News

ആകാശ് മിസൈലിന്റെ കയറ്റുമതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം; 5 ബില്യണ്‍ ഡോളര്‍ ലക്ഷ്യം

ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാനമായ ആകാശ് മിസൈലിന്റെ കയറ്റുമതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. 25 കിലോമീറ്റര്‍ ദൂരപരിധിയില്‍ കരയില്‍ നിന്നും അകത്തേക്ക് വിക്ഷേപിക്കാന്‍ കഴിയുന്ന ആകാശ് മിസൈലിന്റെ കയറ്റുമതിക്കാണ് ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. 96% തദ്ദേശീയമായി നിര്‍മ്മിച്ചതാണ് ആകാശ് മിസൈല്‍. പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന 5 ബില്യണ്‍ ഡോളര്‍ എന്ന ലക്ഷ്യം കൈവരിക്കുന്നതിനും, സൗഹൃദ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിനുമാണ് ഇതിലൂടെ കേന്ദ്ര ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്.

ഇന്ത്യന്‍ സൈന്യം വിന്യസിച്ചിരിക്കുന്ന മിസൈലുകളില്‍ നിന്നു വ്യത്യസ്തമായ മിസൈലുകളാണ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് രാജ്നാഥ് സിംഗ് അറിയിച്ചു.ആകാശ് മിസൈല്‍ പ്രവര്‍ത്തനസജ്ജമായതിന് ശേഷം അന്താരാഷ്ട്ര പ്രദര്‍ശനങ്ങള്‍, ഏറോ ഇന്ത്യ, പ്രതിരോധ പ്രദര്‍ശനങ്ങള്‍ എന്നിവയില്‍ നിരവധി സൗഹൃദ രാജ്യങ്ങള്‍ മിസൈല്‍ വാങ്ങുന്നതിന് താല്പര്യം പ്രകടിപ്പിച്ചിരുന്നു. വിവിധ രാജ്യങ്ങള്‍ സമര്‍പ്പിക്കുന്ന ക്വട്ടേഷനുകളില്‍ പങ്കെടുക്കാന്‍, ഈ കേന്ദ്ര തീരുമാനത്തിലൂടെ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്ക് കഴിയും.

ആകാശ് മിസൈലുകളുടെ കയറ്റുമതി ആരംഭിക്കുന്നതിലൂടെ അന്താരാഷ്ട്ര മേഖലയില്‍ ഇന്ത്യയുടെ പ്രതിച്ഛായ വര്‍ദ്ധിക്കുമെന്നും രാജ് നാഥ് സിങ് പറഞ്ഞു. കയറ്റുമതിക്കുള്ള അംഗീകാരം വേഗത്തില്‍ നല്‍കുന്നതിന് രാജ്യരക്ഷാ മന്ത്രി, വിദേശകാര്യമന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവര്‍ അംഗങ്ങളായ സമിതിയും രൂപീകരിച്ചു. തദ്ദേശീയമായി നിര്‍മിച്ച പ്രതിരോധ ഉല്‍പന്നങ്ങളുടെ കയറ്റുമതിക്കുള്ള തുടര്‍നടപടികള്‍ക്ക് ഈ സമിതി അംഗീകാരം നല്‍കും.

Author

Related Articles