News

വിജയ് മല്യയുടെ കിംഗ്ഫിഷര്‍ ഹൗസ് വിറ്റഴിച്ചു; ഇടപാട് 52 കോടി രൂപയുടേത്

മുംബൈ: വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിംഗ്ഫിഷര്‍ ഹൗസ് വിറ്റഴിച്ചു. ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു സ്വകാര്യ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ക്കാണ് 52 കോടി രൂപക്ക് കിംഗ് ഫിഷര്‍ ഹൗസ് വിറ്റഴിച്ചത്. ഒരു കാലത്ത് കിങ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ ആസ്ഥാനമായിരുന്നു ഇത്. കഴിഞ്ഞ കുറേ നാളുകളായി പ്രവര്‍ത്തന രഹിതമായിരുന്നു.

മുമ്പ് കിംഗ്ഫിഷര്‍ ഹൗസ് വില്‍ക്കാന്‍ നിരവധി തവണ ശ്രമം നടന്നിട്ടുണ്ടെങ്കിലും വില ലഭിക്കാത്തതിനാല്‍ വില്‍പ്പന നീളുകയായിരുന്നു. മുംബൈ എയര്‍പോര്‍ട്ടിന്റെ സമീപമുള്ള പ്രോപ്പര്‍ട്ടിയാണിത്. പ്രോപ്പര്‍ട്ടി വികസിപ്പിക്കാന്‍ കൂടുതല്‍ സാധ്യതകളില്ല. എയര്‍പോര്‍ട്ടിനടുത്തുള്ള വിലേ പാര്‍ലെ പ്രദേശത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

150 കോടി രൂപ വിലയില്‍ 2016 മാര്‍ച്ചില്‍ ആദ്യമായി വസ്തു ലേലം ചെയ്യാന്‍ ബാങ്കുകള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വില ലഭിച്ചില്ല. ഇതിനുശേഷവും വസ്തു ലേലം ചെയ്യാന്‍ നിരവധി ശ്രമങ്ങള്‍ ബാങ്കുകള്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ ആണ് വല്‍പ്പന നടത്തിയത് എങ്കിലും ബാങ്കുകള്‍ക്ക് നല്‍കാനുള്ള വായ്പാ തുക ഇനത്തിലാണ് ഇത് വക ഇരുത്തുക.മല്യയുടെ കിങ് ഫിഷര്‍ ഓഹരികള്‍ വിറ്റ് 7000 കോടി രൂപയില്‍ അധികം ബാങ്കുകള്‍ ഇതോടകം തിരിച്ചു പിടിച്ചിരുന്നു.

65 കാരനായ വിജയ് മല്യയുടെ 12,000 കോടി രൂപ മൂല്യമുള്ള സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടു കെട്ടിയിരുന്നു. ഇതില്‍ സ്ഥാവരജംഗമ സ്വത്തുക്കളും ഉള്‍പ്പെടുന്നു. ഈ സ്വത്തുക്കളില്‍ ഭൂരിഭാഗവും മല്യ ലോണുകള്‍ക്ക് ഈടായി ഉപയോഗിച്ചിരുന്നതാണ്. നേരത്തെ ഈ സ്വത്തുക്കള്‍ ബാങ്കുകള്‍ക്ക് കൈമാറാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിസമ്മതിച്ചിരുന്നു.

Author

Related Articles