത്തെ പ്രചാരത്തിലുള്ള മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്റെ അടിസ്ഥാനത്തില്‍ അത് മികച്ച 50-ല്‍ ആയിരിക്കണം.

ജനുവരി 1, 2022 ലെ കണക്കുപ്രകാരം ബിറ്റ്‌കോയിന്‍, എഥീറിയം, ബിനാന്‍സ് കോയിന്‍, സൊലാന എന്നിവയാണ് സൂചികയില്‍ ഏറ്റവും മുകളില്‍ ഉള്ള 4 ക്രിപ്‌റ്റോ കറന്‍സികള്‍. വാച്ചര്‍ ഗുരു, ബ്രോക്കര്‍ചൂസ് തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നുള്ള നിരവധി പഠനങ്ങള്‍ ലോകത്ത് ഏറ്റവുമധികം ക്രിപ്റ്റോ നിക്ഷേപകരുള്ള രാജ്യമാണ് ഇന്ത്യയെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ക്രിപ്റ്റോ മേഖലയെ ചുറ്റിപ്പറ്റിയുള്ള നിയന്ത്രണ നിയമങ്ങള്‍ രാജ്യം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ശീതകാല സമ്മേളനത്തില്‍ പാര്‍ലമെന്റിന്റെ മേശയില്‍ എത്തുമെന്ന് കരുതിയിരുന്ന ക്രിപ്റ്റോ ബില്‍ ഈ മാസം ആദ്യം മന്ത്രിസഭയുടെ അംഗീകാരത്തിനായി അയച്ചിരുന്നു. അതിനുശേഷം ബില്ലിനെക്കുറിച്ച് ഔദ്യോഗികമായ ഒരു പ്രഖ്യാപിച്ചിട്ടില്ല. എല്ലാ സ്വകാര്യ ക്രിപ്റ്റോകറന്‍സികളും രാജ്യത്ത് പ്രവര്‍ത്തിക്കുന്നത് നിരോധിക്കണമെന്ന് ബില്‍ ആവശ്യപ്പെടുന്നു, അതേസമയം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഒരു കേന്ദ്രീകൃത ദേശീയ ഡിജിറ്റല്‍ കറന്‍സി കൊണ്ടുവരാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്.

Author

Related Articles