News

കേന്ദ്ര ബജറ്റ്: ജനങ്ങളെ ഇന്‍ഷുറന്‍സ് രംഗത്തേക്ക് ആകര്‍ഷിക്കാനുള്ള പ്രഖ്യാപനങ്ങള്‍ വേണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: വ്യക്തികളെ ഇന്‍ഷുറന്‍സ് രംഗത്തേക്ക് ആകര്‍ഷിക്കാനുള്ള പ്രഖ്യാപനങ്ങള്‍ കേന്ദ്ര ബജറ്റ് 2022ല്‍ വേണമെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍. മഹാമാരിയുണ്ടാക്കിയ അനിശ്ചിതത്വം ജീവിതത്തെ വിറങ്ങലിപ്പിച്ച് നിര്‍ത്തിയ സാഹചര്യത്തില്‍ കൂടുതല്‍ പേരെ ഇന്‍ഷുറന്‍സ് രംഗത്തേക്ക് ആകര്‍ഷിക്കാനാണ് കമ്പനികള്‍ താത്പര്യപ്പെടുന്നത്.

ആരോഗ്യ പരിരക്ഷയുള്ളവര്‍ക്ക് നിലവില്‍ ആദായ നികുതിയില്‍ പരമാവധി 25,000 രൂപയാണ് ഇളവ് ലഭിക്കുന്നത്. ഇത് 1.5 ലക്ഷമായി വര്‍ധിപ്പിക്കണമെന്നാണ് ഫ്യൂചര്‍ ജനറലി ഇന്ത്യ ഇന്‍ഷുറന്‍സ് സിഇഒ അനൂപ് റാവു കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ആദായ നികുതി ഇളവിനുള്ള നിക്ഷേപങ്ങളുടെ കൂടെ ആരോഗ്യ ഇന്‍ഷുറന്‍സിനെ ബന്ധിപ്പിക്കരുതെന്നാണ് എഡല്‍വെയ്‌സ് ടോക്യോ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെ പ്രത്യേക വിഭാഗമായി പരിഗണിക്കണമെന്നും അത് കൂടുതല്‍ പേരെ ഇന്‍ഷുറന്‍സ് രംഗത്തേക്ക് എത്തിക്കുമെന്നുമാണ് കമ്പനി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

അതേസമയം പ്രകൃതി ദുരന്തങ്ങളും മറ്റും ആവര്‍ത്തിച്ചുണ്ടാകുന്ന സാഹചര്യത്തില്‍ വ്യക്തിഗത അപകട ഇന്‍ഷുറന്‍സും വീടുകള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയും കൂടി ആദായ നികുതി ഇളവുകളുടെ കൂടെ ഉള്‍പ്പെടുത്തണമെന്ന മറ്റൊരു ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. സ്ത്രീകളെ ഇന്‍ഷുറന്‍സ് രംഗത്തേക്ക് ആകര്‍ഷിക്കാന്‍ ഉതകുന്ന പ്രഖ്യാപനം വേണമെന്നും ആവശ്യങ്ങളുണ്ട്. നിലവില്‍ ഇന്‍ഷുറന്‍സ് വിപണിയുടെ മൂന്നിലൊന്ന് മാത്രമാണ് സ്ത്രീ ഉപഭോക്താക്കളുള്ളത്.

News Desk
Author

Related Articles