News

നികുതി വെട്ടിക്കുറയ്ക്കണം, തറവില നിശ്ചയിക്കണം; ആവശ്യമുന്നയിച്ച് വോഡഫോണ്‍ ഐഡിയയും ഭാരതി എയര്‍ടെല്ലും

നികുതി വെട്ടിക്കുറയ്ക്കണം, തറവില നിശ്ചയിക്കണം; എങ്കില്‍ മാത്രമേ കടക്കെണിയില്‍ കഴിയുന്ന ടെലികോം കമ്പനികള്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയുകയുള്ളൂവെന്ന് വോഡഫോണ്‍ ഐഡിയയുടെയും ഭാരതി എയര്‍ടെല്ലിന്റെയും മേധാവികള്‍. ക്രമീകരിച്ച മൊത്ത വരുമാന വിഷയത്തില്‍ സുപ്രീം കോടതി വിധി വന്ന സാഹചര്യത്തില്‍ 2018 -ലെ ദേശീയ കമ്മ്യൂണിക്കേഷന്‍സ് ഡിജിറ്റല്‍ നയം അതിവേഗം നടപ്പിലാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. നിലവില്‍ ടെലികോം മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സമ്പാദിക്കുന്ന ഓരോ 100 രൂപയ്ക്കും 30 രൂപ എന്ന കണക്കിന് കമ്പനികള്‍ നികുതി അടയ്ക്കുന്നുണ്ട്. നികുതി നിരക്ക് വെട്ടിക്കുറച്ചാല്‍ മാത്രമേ നിലനില്‍പ്പ് സാധ്യമാവുകയുള്ളൂവെന്ന് ടെലികോം കമ്പനികള്‍ ഒരേസ്വരത്തില്‍ പറയുകയാണ്.

ടെലികോം രംഗത്തു താത്കാലികമായെങ്കിലും തറവില നിശ്ചയിക്കണമെന്ന ആവശ്യവും ഇപ്പോള്‍ ശക്തം. അടുത്ത മൂന്നു, നാലു വര്‍ഷത്തേക്ക് തറവില നിശ്ചയിച്ചാല്‍ ടെലികോം വ്യവസായം ആരോഗ്യം വീണ്ടെടുക്കുമെന്നാണ് ഭാരതി ഇന്‍ഫ്രാടെല്‍ ചെയര്‍മാന്‍ അഖില്‍ ഗുപ്തയുടെ പക്ഷം. ഒന്നുകില്‍ ടെലികോം കമ്പനികള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി അടിസ്ഥാന നിരക്കുകള്‍ നിശ്ചയിക്കണം. അല്ലെങ്കില്‍ ടെലികോം മന്ത്രാലയം ഇടപെട്ട് അനാരോഗ്യകരായ വിലമത്സരമില്ലെന്ന് ഉറപ്പുവരുത്തണം, ഇദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ മൂന്നു സ്വകാര്യ കമ്പനികള്‍ മാത്രമേ ടെലികോം വ്യവസായത്തില്‍ സജീവമായുള്ളൂ. എന്നിട്ടും അനാരോഗ്യകരമായ മത്സരം തുടരുന്നു. ഇപ്പോഴത്തെ പ്ലാന്‍ നിരക്കുകളും പ്രതിശീര്‍ഷ വരുമാനവും നിലനില്‍പ്പിനുള്ള സാഹചര്യം ഒരുക്കുന്നില്ല. നിരക്ക് വര്‍ധനവ് മാത്രമാണ് മുന്നോട്ടേക്കുള്ള പ്രധാന പോംവഴി. നിരക്ക് വര്‍ധിപ്പിച്ചാല്‍ കമ്പനികളുടെ പ്രതിശീര്‍ഷ വരുമാനം കൂടുമെന്ന് ഗുപ്ത പറഞ്ഞു.

നിലവില്‍ ക്രമീകരിച്ച മൊത്തം വരുമാനം ഇനത്തിലെ കുടിശ്ശികയായി 1.4 ലക്ഷം കോടി രൂപ ടെലികോം കമ്പനികളെല്ലാം ചേര്‍ന്ന് സര്‍ക്കാരിലേക്ക് അടച്ചുതീര്‍ക്കാനുണ്ട്. ഇതില്‍ വോഡഫോണ്‍ ഐഡിയയുടെ മാത്രം ബാധ്യത 54,754 കോടി രൂപയാണ്. ഭാരതി എയര്‍ടെല്ലിന് 25,976 കോടി രൂപ കൂടി അടയ്ക്കാനുണ്ട്. എന്തായാലും ഈ കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ പത്തു വര്‍ഷത്തെ സാവകാശം സുപ്രീം കോടതി കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതേസമയം, അടുത്തവര്‍ഷം മാര്‍ച്ച് 31 -നകം മൊത്തം കുടിശ്ശികയുടെ പത്തു ശതമാനം കമ്പനികള്‍ ആദ്യം ഒടുക്കണം. എങ്കില്‍ മാത്രമേ 10 വര്‍ഷത്തെ സാവകാശം ലഭിക്കുകയുള്ളൂ.

News Desk
Author

Related Articles