News

ടിക് ടോക്ക് യൂണിറ്റ് വില്‍ക്കുന്നതിന് ഏര്‍പ്പെടുത്തിയ സമയപരിധി നീട്ടില്ലെന്ന് ട്രംപ്

ടിക് ടോക്കിന്റെ യുഎസ് യൂണിറ്റ് വില്‍ക്കുന്നതിന് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ സമയപരിധി ബൈറ്റ്ഡാന്‍സിന് നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. ടിക്ക് ടോക്ക് വില്‍ക്കാന്‍ 90 ദിവസത്തെ സമയപരിധിയാണ് യുഎസ് സര്‍ക്കാര്‍ നല്‍കിയിരുന്നത്. എന്നാല്‍ ചൈനീസ് സര്‍ക്കാരിന്റെ പുതിയ ചട്ടങ്ങള്‍ ലേലക്കാരായ മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍, ഒറാക്കിള്‍ തുടങ്ങിയവരുമായുള്ള കരാര്‍ ചര്‍ച്ചകള്‍ സങ്കീര്‍ണ്ണമാക്കുന്നുവെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൈനീസ് റെഗുലേറ്ററി അവലോകനം കാരണം ഏതെങ്കിലും കക്ഷികളുമായി കരാറിലെത്താന്‍ കമ്പനിക്ക് സെപ്റ്റംബര്‍ 15 എന്ന യുഎസ് എക്‌സിക്യൂട്ടീവ് ഉത്തരവില്‍ അനുവദിച്ച പരിധിക്കപ്പുറം സമയം ആവശ്യമുണ്ട്. എന്നാല്‍ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടിനോട് ബൈറ്റ്ഡാന്‍സ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ടിക് ടോക്കിന്റെ യുഎസ് പ്രവര്‍ത്തനങ്ങള്‍ വില്‍ക്കാന്‍ ബൈറ്റ്ഡാന്‍സ് ലിമിറ്റഡിന് അനുവദിച്ച സെപ്റ്റംബര്‍ 15 എന്ന സമയപരിധി നീട്ടി നല്‍കില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
 
'സുരക്ഷാ കാരണങ്ങളാല്‍ ഞങ്ങള്‍ ഈ രാജ്യത്ത് ടിക്ക് ടോക്ക് അടയ്ക്കും, അല്ലെങ്കില്‍ വില്‍ക്കും' 'എന്തായാലും ടിക് ടോക്കിന് സമയപരിധി നീട്ടി നല്‍കില്ല' മിഷിഗണിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണ യാത്രയ്ക്കായി വിമാനത്തില്‍ കയറുന്നതിന് മുമ്പ് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 90 ദിവസത്തിനുള്ളില്‍ യുഎസില്‍ ടിക് ടോക്ക് ബിസിനസ്സ് വില്‍ക്കാനാണ് ചൈന ആസ്ഥാനമായുള്ള ബൈറ്റ്ഡാന്‍സിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഒരു അമേരിക്കന്‍ സ്ഥാപനം കമ്പനി വാങ്ങിയാല്‍ ടിക് ടോക്കിന്റെ യുഎസ് യൂണിറ്റിന്റെ വില്‍പ്പന വിലയുടെ ഗണ്യമായ ഒരു ഭാഗം യുഎസ് സര്‍ക്കാര്‍ ട്രഷറിക്ക് ലഭിക്കണമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഓറക്കിളിനു പുറമേ, മൈക്രോസോഫ്റ്റും ട്വിറ്ററും ഒരു ഡീലിനായി ബൈറ്റ്ഡാന്‍സിനെ സമീപിച്ചിരുന്നു. ട്രംപിന്റെ ആദ്യത്തെ എക്‌സിക്യൂട്ടീവ് ഉത്തരവ് അനുസരിച്ച് 45 ദിവസത്തിനുശേഷം ബൈറ്റ്ഡാന്‍സ് യുഎസ് സ്ഥാപനങ്ങളുമായി ബിസിനസ്സ് നടത്തുന്നത് വിലക്കിയിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ പുതിയ എക്‌സിക്യൂട്ടീവ് ഉത്തരവ് അനുസരിച്ച് 90 ദിവസത്തെ സമയപരിധി അതായത് സെപ്റ്റംബര്‍ 15 അനുവദിക്കുകയായിരുന്നു.

Author

Related Articles