News

മാതൃക വാടക നിയമത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം; മുന്‍കൂറായി വാങ്ങാനാകുക 2 മാസത്തെ വാടക മാത്രം

ന്യൂഡല്‍ഹി: മാതൃക വാടക നിയമത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് തിരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള വാടക നിയമങ്ങള്‍ ഉചിതമായ രീതിയില്‍ ഭേദഗതി ചെയ്യുകയോ പുതിയ നിയമനിര്‍മ്മാണം നടത്തുകയോ ചെയ്യാന്‍ സാധിക്കും.

പുതിയ നിമയമപ്രകാരം വാടകക്കാരന്റെ അഡ്വാന്‍സ് സെക്യൂരിറ്റി ഡെപ്പോസിറ്റ് പരമാവധി രണ്ട് മാസത്തെ വാടക മാത്രമേ വാങ്ങാവൂ. മാത്രമല്ല താമസ ആവശ്യത്തിന് അല്ലേങ്കില്‍ 6 മാസത്തെ വാടക മുന്‍കൂറായി വാങ്ങാമെന്നും നിയമത്തില്‍ പറയുന്നു.വാടക കൂട്ടണമെങ്കില്‍ മൂന്ന് മാസം മുന്‍പ് തന്നെ രേഖാ മൂലം അറിയിക്കേണ്ടി വരും.

രാജ്യത്തുടനീളമുള്ള വാടക ഭവനങ്ങളുമായി ബന്ധപ്പെട്ട നിയമപരമായ ചട്ടക്കൂട് മാറ്റാന്‍ നിയമം സഹായിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.രാജ്യത്ത് ഊര്‍ജ്ജസ്വലവും സുസ്ഥിരവും സമഗ്രവുമായ വാടക ഭവന വിപണി സൃഷ്ടിക്കുകയാണ് മാതൃകാ നിയമത്തിന്റെ ലക്ഷ്യം . എല്ലാ വരുമാനക്കാര്‍ക്കും മതിയായ വാടക ഭവനങ്ങളുടെ ശേഖരം സൃഷ്ടിക്കുന്നതിനും അതുവഴി ഭവനരഹിതരുടെ പ്രശ്‌നം പരിഹരിക്കുന്നതിനും ഇത് സഹായിക്കും. ഭവന നിര്‍മ്മാണത്തെ ഔപചാരിക വിപണിയിലേക്ക് ക്രമേണ മാറ്റുന്നതിലൂടെ, വാടകയ്ക്ക് നല്‍കുന്ന സ്ഥാപനങ്ങളെ സ്ഥാപനവല്‍ക്കരിക്കാന്‍ മാതൃകാ കുടിയായ്മ നിയമം സഹായിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

വാടക ഭവന ആവശ്യങ്ങള്‍ക്കായി ഒഴിഞ്ഞ വീടുകള്‍ തുറന്നു കൊടുക്കുന്നതിന് ഈ മാതൃകാ നിയമം സഹായിക്കും. വന്‍തോതിലുള്ള ഭവന ക്ഷാമം പരിഹരിക്കുന്നതിനുള്ള ഒരു ബിസിനസ് മാതൃകയായി വാടക ഭവനങ്ങളില്‍ സ്വകാര്യ പങ്കാളിത്തത്തിന് ഉത്തേജനം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും സര്‍ക്കാര്‍ വ്യക്തമാക്കി.

Author

Related Articles