News

കൊവിഡ് ദുരിതം തുടരുന്നു; തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ജൂലൈ 25ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 7.14 ശതമാനമാണ്. ജൂലൈ 18ന് അവസാനിച്ച ആഴ്ചയില്‍ ഇത് 5.98 ശതമാനമായിരുന്നു. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കോണമി ആണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് ഒരാഴ്ച മുമ്പ് 7.94 ശതമാനമായിരുന്നു. എന്നാല്‍ ഈ ആഴ്ച ഇത് 8.01 ശതമാനമായി ഉയര്‍ന്നു; ഗ്രാമീണ മേഖലയിലും വര്‍ധന് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലെ 5.1 ശതമാനത്തില്‍ നിന്ന് തൊഴിലില്ലായ്മ 6.75 ശതമാനമായാണ് ഉയര്‍ന്നത്.

നേരത്തേ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും ഉയര്‍ന്നത് മെയ് 23 ന് അവസാന ആഴ്ചയിലായിരുന്നു. അന്ന് 14.73 ശതമാനമായിരുന്നു നിരക്ക്. കൊവിഡ് ഭീതിയും തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നടപടികളിലും ഇളവ് വരുത്തിയതോടെ വീണ്ടും തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞിരുന്നുവെങ്കിലും വീണ്ടും ഇത് വര്‍ധിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം മെയില്‍ ഉണ്ടായിരുന്ന നിരക്ക് (11.9%) ജൂണ്‍ മാസത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുമ്ട്. ജൂണ്‍ മാസത്തില്‍ ഇത് 9.17 ശതമാനം ആണ്.

അതേസമയം ഇന്ത്യയുടെ തൊഴിലില്ലായ്മാ നിരക്ക് 2019-20ല്‍ 4.8 ശതമാനവും 2018-19 ല്‍ 5.8 ശതമാനവും 2017-18 ല്‍ 6 ശതമാനവുമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് വര്‍ദ്ധിച്ചിട്ടുണ്ടോയെന്ന ലോക്സഭയിലെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് തൊഴില്‍ സഹമന്ത്രി രമേശ്വര്‍ തെലി മറുപടി നല്‍കിയത്. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Author

Related Articles