News

2023 ഡിസംബറില്‍ വിഴിഞ്ഞം തുറമുഖത്തു നിന്ന് കപ്പല്‍ സര്‍വീസുകള്‍ തുടങ്ങാനാകുമെന്ന് അദാനി

തിരുവനന്തപുരം: 2023 ഡിസംബറില്‍ വിഴിഞ്ഞം തുറമുഖത്തു നിന്ന് കപ്പല്‍ സര്‍വീസുകള്‍ തുടങ്ങാനാകുമെന്ന് അദാനി അധികൃതര്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനു ഉറപ്പു നല്‍കി. തുറമുഖ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ 2024 വരെ സമയം അനുവദിക്കണമെന്ന് കമ്പനി ആര്‍ബിട്രേഷന്‍ അതോറിറ്റിയില്‍ അറിയിച്ചതിനെത്തുടര്‍ന്ന് മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് അദാനി ഗ്രൂപ്പിന്റെ ഉറപ്പ്. നിര്‍മാണം 2 വര്‍ഷത്തിനുള്ളില്‍ തീര്‍ക്കാമെന്നും നിര്‍മ്മാതാക്കള്‍ സര്‍ക്കാരിനെ അറിയിച്ചു.

അടുത്ത വര്‍ഷം അവസാനത്തോടെ വിഴിഞ്ഞത്ത് കപ്പലെത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. തുടര്‍ച്ചയായ പ്രകൃതിക്ഷോഭങ്ങളും പാറക്ഷാമവുമാണ് നിര്‍മാണം നീണ്ടു പോകുന്നതിനുള്ള പ്രധാന കാരണങ്ങളായി അദാനി ഗ്രൂപ്പ് അറിയിച്ചത്. സര്‍ക്കാര്‍ സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാകാത്തതിനാല്‍ പദ്ധതി പ്രദേശത്തിന് ചുറ്റുമതില്‍ നിര്‍മിക്കാനാവുന്നില്ല. പദ്ധതി പ്രദേശത്തേക്കുള്ള റോഡ് നിര്‍മാണം ഇപ്പോഴും പൂര്‍ത്തിയാക്കിയിട്ടില്ലെന്നും കമ്പനി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പദ്ധതിയുടെ നിര്‍മാണ പുരോഗതി വിലയിരുത്തി. അദാനി ഗ്രൂപ്പ് ഉന്നയിച്ചിരിക്കുന്ന പരാതികള്‍ പരിശോധിക്കുമെന്ന് മന്ത്രി പ്രതികരിച്ചു. സര്‍ക്കാരിനെതിരെ അദാനി ഗ്രൂപ്പിന് നിലവില്‍ ആക്ഷേപമില്ല. അദാനി ഗ്രൂപ്പിന്റെ ആവശ്യങ്ങള്‍ പരിശോധിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വിഴിഞ്ഞം തുറമുഖ കമ്പനി എംഡി കെ ഗോപാലകൃഷ്ണനെ ചുമതലപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു.

News Desk
Author

Related Articles