News

കേന്ദ്ര ബജറ്റ് ഇന്ന്; ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരണത്തിനൊരുങ്ങുന്നു

2021-22 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. കൊറോണ വൈറസ് മഹാമാരിയ്ക്കിടയിലാണ് ഈ ബജറ്റ് കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നത്. കൊറോണ മഹാമാരി ഇന്ത്യയില്‍ മാത്രമല്ല പല വന്‍ സാമ്പത്തിക ശക്തികളുടെ പോലും തകര്‍ച്ചയ്ക്ക് കാരണമായി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിനുശേഷം രാജ്യം ശക്തമായ സാമ്പത്തിക വീണ്ടെടുക്കലിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും, ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്.

സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ ഇത് സഹായിക്കുമെന്ന പ്രതീക്ഷയോടെയാണ് ഈ ബജറ്റിലേക്ക് എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത്. കഴിഞ്ഞ ബജറ്റിന് ശേഷം ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ വലുപ്പം 2.24 ലക്ഷം കോടി രൂപയില്‍ നിന്ന് 1.94 ലക്ഷം കോടി രൂപയായി കുറഞ്ഞു. മഹാമാരിയുടെ പ്രതികൂല പ്രത്യാഘാതത്തെ നേരിടാന്‍ വരുമാന വളര്‍ച്ചയും ഉയര്‍ന്ന ചെലവും തടസ്സമാകുമോയെന്നാണ് കണ്ടറിയേണ്ടത്.

ലോക്ക്ഡൗണ്‍ സമയത്തെ തൊഴില്‍ നഷ്ടം കണക്കിലെടുക്കുമ്പോള്‍, തൊഴില്‍ സൃഷ്ടിക്കല്‍ ബജറ്റിന്റെ പ്രധാന പോയിന്റുകളില്‍ ഒന്നായിരിക്കും. ഉയര്‍ന്ന പൊതുചെലവ്, അടിസ്ഥാന സൗകര്യ, ഉല്‍പാദന മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നിവയാണ് ബജറ്റില്‍ സീതാരാമന്‍ ശ്രദ്ധ പതിപ്പിക്കേണ്ട മൂന്ന് പ്രധാന മേഖലകളെന്ന് വിവിധ സാമ്പത്തിക നിരീക്ഷകര്‍ വ്യക്തമാക്കി.

ആരോഗ്യ സംരക്ഷണം, കൃഷി, ഗ്രാമീണ സമ്പദ്വ്യവസ്ഥ, എംഎസ്എംഇ, വായ്പാ വളര്‍ച്ച തുടങ്ങിയ കൊവിഡ് -19നെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ മേഖലകളിലായിരിക്കും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. ധനപരമായ ഏകീകരണ പാത, വായ്പയെടുക്കല്‍ പദ്ധതി, കയറ്റുമതിക്കുള്ള ആനുകൂല്യങ്ങള്‍, വാക്‌സിനുകള്‍ക്കായി ഇന്ത്യ ചെലവഴിക്കുന്നത് എന്നിവ ശ്രദ്ധിക്കേണ്ട മറ്റ് പ്രധാന കാര്യങ്ങളാണെന്ന് നിരീക്ഷകര്‍ പറയുന്നു.

Author

Related Articles