News

യുപിഐ ഇടപാടുകള്‍ വൈകാതെ വിസ, മാസ്റ്റര്‍കാര്‍ഡ് എന്നിവയെ മറികടക്കും: നീതി അയോഗ് സിഇഒ

അഞ്ചുവര്‍ഷം മുമ്പ് തുടങ്ങിയ ഡിജിറ്റല്‍ പെയ്മെന്റ് സംവിധാനമായ യുപിഐ (യുണിഫൈസ് പേയ്മെന്റ് ഇന്റര്‍ഫേസ്) ഇടപാടുകളുടെ കാര്യത്തില്‍ ആഗോള വമ്പന്മാരായ വിസ, മാസ്റ്റര്‍കാര്‍ഡ് എന്നിവയെ വൈകാതെ മറികടക്കുമെന്ന് നീതി അയോഗ് സിഇഒ അമിതാഭ് കാന്ത്. എട്ട് ബില്യണ്‍ ഇടപാടുകളുള്ള അമെക്സ് കാര്‍ഡിനെ യുപിഐ മറികടന്നു.

പ്രതിവര്‍ഷം 18 ബില്യണ്‍ ഇടപാടുകളാണ് യുപിഐ വഴി നടക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പെ പ്രവര്‍ത്തനംതുടങ്ങിയവയാണ് അമെക്സ്, വിസ, മാസ്റ്റര്‍ കാര്‍ഡ് എന്നിവ. ഇടപാടുകളുടെ കാര്യത്തില്‍ അമെക്സിനെ ഇതിനകം മറികടന്നുകഴിഞ്ഞു. മൂന്നുവര്‍ഷത്തിനുള്ളില്‍ വിസയെയും മാസ്റ്റര്‍കാര്‍ഡിനെയും മറികടക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ജൂലായില്‍ യുപിഐ വഴിയുള്ള ഇടപാടുകള്‍ എക്കാലത്തെയും ഉയരത്തിലെത്തി. 2.91 ലക്ഷം കോടി മൂല്യമുള്ള 149 കോടി ഇടപാടുകളാണ് ജൂലായില്‍ നടന്നത്. ജൂണില്‍ നടന്നതാകട്ടെ 134 കോടി ഇടപാടുകളാണ്. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് തത്സമയം പണംകൈമാറാന്‍ കഴിയുന്ന യുപിഐ സംവിധാനം നാഷണല്‍ പെയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ)യാണ് വികസിപ്പിച്ചത്. ഗൂഗിള്‍പേ, പേ ടിഎം, ഫോണ്‍ പേ പോലുള്ള മൊബൈല്‍ വാലറ്റുകളും ബാങ്കുകളുടെ ആപ്പുകളും പണംകൈമാറുന്നതിന് ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നുണ്ട്.

News Desk
Author

Related Articles