News

അമേരിക്കയില്‍ തൊഴിലില്ലായ്മ വീണ്ടും രൂക്ഷം; തൊഴിലില്ലായ്മ വേതനം കൈപ്പറ്റുന്നവരുടെ എണ്ണം 7,70000 കടന്നു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ തൊഴിലില്ലായ്മ പിന്നെയും വര്‍ധിക്കുന്നു. തൊഴിലില്ലായ്മ വേതനം കൈപ്പറ്റുന്നവരുടെ എണ്ണം 7,70000 കടന്നു. കമ്പനികളില്‍ നിന്ന് പിരിച്ചുവിടപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്. യുഎസ് സമ്പദ് ഘടന പതിയെ വളര്‍ച്ചയിലേക്ക് വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തൊഴിലില്ലായ്മ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. നേരത്തെയുണ്ടായിരുന്ന 7,25000ത്തില്‍ നിന്നാണ് ഇപ്പോഴത്തെ കുതിപ്പ്. കൊവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധികള്‍ കമ്പനികളെ വിട്ടുപോയിട്ടില്ലെന്ന് കൂടിയാണ് ഇത് വ്യക്തമാക്കുന്നത്.

നേരത്തെ തൊഴിലില്ലായ്മ നിരക്കുകളും കാര്യമായി തന്നെ കുറഞ്ഞിരുന്നു. എന്നാല്‍ ചില മേഖലകളില്‍ ഇപ്പോഴും പിരിച്ചുവിടല്‍ തുടരുകയാണ്. കൊവിഡിന് മുമ്പ് തൊഴിലില്ലായ്മ വേതനം ഒരിക്കലും ഏഴ് ലക്ഷം പേര്‍ക്ക് മുകളിലേക്ക് പോയിരുന്നില്ല. അതേസമയം സ്ഥിരമായി 4.1 മില്യണ്‍ പേര്‍ തൊഴിലില്ലായ്മ വേതനം കൈപ്പറ്റുന്നുണ്ട്. ഇതില്‍ 18000ത്തോളം പേരുടെ ഒഴിവ് വന്നിരുന്നു. നേരത്തെ ഫെബ്രുവരില്‍ 18.2 മില്യണ്‍ ആയിരുന്നു ഇത്തരത്തില്‍ തൊഴിലില്ലായ്മ വേതനം വാങ്ങിയിരുന്നത്.

അതേസമയം മൊത്തം തൊഴില്‍ വിപണിയില്‍ കാര്യമായ ഉണര്‍വുണ്ടെന്ന് യുഎസ്സിലെ ഡാറ്റകളില്‍ നിന്ന് വ്യക്തമാണ്. കഴിഞ്ഞ മാസം 3,79000 തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കിയതായി കമ്പനികള്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിന് ശേഷമുള്ള വന്‍ നിരക്കായിരുന്നു ഇത്. അതേസമയം യുഎസ് വിപണി അതിശക്തമായ കുതിപ്പിന് ഒരുങ്ങുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഉപഭോക്താക്കള്‍ കൂടുതല്‍ പണം വിപണിയില്‍ ചെലവഴിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ നേരത്തെയുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ പലതും ഇളവ് ചെയ്ത് തുടങ്ങിയിട്ടുണ്ട്.

വാക്സിനേഷന്‍ കൂടി സജീവമായ സാഹചര്യത്തില്‍ യാത്രാ വിലക്കുകളും മാറി തുടങ്ങും. കൂടുതല്‍ പേര്‍ അവധിക്കാലം ആഘോഷിക്കാന്‍ സജ്ജമായാല്‍ അത് യുഎസ്സിന് നേട്ടമാണ്. പ്രസിഡന്റ് ജോ ബൈഡന്‍ 1.9 ട്രില്യണിന്റെ ദുരിതാശ്വാസ പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്. യുവാക്കള്‍ക്ക് 1400 ഡോളര്‍ ലഭിക്കുന്ന പാക്കേജും കൂടിയാണിത്. അതോടെ ചെലവ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. സെപ്റ്റംബര്‍ വരെ 300 ഡോളര്‍ തൊഴിലില്ലായ്മ വേതനവും ലഭിക്കും.

News Desk
Author

Related Articles