News

കുതിച്ചുയര്‍ന്ന് പച്ചക്കറി വില; തക്കാളി കിലോഗ്രാമിന് 130 രൂപ

തിരുവനന്തപുരം: തക്കാളിക്ക് പൊതുവിപണിയില്‍ കിലോഗ്രാമിന് 130 രൂപ. മുരിങ്ങയ്ക്കയ്ക്ക് 180 രൂപയും പയറിന് 120 രൂപയുമായി. ബീന്‍സ്, വെള്ളരി, കത്തിരി എന്നിവയുടെ വില 100 കടന്നു.    സര്‍ക്കാര്‍ ഇടപെട്ടിട്ടും പൊതുവിപണിയിലെ പച്ചക്കറി വില കുതിക്കുകയാണ്. ഹോര്‍ട്ടികോര്‍പ് വഴി തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നു പച്ചക്കറികള്‍ കേരളത്തില്‍ എത്തിച്ച് വിതരണം ചെയ്തിട്ടും പൊതുവിപണിയിലെ വില കുറയുന്നില്ല. ഇതര സംസ്ഥാനങ്ങളില്‍ കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് പച്ചക്കറി ലഭ്യത കുറഞ്ഞതിനാലാണ് വില കുത്തനെ ഉയര്‍ന്നതെന്നു ഹോര്‍ട്ടികോര്‍പ് അറിയിച്ചു. ചില കച്ചവടക്കാര്‍ അവസരം മുതലെടുക്കുന്നതായും പരാതിയുണ്ട്.

പൊതുവിപണിയില്‍ നിന്നു 10 മുതല്‍ 40 രൂപ വില കുറച്ചാണ് ഹോര്‍ട്ടികോര്‍പിന്റെയും വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിലെയും പച്ചക്കറി വില്‍പന. തക്കാളിക്ക് കിലോഗ്രാമിന് 56 രൂപയും, മുരിങ്ങയ്ക്കയ്ക്ക് 89 രൂപയും, ബീന്‍സിന് 63 രൂപയും വെള്ളരിക്ക് 27 രൂപയും, കത്തിരിക്ക് 45 രൂപയുമാണ് ഹോര്‍ട്ടികോര്‍പിലെ വില. ബീറ്റ്‌റൂട്ട് കിലോഗ്രാമിന് 29 രൂപ, ഇഞ്ചി 45 രൂപ നിരക്കിലാണു വില്‍ക്കുന്നത്. അതേസമയം, മല്ലിയിലയ്ക്ക് പ്രാദേശിക വിപണിയിലെ 100 രൂപയാണ്(കിലോഗ്രാമിന്) ഹോര്‍ട്ടികോര്‍പ്പിലും ഈടാക്കുന്നത്.

തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ തക്കാളിക്ക് കിലോഗ്രാമിന് 100 രൂപയാണ് ഇന്നലത്തെ വില. പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നു കൃഷി വകുപ്പ് അറിയിച്ചു. ഇടനിലക്കാരെ ഒഴിവാക്കി തമിഴ്‌നാട്ടില്‍ നിന്നു നേരിട്ട് പച്ചക്കറി സംഭരിച്ച് ഹോര്‍ട്ടികോര്‍പ് മുഖേന കേരളത്തില്‍ വില്‍ക്കുന്നതിന്റെ ഭാഗമായി രണ്ടാഴ്ചയ്ക്കുള്ളില്‍ തെങ്കാശിയില്‍ സംഭരണ കേന്ദ്രം തുറക്കുമെന്നും കൃഷി വകുപ്പ് പറഞ്ഞു.

Author

Related Articles