News

യുഎസ്-ചൈന വ്യാപാര യുദ്ധത്തിന് സാധ്യത; അമേരിക്കയ്‌ക്കെതിരെ ചൈനയും പ്രതികാര നടപടികളിലേക്ക്

വാഷിങ്ടണ്‍: ചൈനയും, യുഎസും തമ്മിലുള്ള വ്യാപാര തര്‍ക്കം കൂടുതല്‍ പ്രതിസന്ധികളിലേക്കാണ് ഇപ്പോള്‍ നീങ്ങുന്നത്. കഴിഞ്ഞ ആഴ്ച ചൈനയുടെ തലസ്ഥാന നഗരിയായ ബെയ്ജിങില്‍ അമേരിക്കയും  ചൈനയും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ എങ്ങുമെത്താത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്. ഇതോടെ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 200 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഉത്പ്പന്നങ്ങളുടെ തീരുവ വര്‍ധിപ്പിക്കാന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് ഉത്തരവിടുകയും ചെയ്തു.

നാളെ യുഎസും, ചൈനയും തമ്മിലുള്ള വ്യാപാര ചര്‍ച്ച വാഷിങ്ടണില്‍ ആരംഭിക്കാന്‍ പോകുന്നതിനിടയിലാണ് ട്രംപിന്റെ അപ്രതീക്ഷിത നീക്കം ഉണ്ടായിരിക്കുന്നത്. യുഎസിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിന് ചൈനയ്ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം  ചെലുത്താനാണ് ട്രംപ്  ഇപ്പോള്‍ പുതിയ നീക്കം നടത്തുന്നത്. അതേസമയം യുഎസ് പറയുന്നത് പോലെ കാര്യങ്ങള്‍ അംഗീകിരിക്കില്ലെന്ന നിലപാടിലാണ് ചൈന. കഴിഞ്ഞ 10 മാസക്കാലമായി 50 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ചൈനീസ് ഉത്പ്പന്നങ്ങള്‍ക്ക് അമേരിക്ക 25 ശതമാനം അധിക തീരുവയാണ് ഈടാക്കിയിരുന്നത്. 

അധിക തീരുവ ഈടാക്കി തന്നെയാണ് ചൈനയും യുഎസിന് നേരെ പ്രതികാര നടപടികള്‍ എടുത്തിരിക്കുന്നത്. വ്യാപാര സൗഹൃദം  മെച്ചപ്പെടുത്തിയുള്ള കരാറിന് ഇപ്പോള്‍ ഒരു പരിഗണനയും നിലനില്‍ക്കുന്നില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ലോകത്തിലെ രണ്ട് സമ്പന്ന രാജ്യങ്ങള്‍ വ്യാപാര സംഘര്‍ഷത്തിലേര്‍പ്പെടുന്നത് അത്ര നല്ല കാര്യമല്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ഇപ്പോള്‍ ചൂണ്ടിക്കാണിക്കുന്നത്. ആഗോള സാമ്പത്തിക മാന്ദ്യവും, രാഷ്ട്രീയ പ്രതിസന്ധിയും ഉണ്ടാകുമെന്നും സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നു.

 

Author

Related Articles