News

ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ രംഗത്ത് മുന്നേറ്റം; കൊറോണ തുണയില്‍ ചെലവഴിക്കല്‍ 25 ശതമാനം ഉയര്‍ന്നു

ബെംഗളൂരു: കൊവിഡ് വ്യാപനം ഏറ്റവും അധികം ബാധിച്ച മേഖലകളില്‍ ഒന്നായിരുന്നു ഭക്ഷണ മേഖല. പ്രത്യേകിച്ചും ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറി കമ്പനികള്‍. ലോക്ക്ഡൗണ്‍ കാലത്ത് വലിയ നഷ്ടമാണ് ഇവര്‍ നേരിട്ടത്. എന്നാലിപ്പോള്‍ വലിയ തിരിച്ചുവരവാണ് ഈ മേഖലയില്‍ ഉണ്ടായിരിക്കുന്നത്. ഭക്ഷണത്തിന്റെ കാര്യത്തില്‍ ഉപഭോക്തൃ ചെലവഴിക്കല്‍ 25 മുതല്‍ 30 ശതമാനം വരെ കൂടിയിട്ടുണ്ടെന്നാണ് സ്വിഗ്ഗിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ പറയുന്നത്.

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ബിസിനസ് രാജ്യത്ത് വന്‍ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കെ ആയിരുന്നു കൊവിഡിന്റെ വരവ്. ഇതിനിടെ ഫുഡ് ഡെലിവറി ബോയില്‍ നിന്ന് രോഗം പടര്‍ന്ന വാര്‍ത്തകളും പുറത്ത് വന്നു. പിന്നീട് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി മേഖല വലിയ തിരിച്ചടിയാണ് നേരിട്ടത്. ലോക്ക്ഡൗണ്‍ കാലത്താണ് വലിയ പ്രതിസന്ധിയുണ്ടായത്. ഹോട്ടലുകള്‍ തുറന്നാല്‍ മാത്രമേ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സേവനവും ലഭ്യമാക്കാന്‍ സാധിക്കൂ. ലോക്ക്ഡൗണിന് ശേഷം, ഹോട്ടലുകളില്‍ പാഴ്സല്‍ സംവിധാനം ആരംഭിച്ചതോടെയാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി മേഖലയ്ക്ക് ആശ്വാസമായത്.

ലോക്ക് ഡൗണിന് ശേഷവും ആളുകള്‍ പുറത്തിറങ്ങുന്നത് വലിയ തോതില്‍ കുറഞ്ഞു. പല കമ്പനികളും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കുകയും ചെയ്തു. ഇതോടെ ഫുഡ് ഡെലിവറി ഓര്‍ഡറുകള്‍ വലിയ തോതില്‍ കൂടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരം വീട്ടില്‍ പെട്ടുപോയ ആളുകള്‍ മുമ്പ് സ്വന്തം ആവശ്യത്തിന് മാത്രം ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവരായിരുന്നു. എന്നാല്‍ വീട്ടിലുള്ളപ്പോള്‍ വീട്ടുകാര്‍ക്ക് കൂടി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതാണ് പുതിയ ട്രെന്‍ഡ് എന്നാണ് വിലയിരുത്തല്‍. അത്തരത്തിലാണ് സ്വിഗ്ഗിയുടെ കസ്റ്റമര്‍ ഓര്‍ഡറുകളില്‍ 25 മുതല്‍ 30 ശതമാനം വരെ വര്‍ദ്ധന ഉണ്ടായത്.

വന്‍ നഗരങ്ങളില്‍ ആണ് ഈ ട്രെന്‍ഡ് പ്രധാനമായും കാണുന്നത്. സ്വിഗ്ഗിയെ പോലുള്ള സ്ഥാപനങ്ങള്‍ സീറോ കോണ്‍ടാക്ട് ഡെലിവറി ഓഫര്‍ ചെയ്യുന്നുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ ഇതിനും വലിയ സ്വീകരണം തന്നെയാണ് ലഭിക്കുന്നത്. വ്യക്തിഗത കസ്റ്റമര്‍ ഓര്‍ഡറുകളില്‍ വലിയ വര്‍ദ്ധന വന്നിട്ടുണ്ടെങ്കിലും മൊത്തം ഓര്‍ഡറുകള്‍ ഇപ്പോഴും പഴയ പടി ആയിട്ടില്ല എന്നാണ് വിലയിരുത്തല്‍. വര്‍ക്ക് ഫ്രം സാഹചര്യത്തില്‍ പലരും വീട്ടില്‍ നിന്ന് തന്നെ ഭക്ഷണം കഴിയ്ക്കുന്നതും ഓഫീസ് ലഞ്ചുകള്‍ ഇല്ലാതായതും കാരണം മൊത്തം 10 ശതമാനത്തോളം ഇടിവാണ് ഓര്‍ഡറുകളില്‍ ഉള്ളത് എന്ന് സ്വിഗ്ഗിയുടെ സിഒഒ വിവേക് സുന്ദര്‍ പറയുന്നു.

ഒരൊറ്റ ഓര്‍ഡറില്‍ തന്നെ കൂടുതല്‍ വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്യുമ്പോഴാണ് ടിക്കറ്റ് സൈസ് വര്‍ദ്ധിക്കുന്നത്. ടിക്കറ്റ് സൈസ് കൂടിയെങ്കിലും കോവിഡ് കാലത്തിന് മുമ്പുള്ള സമയത്തെ വച്ച് നോക്കുമ്പോള്‍ സ്വിഗ്ഗിയുടെ തിരിച്ചുവരവ് 80 മുതല്‍ 85 ശതമാനം വരെ എത്തിയിട്ടേ ഉള്ളൂ എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Author

Related Articles