News

ഉത്തേജന നടപടികള്‍ നേട്ടമായി; അബുദാബി റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ 28 ശതമാനം വര്‍ധന

അബുദാബി:  അബുദാബിയിലെ മൊത്തം റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ കഴിഞ്ഞ വര്‍ഷം 28 ശതമാനം വര്‍ധന രേഖപ്പെടുത്തി. മൊത്തത്തില്‍ 74 ബില്യണ്‍ ദിര്‍ഹത്തിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളാണ് കഴിഞ്ഞ വര്‍ഷം എമിറേറ്റില്‍ നടന്നത്. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ പ്രോപ്പര്‍ട്ടി വിപണിയെ പിന്താങ്ങുന്നതിനായി എമിറേറ്റ് സ്വീകരിച്ച ഉത്തേജന നടപടികളാണ് വിപണിക്ക് നേട്ടമായത്.

ആകെ 19,000 പ്രോപ്പര്‍ട്ടി ഇടപാടുകളാണ് കഴിഞ്ഞ വര്‍ഷം എമിറേറ്റില്‍ നടന്നത്. ഭൂമി, കെട്ടിടം, റിയല്‍ എസ്റ്റേറ്റ് യൂണിറ്റുകള്‍ തുടങ്ങി എല്ലാ പ്രോപ്പര്‍ട്ടികളുടെയും വില്‍പ്പന, പണയ ഇടപാടുകള്‍ ഉള്‍പ്പടെയാണിതെന്ന് മുനിസിപ്പാലിറ്റീസ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു. കൊറോണ വൈറസ് പകര്‍ച്ചവ്യാധി ആഗോള സമ്പദ് വ്യവസ്ഥയിലുണ്ടാക്കിയ ആഘാതം മൂലമുള്ള അസാധാരണ സാഹചര്യത്തിലും റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ മൂല്യത്തിലുള്ള വര്‍ധന അബുദാബി റിയല്‍ എസ്റ്റേറ്റ് വിപണിയുടെ വഴക്കമാണ് വ്യക്തമാക്കുന്നതെന്ന് ഡിപ്പാര്‍ട്മെന്റിലെ റിയല്‍ എസ്റ്റേറ്റ് വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടര്‍ അദീബ് അല്‍ അഫീതി പറഞ്ഞു.   

മൊത്തം ഇടപാടുകളില്‍ 30 ബില്യണ്‍ ദിര്‍ഹത്തിന്റെ 8,000 റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും 44 ബില്യണ്‍ ദിര്‍ഹത്തിന്റെ 11,000 പണയ ഇടപാടുകളും ഉള്‍പ്പെടുന്നു. മൊത്തം റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ 25.3 ബില്യണ്‍ ദിര്‍ഹം ഭൂമി, കെട്ടിടങ്ങള്‍ എന്നിവയുടെ വില്‍പ്പനയിലൂടെയാണ്. പണയ ഇടപാടുകളില്‍ ഭൂരിഭാഗവും ഭൂമിയുടെയും കെട്ടിടങ്ങളുടെയും പണയ ഇടപാടുകളായിരുന്നു. ഏതാണ്ട് 42.5 ബില്യണ്‍ ദിര്‍ഹം മൂല്യം വരുമിത്. മൊത്തം വില്‍പ്പനയുടെ മൂല്യത്തില്‍ 3.6 ബില്യണ്‍ ദിര്‍ഹത്തിന്റെ ഇടപാടുകളുമായി ഖലീഫ സിറ്റി ഒന്നാമതെത്തി. 3.3 ബില്യണ്‍ ദിര്‍ഹത്തിന്റെ ഇടപാടുകളുമായി യാസ് ഐലന്‍ഡും 3 ബില്യണ്‍ ദിര്‍ഹത്തിന്റെ ഇടപാടുകളുമായി അല്‍ റീം ഐലന്‍ഡും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

രണ്ട് ശതമാനം സെയില്‍, പര്‍ച്ചേസ് ഫീസ്, രണ്ട് ശതമാനം ഓഫ് പ്ലാന്‍ സെയില്‍ ഫീസ്, ലാന്‍ഡ് എക്സ്ചേഞ്ച് ഫീസ് അടക്കം 34ഓളം റിയല്‍ എസ്റ്റേറ്റ് രജിസ്ട്രേഷന്‍ ഫീസുകളില്‍ വ്യക്തിഗത നിക്ഷേപകര്‍ക്കും കമ്പനികള്‍ക്കും മുനിസിപ്പാലിറ്റി ഡിപ്പാര്‍ട്മെന്റ് 2020 അവസാനം വരെ ഇളവുകള്‍ അനുവദിച്ചിരുന്നു. എമിറേറ്റിലെ റിയല്‍ എസ്റ്റേറ്റ് മേഖലയെ പിന്താങ്ങുന്നതിനായി സ്വീകരിച്ച നിരവധി നടപടികളില്‍ ഒന്നായിരുന്നു അതെന്ന് അതീഫ് പറഞ്ഞു. അബുദാബിയിലെ അപ്പാര്‍ട്മെന്റുകളുടെ ശരാശരി വില നിലവാരത്തില്‍ കഴിഞ്ഞ വര്‍ഷം 3.8 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. വാടക നിലവാരത്തില്‍ 4.8 ശതമാനം ഇടിവുണ്ടായി. വില്ലകളുടെ വിലയില്‍ 3.4 ശതമാനവും വാടകയില്‍ 3.6 ശതമാനം ഇടിവും ഉണ്ടായതായി ചെസ്റ്റെര്‍ടോണ്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Author

Related Articles