News

5ജി സ്‌പെക്ട്രം ലേലം ഈ സാമ്പത്തിക വര്‍ഷം തന്നെ; ഒരു രാജ്യം, ഒരു രജിസ്ട്രേഷന്‍ പദ്ധതി നടപ്പിലാക്കും

ന്യൂഡല്‍ഹി: ഭൂമി കൈമാറ്റത്തിന് ഒരു രാജ്യം, ഒരു രജിസ്ട്രേഷന്‍ പദ്ധതി നടപ്പിലാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. പ്രത്യേക സാമ്പത്തിക മേഖല(സെസ്) നിയമത്തില്‍ സംസ്ഥാനങ്ങളെ കൂടി പങ്കാളികളാക്കാന്‍ കഴിയുന്നവിധം പുതിയ നിയമനിര്‍മാണം നടത്തുമെന്നും കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

പ്രതിരോധ മേഖലയിലെ ഇറക്കുമതി കുറയ്ക്കും. പ്രതിരോധ രംഗത്തെ ഗവേഷണത്തിന് സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ മന്ത്രി വ്യക്തമാക്കി. 44605 കോടി രൂപയുടെ കേന്‍ ബേത്വ ലിങ്കിങ് പ്രൊജക്ടും ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതിലൂടെ 9 ലക്ഷം ഹെക്ടര്‍ കൃഷിഭൂമിക്ക് ജലസേചന സൗകര്യം ലഭിക്കും. 62 ലക്ഷം ജനങ്ങള്‍ക്ക് കുടി വെള്ളം ലഭ്യമാക്കുമെന്നും പദ്ധതിക്കായി 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 1400 കോടി വകയിരുത്തിയതായും മന്ത്രി പ്രഖ്യാപിച്ചു.

5ജി സ്‌പെക്ട്രം ലേലം ഈ സാമ്പത്തിക വര്‍ഷം തന്നെയുണ്ടാകുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. 5ജി സാങ്കേതിക വിദ്യ കൂടുതല്‍ ജോലി സാധ്യതകള്‍ തുറക്കുമെന്നാണ് ധനമന്ത്രി ബജറ്റില്‍ പ്രതീക്ഷ പ്രകടിപ്പിച്ചത്. 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ 5ജി സേവനങ്ങള്‍ സ്വകാര്യ   ടെലികോം ഓപ്പറേറ്റര്‍മാര്‍ നല്‍കിത്തുടങ്ങുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.

5ജിക്കൊപ്പം ഗ്രാമീണ മേഖലയില്‍ മികച്ച ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികളും ഉണ്ടാകുമെന്നാണ് പ്രഖ്യാപനം. ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് നഗരമേഖലയിലുള്ളത് പോലെ തന്നെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാവണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. ഇതിനായി നടപടികള്‍ സ്വീകരിക്കു. ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖല മെച്ചപ്പെടുത്താനും കൂടുതല്‍ വിപുലപ്പെടുത്താനും നടപടികളുണ്ടാകുമെന്നാണ് പ്രഖ്യാപനം. 2025ഓടെ മുഴുവന്‍ ഗ്രാമങ്ങളെയും ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖല വഴി ബന്ധിപ്പിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം.

Author

Related Articles