News

75 വയസ്സ് പിന്നിട്ടവര്‍ക്ക് ഇനി മുതല്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട; ബജറ്റ് പ്രഖ്യാപനമിങ്ങനെ

ന്യൂഡല്‍ഹി: 75 വയസ്സ് പിന്നിട്ട മുതിര്‍ന്ന പൗരന്‍മാര്‍ക്ക്, പെന്‍ഷന്‍, പലിശ വരുമാനങ്ങള്‍ മാത്രമേയുള്ളൂവെങ്കില്‍ ഇനി മുതല്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതില്ല. മറ്റ് വരുമാനമുണ്ടെങ്കില്‍ ആ വരുമാനത്തിന് മാത്രം റിട്ടേണ്‍ സമര്‍പ്പിക്കണം. അതേസമയം, രാജ്യത്തെ ആദായനികുതി നിരക്കുകളില്‍ മാറ്റമില്ല. ഇളവുകളും പ്രഖ്യാപിച്ചിട്ടില്ല.

നികുതി സമ്പ്രദായം കൂടുതല്‍ സുതാര്യമാക്കുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി, കൂടുതല്‍ തൊഴിലവസരങ്ങളും ഉറച്ച സാമ്പത്തിക സംവിധാനവും ഒരുക്കാന്‍ അതിന്റെ അധികഭാരം നികുതിദാതാക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കില്ലെന്നും പറഞ്ഞു. നികുതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകസമിതി രൂപീകരിക്കുമെന്നും വ്യക്തമാക്കി. പഴയ കേസുകള്‍ പരിശോധിക്കാനുള്ള കാലയളവിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

മധ്യവര്‍ഗകുടുംബങ്ങള്‍ക്ക് ഇത്തവണ നികുതിനിരക്കുകളില്‍ വലിയ ആശ്വാസമില്ല എന്നതാണ് ഏറ്റവും നിരാശയുണ്ടാക്കുന്ന കാര്യം. അത്തരത്തില്‍ ഇളവ് നല്‍കിയിരുന്നെങ്കില്‍ കൂടുതല്‍ ആളുകള്‍ പണം വിപണിയില്‍ ചെലവഴിച്ചേനെയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ വിപണിയിലുണ്ടായിരുന്നു. എന്നാല്‍ അത്തരം യാതൊരു ഘടനാപരമായ മാറ്റങ്ങളും ഈ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. 30 ലക്ഷം രൂപയില്‍ താഴെയുള്ള വീടുകള്‍ക്ക് നേരത്തേയുണ്ടായിരുന്ന നികുതിയിളവ് തുടരുമെന്ന നേരത്തേയുള്ള പ്രഖ്യാപനം നിര്‍ത്തലാക്കില്ലെന്നും തുടരും.

എന്നാല്‍ ഇന്ധനവില ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ അത്തരത്തില്‍ എന്തെങ്കിലും ഇടപെടലുണ്ടാകുമെന്ന സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും അതും ഉണ്ടായില്ല. ഇന്ധനവില ഉയരുമ്പോള്‍ സംസ്ഥാനങ്ങള്‍ നികുതി കുറക്കുകയല്ല കേന്ദ്രം ഇളവ് കൊണ്ടുവരണമെന്നതാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നത്. അത്തരം ഇടപെടലുണ്ടായില്ല എന്നതും മധ്യവര്‍ഗത്തിന് നിരാശയാണ്. സ്വര്‍ണത്തിന്റെ എക്‌സൈസ് തീരുവ കുറച്ചത് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില കുറച്ചേക്കും. കൊവിഡ് സെസ് എന്ന അധികഭാരം അടിച്ചേല്‍പ്പിച്ചില്ല എന്നത് ആശ്വാസമായി എന്നുമാത്രം.

Author

Related Articles