News

ഇന്ധന വിലയും കാലാവസ്ഥയും തിരിച്ചടിയായി; പച്ചക്കറി വില ഉയരുന്നു

തിരുവനന്തപുരം: തക്കാളിക്കും മുരിങ്ങയ്ക്കയ്ക്കും വിപണിയില്‍ തീവില. രണ്ടാഴ്ചയ്ക്കുള്ളിലാണ് പഴുത്ത തക്കാളിക്ക് വില കൂടിയത്. തിരുവനന്തപുരത്ത് ചാല മാര്‍ക്കറ്റില്‍ തക്കാളിയുടെ ഇന്നലത്തെ വില കിലോയ്ക്ക് 50-55 രൂപയായിരുന്നു. രണ്ടാഴ്ച മുന്‍പ് തക്കാളിക്ക് 25-30 രൂപ വരെയായിരുന്നു. പച്ച തക്കാളിക്ക് കിലോയ്ക്ക് 20-25 രൂപ വരെ. മുരിങ്ങയ്ക്കയ്ക്ക് കിലോയ്ക്ക് 60 രൂപയ്ക്കാണ് ഇന്നലെ വിറ്റത്. ഒരാഴ്ച മുന്‍പ് ഇത് 40 രൂപയായിരുന്നു.

ബീന്‍സ്, പാവയ്ക്ക, കോവയ്ക്ക എന്നിവയ്ക്കും നേരിയ തോതില്‍ വില ഉയര്‍ന്നു. മഴ ശക്തമായതും ഉല്‍പാദനത്തിലെ കുറവും ഇന്ധന വില ഉയര്‍ന്നതുമാണ് പച്ചക്കറികള്‍ക്ക് വില ഉയരാന്‍ കാരണമെന്നു വ്യാപാരികള്‍ പറയുന്നു. പൊതുവിപണിയെക്കാള്‍ കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്കു പച്ചക്കറികള്‍ ലഭ്യമാക്കേണ്ട സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനമായ ഹോര്‍ട്ടികോര്‍പ്പില്‍ പഴുത്ത തക്കാളിയുടെ ഇന്നലത്തെ വില കിലോയ്ക്ക് 55 രൂപയായിരുന്നു. മുരിങ്ങയ്ക്ക കിലോയ്ക്ക് 59 രൂപയ്ക്കും പുണെ സവാള കിലോയ്ക്ക് 46 രൂപയ്ക്കുമാണ് ഹോര്‍ട്ടികോര്‍പ് ഇന്നലെ വിറ്റത്.

Author

Related Articles