News

എന്‍എംസി ഹെല്‍ത്തിനെതിരെ നിയമ നടപടിക്കൊരുങ്ങി അമേരിക്കന്‍ നിയമ കമ്പനികള്‍

വാഷിംഗ്ടണ്‍: കടക്കെണിയിലായ യുഎഇയിലെ പ്രമുഖ സ്വകാര്യ ആശുപത്രി ശൃംഖലയായ എന്‍എംസി ഹെല്‍ത്തിനെതിരെ നിയമ നടപടിക്കൊരുങ്ങി അമേരിക്കന്‍ നിയമ കമ്പനികള്‍. അമേരിക്കയിലെ നിക്ഷേപകര്‍ക്ക് വേണ്ടി എന്‍എംസിക്കെതിരെ നിയമപരമായി പോരാടുമെന്ന് ആറോളം നിയമ കമ്പനികള്‍ സൂചന നല്‍കി.

ബേണ്‍സ്റ്റീന്‍ ലീബ്ഹെര്‍ഡ്, ജെവിര്‍ട്ട്സ് ആന്‍ഡ് ഗ്രോസ്സ്മാന്‍, ഗെയ്നി, മക്കെന്ന ആന്‍ഡ് ഇഗ്ലെസ്റ്റണ്‍, പോമെറന്റ്സ് ലോ, സ്‌കാള്‍ ലോ, വൂള്‍ഫ് ഹാഡെന്‍സ്റ്റീന്‍ അല്‍ഡെര്‍ ഫ്രീമാന്‍ ആന്‍ഡ് ഹേര്‍ട്ട്സ് തുടങ്ങിയ കമ്പനികളാണ് അമേരിക്കയിലെ നിക്ഷേപകര്‍ക്ക് വേണ്ടി എന്‍എംസിക്കെതിരെ ഓഹരിത്തട്ടിപ്പ് ആരോപിച്ച് നിയമ പോരാട്ടത്തിനൊരുങ്ങുന്നത്്.

2016 മാര്‍ച്ച് 13നും 2020 മാര്‍ച്ച് 10നും ഇടയില്‍ എന്‍എംസി ഓഹരികള്‍ വാങ്ങിയ,100,000 ഡോളറില്‍ അധികം നഷ്ടം സംഭവിച്ച കമ്പനികള്‍ മേയ് 11ന് മുമ്പ് കമ്പനിയുമായി ബന്ധപ്പെടണമെന്ന് ഓഹരിത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളും ഓഹരിയുടമകളുടെ അവകാശ ലംഘന കേസുകളും ഏറ്റെടുക്കുന്ന സ്‌കാള്‍ നിയമ കമ്പനി ആവശ്യപ്പെട്ടു. തെറ്റായതും തെറ്റിദ്ധാരണാജനകവുമായ പ്രസ്താവനകളാണ് എന്‍എംസി വിപണിയില്‍ സമര്‍പ്പിച്ചതെന്നും കമ്പനി കടബാധ്യതകള്‍ മറച്ചുവെക്കുകയും ആസ്തി പെരുപ്പിച്ച് കാണിക്കുകയും ചെയ്തെന്ന് സ്‌കാള്‍ ആരോപിച്ചു.

ഇതിനിടെ ഏണ്‍സ്റ്റ് ആന്‍ഡ് യംഗ് (ഇവൈ) കമ്പനി 2018ല്‍ എന്‍എംസി ഹെല്‍ത്തില്‍ നടത്തിയ ഓഡിറ്റിനെ കുറിച്ച് അന്വേഷണം നടത്തുകയാണെന്ന് യുകെയിലെ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് കൗണ്‍സില്‍ (എഫ്ആര്‍സി) അറിയിച്ചു. ഏപ്രില്‍ 15നാണ് അന്വേഷണം ആരംഭിച്ചതെന്നും ഓഡിറ്റ് എന്‍ഫോഴ്സ്മെന്റ് പ്രൊസീജ്യറിന് കീഴിലുള്ള എന്‍ഫോഴ്സ്മെന്റ് വിഭാഗമാണ് ഇവൈ ഓഡിറ്റിനെ കുറിച്ച് അന്വേഷിക്കുന്നതെന്നും എഫ്ആര്‍സി അറിയിച്ചു.

ഏതാണ്ട് 6.6 ബില്യണ്‍ ഡോളറിന് അടുത്ത് കടബാധ്യതയുള്ള എന്‍എംസി ഹെല്‍ത്തിന്റെ നടത്തിപ്പ് ചുമതല യുകെ കോടതിയുടെ നിര്‍ദ്ദേശപ്രകാരം ആല്‍വരെസ് ആന്‍ഡ് മര്‍സല്‍ യൂറോപ്പ് ഏറ്റെടുത്തിരുന്നു. എന്‍എംസിക്ക് 981 മില്യണ്‍ ഡോളര്‍ വായ്പ നല്‍കിയ അബുദാബി കൊമേഴ്സ്യല്‍ ബാങ്കിന്റെ ആവശ്യപ്രകാരമാണ് യുകെ കോടതി എന്‍എംസിയുടെ നടത്തിപ്പ് അവകാശം അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്ക് വിട്ടുനല്‍കിയത്. ലണ്ടന്‍ ഓഹരി വിപണിയുടെ എഫ്ടിഎസ്ഇ 100 സൂചികയില്‍ നിന്നും എന്‍എംസിയെ പുറത്താക്കിയിരുന്നു.

News Desk
Author

Related Articles