News

കൊവിഡില്‍ നിന്നും കരകയറി യുണൈറ്റഡ് ബ്ര്യൂവെറീസ്; ആദ്യ പാദത്തില്‍ 31 കോടി രൂപ ലാഭം നേടി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം ഏറ്റവും അധികം ബാധിച്ച മേഖലകളില്‍ ഒന്നാണ് മദ്യവില്‍പന. ഒന്നാം തരംഗത്തിലെ ലോക്ക് ഡൗണില്‍ ഒരുപാട് കാലം മദ്യവില്‍പന നിലക്കുകയും ചെയ്തിരുന്നു. രണ്ടാം തരംഗത്തിലെ പ്രാദേശിക ലോക്ക്ഡൗണുകളും മദ്യവില്‍പനയെ ബാധിച്ചിട്ടുണ്ട്. ബിയര്‍ നിര്‍മാതാക്കളിലെ വമ്പന്‍മാരായ യുണൈറ്റഡ് ബ്ര്യൂവെറീസ് ലിമിറ്റഡ് പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മെച്ചപ്പെട്ട സ്ഥിതിയിലാണുള്ളത്. കിങ്ഫിഷര്‍ ബ്രാന്‍ഡ് ബിയര്‍ നിര്‍മിക്കുന്നത് യുണൈറ്റഡ് ബ്ര്യൂവെറീസ് ആണ്.

2020-2021 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വലിയ നഷ്ടം ആയിരുന്നു യുണൈറ്റഡ് ബ്ര്യൂവെറീസ് നേരിട്ടത്. അന്ന് 114.50 കോടി രൂപയായിരുന്നു മൊത്തനഷ്ടം. ഇത്തവണ എന്തായാലും നഷ്ടത്തില്‍ നിന്ന് ലാഭത്തിലെത്തി എന്നതാണ് കമ്പനിയുടെ ആശ്വാസം. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 30.94 കോടി രൂപയാണ് മൊത്ത ലാഭം.

ഓപ്പറേഷന്‍ മേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ രണ്ടിരട്ടി വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. 2021-2022 വര്‍ഷത്തെ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 2,652.63 കോടി രൂപയാണ് വരുമാനം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വരുമാനം വെറും 1,262.82 കോടി രൂപയായിരുന്നു. ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള ബിയര്‍ ഏതെന്ന് ചോദിച്ചാല്‍ 'കിങ്ഫിഷര്‍' എന്ന് തന്നെ ആയിരിക്കും ഉത്തരം. ബിയര്‍ വില്‍പനയില്‍ നിന്നുള്ള ലാഭവും ഏതാണ്ട് ഇരട്ടിയായിട്ടുണ്ട് പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍- 2,645.75 കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഇത് 1,255.67 കോടി രൂപയായിരുന്നു.

മദ്യവില്‍പനയില്‍ മികച്ച നേട്ടം കൊയ്തപ്പോഴും കമ്പനിയ്ക്ക് നഷ്ടം സംഭവിച്ച ഒരു മേഖലയുണ്ട്. നോണ്‍ ആല്‍ക്കഹോളിക് ബീവറേജുകളുടെ വില്‍പനയില്‍ ആണത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 7.15 കോടി വരുമാനം ഉണ്ടായിരുന്നത് ഇത്തവണ 6.88 കോടി രൂപയാണ്. 3.77 ശതമാനത്തിന്റെ കുറവാണ് വരുമാനത്തില്‍ ഉണ്ടായത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തെ അപേക്ഷിച്ച് മൊത്തചെലവിലും വര്‍ദ്ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 1,416.43 കോടി ആയിരുന്നെങ്കില്‍ ഇത്തവണ അത് 2,616.14 കോടി രൂപയായി. 84.69 ശതമാനം ആണ് ഉയര്‍ന്നത്. എന്തായാലും വിപണി തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ തന്നെയാണ് പ്രകടമാക്കുന്നത് എന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. ഒന്നാം തരംഗത്തിലേത് പോലുള്ള കര്‍ശന ലോക്ക്ഡൗണ്‍ ഇല്ലാതിരുന്നതാണ് ആശ്വാസമായത്. അതേസമയം രോഗബാധ കൂടിയ സമയങ്ങളില്‍ ഉണ്ടായ നിയന്ത്രണങ്ങള്‍ വില്‍പനയെ ബാധിക്കുകയും ചെയ്തിട്ടുണ്ട്.

പലമേഖലകളില്‍ സാന്നിധ്യമുള്ള കമ്പനിയാണ് യുണൈറ്റഡ് ബ്ര്യൂവെറീസ് ലിമിറ്റഡ്. മദ്യക്കമ്പനി മാത്രമായി ഇവരെ ചുരുക്കാനാവില്ലെന്നര്‍ത്ഥം. രാസവളവും കീടനാശിനിയും വരെ ഇവര്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഇതൊന്നും കൂടാതെയാണ് വിമാന സര്‍വ്വീസ്. വായ്പയെടുത്ത് ബാങ്കുകളെ പറ്റിച്ച് രാജ്യം വിട്ട വിജയ് മല്യ തന്നെയാണ് ഇപ്പോഴും യുണൈറ്റഡ് ബ്ര്യൂവെറീസിന്റെ ചെയര്‍മാന്‍.

Author

Related Articles