News

ഉത്തരാഖണ്ഡിലെ വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്ക് ഇന്‍ഷ്വറന്‍സ് ക്ലെയിമുകള്‍ വേഗത്തില്‍ ലഭ്യമാക്കുമെന്ന് എസ്ബിഐ ഇന്‍ഷ്വറന്‍സ്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന ഉപഭോക്താക്കളുടെ ഇന്‍ഷ്വറന്‍സ് ക്ലെയിമുകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് എസ്ബിഐ ഇന്‍ഷ്വറന്‍സ്. എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. പ്രകൃതി ദുരന്തത്തിനിരയായവര്‍ക്ക് എളുപ്പത്തില്‍ അര്‍ഹതപ്പെട്ട ഇന്‍ഷുറനസ് തുക എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ക്ലെയിമുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന്, ദുരിതബാധിതര്‍ക്ക് അടിയന്തര ടോള്‍ ഫ്രീ നമ്പറും ആരംഭിച്ചിട്ടുണ്ട്.

മെയില്‍ ഐഡിയിലേക്ക് ഇ-മെയില്‍ ചെയ്യുകയോ അല്ലെങ്കില്‍ സൈറ്റിലെ ക്ലെയിംസ് അറിയിപ്പ് വിഭാഗം സന്ദര്‍ശിക്കുകയോ ചെയ്യണമെന്നും എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ അതിവേഗം വളരുന്ന സ്വകാര്യ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നാണ് എസ്ബിഐ ജനറല്‍. 2009 ല്‍ സ്ഥാപിതമായ എസ്ബിഐ ജനറലിന് രാജ്യത്തുടനീളം ശാഖകളുമുണ്ട്.

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ തപോവന്‍-റെനി പ്രദേശത്ത് ഞായറാഴ്ചയുണ്ടായ ഹിമപാതത്തെത്തുടര്‍ന്നാണ് ധോലിഗംഗ, അലക്‌നന്ദ നദികളില്‍ വന്‍ വെള്ളപ്പൊക്കമുണ്ടായത്. ഇതിനിടെ അളക്‌നന്ദ നദിലെ അണക്കെട്ടും ഒലിച്ചുപോയിരുന്നു. ചമോലി ജില്ലയില്‍ ഹിമാനി തകര്‍ന്നൂവീണ് നാശനഷ്ടമുണ്ടായ വിവിധ പ്രദേശങ്ങളില്‍ നിന്നായി ഇതുവരെ 32 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ചമോലിയില്‍ നിര്‍മാണത്തിലിരിക്കുന്ന തപോവന്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 25-35 പേര്‍ ഉള്‍പ്പെടെ 200 ത്തിലധികം പേരെ കാണാതായതായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിലൂടെ ഒഴുകിയെത്തിയ പാറക്കഷ്ടണങ്ങളും മണ്ണും ചെളിയും വന്നടിഞ്ഞതാണ് രക്ഷാപ്രവര്‍ത്തനത്തിനും ഭീഷണിയായിട്ടുള്ളത്.

Author

Related Articles