News

അപ്സ്റ്റോക്സില്‍ ഇടപാടുകാരുടെ എണ്ണം 30 ലക്ഷത്തിനു മുകളില്‍

കൊച്ചി: രാജ്യത്തെ പ്രചാരമുള്ള നിക്ഷേപ പ്ലാറ്റ്ഫോമുകളിലൊന്നായ അപ്സ്റ്റോക്സില്‍ ഇടപാടുകാരുടെ എണ്ണം 30 ലക്ഷത്തിനു മുകളിലെത്തി. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോഴുള്ള കണക്കാണിത്. രവി കുമാര്‍, കവിത സുബ്രഹ്മണ്യന്‍, ശ്രിനി വിശ്വനാഥ് എന്നിവര്‍ ചേര്‍ന്ന് 2009ല്‍ സ്ഥാപിച്ച അപ്സ്റ്റോക്സ് (ആര്‍കെഎസ്വി സെക്യൂരിറ്റീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നും അറിയപ്പെടുന്നു) ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ബ്രോക്കറേജ് സ്ഥാപനങ്ങളിലൊന്നായി ഉയര്‍ന്നു.

ഇടപാടുകാരുടെ വര്‍ധന പ്രധാനമായും രണ്ടും മൂന്നും നിര പട്ടണങ്ങളില്‍ നിന്നാണെന്നും ഇവരില്‍ ഭൂരിപക്ഷവും ആദ്യമായി നിക്ഷേപകരാകുന്നവരാണെന്നും സഹസ്ഥാപകനും സിഇഒയുമായ രവി കുമാര്‍ പറഞ്ഞു. കോവിഡ്-19 പകര്‍ച്ചവ്യാധി ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നതിനെക്കുറിച്ചു പുതിയ തലമുറയെ ചിന്തിപ്പിക്കുന്നതിനു അവസരമൊരുക്കിയെന്നും, അപ്‌സ്റ്റോക്‌സ് ഉപഭോക്താക്കളില്‍ 85 ശതമാനവും പ്രതിദിന വ്യാപാരം അവരുടെ മൊബൈലിലൂടെ നടത്തുന്നുവെന്നും, 2019-നെ അപേക്ഷിച്ച് അക്കൗണ്ട് തുറക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ അഞ്ചിരട്ടി വര്‍ധനയാണ് 2020-ല്‍ ഉണ്ടായിട്ടുള്ളതെന്നും, അപ്‌സ്റ്റോക്‌സിന്റെ വനിതാ അക്കൗണ്ടുകളില്‍ 65 ശതമാനം പേരും ആദ്യമായിട്ടാണ് ഓഹരിയില്‍ നിക്ഷേപം നടത്തുന്നത്. ഇതില്‍ 30 ശതമാനം പേര്‍ വീട്ടമ്മമാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

സാമ്പത്തിക നിക്ഷേപം എളുപ്പവും നീതിപൂര്‍വകവും താങ്ങാനാകുന്നതുമാക്കി മാറ്റുക എന്ന കാഴ്ചപ്പാടോടെ സ്ഥാപിതമായ അപ്‌സ്റ്റോക്സ് നിക്ഷേപകര്‍ക്കും വ്യാപാരികള്‍ക്കും ഓഹരികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഡിജിറ്റല്‍ ഗോള്‍ഡ്, ഡെറിവേറ്റീവുകള്‍, ഇടിഎഫുകള്‍ എന്നിവയില്‍ ഓണ്‍ലൈന്‍ നിക്ഷേപം നടത്താനാണ് അവസരമൊരുക്കുന്നത്. ടൈഗര്‍ ഗ്ലോബല്‍ പോലുള്ള പ്രമുഖ നിക്ഷേപകരുടെ പിന്തുണയുള്ള അപ്സ്റ്റോക്സിന് നിലവില്‍ 3 ദശലക്ഷത്തിലധകം ഉപഭോക്താക്കളുണ്ട്.

നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) ഔദ്യോഗിക പങ്കാളിയാണ് അപ്‌സ്റ്റോക്‌സ്. ഇത് ആദ്യമായാണ് സ്റ്റോക്ക്, മ്യൂച്ച്വല്‍ ഫണ്ട് മേഖലയില്‍ നിന്നൊരു സ്ഥാപനം ഐപിഎല്‍ പങ്കാളിയാകുന്നത്. അപ്സ്റ്റോക്സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2021ന്റെ ഔദ്യോഗിക പങ്കാളിയായതില്‍ സന്തോഷമുണ്ടെന്നും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന ക്രിക്കറ്റ് ലീഗ് എന്ന നിലയില്‍ ഐപിഎല്ലിനും അപ്സ്റ്റോക്സിനും ആരാധകരില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കും. പ്രത്യേകിച്ച് ലക്ഷക്കണക്കിന് വരുന്ന യുവജനങ്ങളില്‍. ഇവര്‍ സാമ്പത്തികമായി സ്വതന്ത്രരും പോര്‍ട്ട്‌ഫോളിയോകള്‍ നിയന്ത്രിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ തേടുന്നവരുമാണെന്നും പങ്കാളിത്തം പ്രഖ്യാപിക്കവെ ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ പറഞ്ഞിരുന്നു.

ഐപിഎല്‍ 2021നായി ബിസിസിഐയുമായി സഹകരിക്കുന്നതിന്റെ ആവേശത്തിലാണ് തങ്ങളെന്നും ഇന്ത്യയില്‍ ക്രിക്കറ്റ് സ്പോര്‍ട്ട് എന്നതിനപ്പുറമാണെന്നും വലിയ ആരാധകരുമായി അത് സംസ്‌കാരത്തിന്റെയും സാമൂഹ്യ ജീവിതത്തിന്റെയും പ്രധാന ഭാഗമാണെന്നും അപ്സ്റ്റോക്സ് സാമ്പത്തിക മേഖലയില്‍ ഉണ്ടാക്കിയ മാറ്റം പോലെ തന്നെ ഐപിഎല്‍ കഴിഞ്ഞ ദശകത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയൊരു ദിശാബോധമുണ്ടാക്കിയെന്നും ഇതാണ് രണ്ടു ബ്രാന്‍ഡിനെയും തമ്മില്‍ യോജിപ്പിച്ചതെന്നും അപ്സ്റ്റോക്സ് സഹ സ്ഥാപകനും സിഇഒയുമായ രവി കുമാറും അറിയിക്കുകയുണ്ടായി.

Author

Related Articles