News

വാവെയ്ക്ക് 90 ദിവസത്തെ ഇളവ് പ്രഖ്യാപിച്ച് അമേരിക്ക; ചാരക്കമ്പനിയെന്ന് മുദ്രകുത്തി വിലക്കേര്‍പ്പെടുത്തിയ കമ്പനിയുമായി സഹകരിക്കാനുള്ള അമേരിക്കയുടെ പുതിയ നീക്കമോ?

വാഷിങ്ടണ്‍: ചൈനീസ് കമ്പനിയായ വാവെയ്ക്ക് അമേരിക്ക 90 ദിവസത്തെ ഇളവ് നല്‍കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. വാവെയുടെ താത്കാലിക ലൈസന്‍സ് 90 ദിവസം കൂടി അനുവിദിച്ച് നല്‍കാന്‍ യുഎസ് ഭരണകൂടം അുമതി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചൈനീസ് ഭരണകൂടത്തിന് വേണ്ടി വാവെ ചാരപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നാരോപിച്ചായിരുന്നു അമേരിക്ക അന്താരാഷ്ട്ര തലത്തില്‍  കമ്പനിക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. വാവെയുമായി വ്യാപാര കരാറില്‍ ഏര്‍പ്പെടരുതെന്ന്  ഇന്ത്യ അടക്കമുള്ള രാഷ്ട്രങ്ങളോട് അമേരിക്ക നേരത്തെ ആവശ്യപ്പെട്ടതാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ബിസിനസ് ലോകത്തിന് വലിയ വിള്ളലുണ്ടാകാതിരിക്കാനാണ് അമേരിക്ക 90 ദിവസം കൂടി വാവെയ്ക്ക് ഇളവ് നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്. 

അമേകരിക്കന്‍ പൗരന്‍മാരുടെ സുരക്ഷയുമായി ബന്ധപ്പെട്ടുകൊണ്ടാണ് വാവെയ്ക്ക് അമേരിക്കയില്‍ ബിസിനസ് നടത്തുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയത്. അമേരിക്കന്‍ പൗരന്‍മാരുടെ വിവരങ്ങള്‍ കമ്പനി ചോര്‍ത്തി ചൈനീസ് സര്‍ക്കാറിന് കൈമാറുന്നുണ്ടെന്നാണ് ആരോപണം. ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ് പ്രകാരം വാവെയ്ക്ക് അമേരിക്കന്‍ കമ്പനികളുമായി വ്യാപാര കരാറുകളില്‍ ഏര്‍പ്പെടാനോ, അമേരിക്കന്‍ കമ്പനികളില്‍ നിന്ന് ടെക് ഉപകരണങ്ങള്‍ വാങ്ങാനോ സാധിക്കില്ല. അത്തരം വ്യാപാര ഇടപാടുകള്‍ വാവെയ്ക്ക് നടത്തണമെങ്കില്‍ ട്രംപ് ഭരണകൂടത്തിന്റെ അനുമതി വേണമെന്നാണ് നിലവിലെ വ്യവസ്ഥ. ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന കമ്പനികളുടെ ടെലികോം ഉപകരണങ്ങള്‍ അമേരിക്കയിലെ സ്ഥാപനങ്ങള്‍ വാങ്ങരുതെന്ന വ്യവസ്ഥയാണ് നിലവിലുള്ളത്. ഈ വ്യവസ്ഥയിലാണ് ട്രംപ് ഭരണകൂടം ചില സമ്മര്‍ദ്ദങ്ങളുടെ അടിസ്ഥാനത്തില്‍ ഇളവ് പ്രഖ്യാപിച്ചത്. 

അതേസമയംഅമരിക്കയുടെ ഉപരോധങ്ങള്‍ക്കിടയിലും ചൈനീസ് ടെലികോം കമ്പനിയായ വാവെ അന്താരാഷ്ട്ര തലത്തില്‍ 50 വാണിജ്യ കരാറുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.. 5ജി ടെനോളജിയുമായി ബന്ധപ്പെട്ട സുപ്രധാന കാരറുകളാണ് വാവെയ്ക്ക് ലഭിച്ചത്. 150,000 ബേസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ ഇടപാടുകള്‍ ശക്തിപ്പെടുത്താന്‍ കമ്പനിക്ക് സാധ്യമായെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

യൂറോപ്യന്‍ രാജ്യങ്ങളിലടക്കം 5ജി ടെക്നോളജി വികസിപ്പിക്കുന്നതിനുള്ള കരാറുകള്‍ സ്വന്തമാക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. കണക്കുകള്‍ പ്രകാരം 28 കരാറുകള്‍ യൂറോപ്പിലും, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ 6 കരാറുകളിലും മറ്റിടങ്ങളില്‍ നാല് കരാറുകളും കമ്പനി ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. അമേരിക്ക കമ്പനിക്ക്് നേരെ നടത്തുന്ന ഉപരോധങ്ങള്‍ വിലപ്പോവില്ലെന്ന് കമ്പനി അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം വാവെയുമായി കരാറിലേര്‍പ്പെടുന്ന കമ്പനികള്‍ക്കും, രാജ്യങ്ങള്‍ക്കുമെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ ടെക് കമ്പനികളുടെ ഉത്പ്പന്നങ്ങള്‍ വാവെയ്ക്ക് വിതരണം ചെയ്യരുതെന്ന് ഇന്ത്യയോട് അമേരിക്കയും ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും അന്താരാഷ്ട്ര തലത്തില്‍ 50 വാണിജ്യ  കരാറുകളാണ് കമ്പനി ഇപ്പോള്‍ സ്വന്തമാക്കിയിട്ടുള്ളത്.

Author

Related Articles