News

ക്രാഫ്റ്റ് വിസ്‌കി ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി യുണൈറ്റഡ് സ്പിരിറ്റ്സ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രധാന മദ്യനിര്‍മാതാക്കളില്‍ ഒന്നാണ് യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ് (യുഎസ്എല്‍). ലണ്ടന്‍ ആസ്ഥാനമായ ലണ്ടന്‍ ഡിയാജിയോ പിഎല്‍എസി ആണ് ഇതിന്റെ ഉടമകള്‍. യുണൈറ്റഡ് സ്പിരിറ്റ്സ് തങ്ങളുടെ പ്രീമിയം ക്രാഫ്റ്റ് വിസ്‌കി ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. എപ്പിറ്റോം റിസര്‍വ് എന്ന പേരിലാണ് ഈ പ്രീമിയം ക്രാഫ്റ്റ് വിസ്‌കി ഇന്ത്യയില്‍ എത്തുന്നത്. 

എങ്ങനെ, എത്രത്തോളം ഉത്പാദിപ്പിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് പലപ്പോഴും ക്രാഫ്റ്റ് വിസ്‌കി നിരൂപിക്കപ്പെടുന്നത്. യന്ത്ര സഹായമില്ലാതെ, മനുഷ്യവിഭവ ശേഷി മാത്രം ഉപയോഗിച്ച്, വളരെ കുറവ് മാത്രമേ ഇത് ഉത്പാദിപ്പാറുള്ളു. യുണൈറ്റഡ് സ്പിരിറ്റ്സിന്റെ എപ്പിറ്റോം റിസര്‍വ് ക്രാഫ്റ്റ് വിസ്‌കിയ്ക്ക് വലിയ വില തന്നെ ഇന്ത്യയില്‍ നല്‍കേണ്ടി വരും. അവരുടെ ഏറ്റവും മികച്ച, ഇറക്കുമതി ചെയ്യുന്ന വിസ്‌കിയുടെ വിലയോളം തന്നെ വരും എപ്പിറ്റോം റിസര്‍വ്വിന്റേയും വില എന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

ആദ്യ ബാച്ചില്‍ വെറും രണ്ടായിരം ബോട്ടിലുകള്‍ മാത്രമായിരിക്കും ഇന്ത്യയിലെ വിപണിയില്‍ എത്തുക. അതും തിരഞ്ഞെടുക്കപ്പെട്ട പ്രീമിയം ഔട്ട്ലെറ്റുകളില്‍ മാത്രം. മുന്‍കൂട്ടി ബുക്ക് ചെയ്തും എപ്പിറ്റോം റിസര്‍വ്വ് വാങ്ങാന്‍ സാധിക്കും. 100 ശതമാനവും നെല്ലില്‍ നിന്ന് മാത്രം ഉത്പാദിപ്പിക്കുന്നതാണ് എപ്പിറ്റോം റിസര്‍വ്വ് ക്രാഫ്റ്റ് വിസ്‌കി. യുണൈറ്റഡ് സ്പിരിറ്റ്സ് ഇന്ത്യയില്‍ വില്‍ക്കുന്ന ഏറ്റവും പ്രീമിയം വിസ്‌കിയും ഇത് തന്നെയാണ്. രാജ്യത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണും യാത്രാ നിയന്ത്രണങ്ങളും എല്ലാം വന്നതിന് പിറകെയാണ് പ്രീമിയം ക്രാഫ്റ്റ് മദ്യങ്ങള്‍ക്ക് ഡിമാന്‍ഡ് കൂടിയത്.

Author

Related Articles