ഇന്ത്യന്‍ കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക നഷ്ടം രേഖപ്പെടുത്തി വോഡഫോണ്‍ ഐഡിയ
ഇന്ത്യന്‍ കോര്‍പ്പറേറ്റ് വ്യവസായ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക നഷ്ടം രേഖപ്പെടുത്തി രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ വോഡഫോണ്‍ ഐഡിയ. മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 73,878 കോടി രൂപയാണ് കമ്പനിയുടെ അറ്റ നഷ്ടം. സ്പെക്ട്രം ചാര്‍ജ് ഉള്‍പ്പെടെ സുപ്രീം കോടതി വിധി പ്രകാരമുള്ള നിയമാനുസൃത കുടിശ്ശിക നല്‍കുന്നതിനുള്ള വകയിരുത്തല്‍ വന്നതാണ് നഷ്ടം കുന്നുകൂടാനുള്ള കാരണം. 51,400 കോടി രൂപ കുടിശ്ശിക നല്കാന് കമ്പനി നിര്‍ബന്ധിതമായിരുന്നു.2019-20 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 44,957.5 കോടി രൂപയാണ്. 2018-19ല്‍ ഇത് 37,092.5 കോടി രൂപയായിരുന്നു.
ഇക്കഴിഞ്ഞ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ വോഡഫോണ്‍ ഐഡിയയുടെ നഷ്ടം 2019-20 11,643.5 കോടി രൂപയായി ഉയര്‍ന്നു. തൊട്ടു മുന്‍പുള്ള പാദത്തില്‍ ഇത് 6,438.8 കോടി രൂപയായിരുന്നു. 2019 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ 4,881.9 കോടി രൂപയും. ക്രമീകരിച്ച മൊത്ത വരുമാനവുമായി (എജിആര്‍) ബന്ധപ്പെട്ട കുടിശ്ശിക 2016-17 സാമ്പത്തിക വര്‍ഷം വരെയുള്ള കാലയളവില്‍ 58,254 കോടി രൂപയായിരിക്കുമെന്ന് ടെലികോം വകുപ്പ് കണക്കാക്കുന്നു.അതേസമയം, ചില കമ്പ്യൂട്ടര്‍ കണക്കുകളുടെ ക്രമീകരണം നടക്കേണ്ടതിനാല്‍ കമ്പനി അവകാശപ്പെടുന്നത് 46,000 കോടി രൂപ കുടിശ്ശിക എന്നാണ്. ആകെ കുടിശ്ശികയില്‍ ഇതുവരെ 6,854.4 കോടി രൂപയാണ് അടച്ചിട്ടുള്ളത്.
എജിആറുമായി ബന്ധപ്പെട്ട ബാധ്യതകളിലേക്ക് കമ്പനി 1,783.6 കോടി രൂപ മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ അസാധാരണ ഇനമായി ചേര്‍ത്തിട്ടുണ്ട്.ഒറ്റത്തവണ സ്പെക്ട്രം ചാര്‍ജ് (ഒടിഎസ്സി) ആയി 3,887 കോടി രൂപയും. ഇക്കാലത്തെ പ്രവര്‍ത്തന വരുമാനം 11,754.2 കോടി രൂപയാണ്. മുഴുവന്‍ സാമ്പത്തിക വര്‍ഷത്തില്‍ വോഡഫോണ്‍ ഐഡിയയുടെ നഷ്ടം 73,878.1 കോടി രൂപയിലേക്കുയര്‍ന്നത് 2018-19 സാമ്പത്തിക വര്‍ഷത്തിലെ 14,603.9 കോടിയില്‍ നിന്നാണ്. വോഡഫോണ്‍ ഇന്ത്യയും ഐഡിയ സെല്ലുലറും തമ്മിലുള്ള ലയനം 2018 ഓഗസ്റ്റിലാണ് പ്രാബല്യത്തില്‍ വന്നത്.ഇതു മൂലം 2020 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക ഫലങ്ങള്‍ ഒരു വര്‍ഷം മുമ്പത്തെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്താനാവില്ലെന്ന് കമ്പനി അറിയിച്ചു.
രാജ്യത്തെ ടെലികോം മേഖലയില്‍ കഴിഞ്ഞ കുറച്ചു കാലമായുണ്ടായിക്കൊണ്ടിരിക്കുന്ന നാടകീയ സംഭവങ്ങളില്‍ ഏറ്റവും പുതിയതാണ് വോഡഫോണ്‍ ഐഡിയ രേഖപ്പെടുത്തിയ ചരിത്ര നഷ്ടം. ട്രായിയുടെ ഫെബ്രുവരി മാസത്തിലെ കണക്കുകള്‍ പ്രകാരം വരിക്കാരുടെ എണ്ണത്തില്‍ ജിയോയും എയര്‍ടെലും ബിഎസ്എന്‍എലും പിടിച്ചുനിന്നു. എന്നാല്‍, വോഡഫോണ്‍ ഐഡിയക്ക് ഫെബ്രുവരിയില്‍ വന്‍ തിരിച്ചടിയാണ് നേരിട്ടത്. ജനുവരിയിലും തിരിച്ചടിയായിരുന്നു.കൊറോണ കാരണം മിക്ക കമ്പനികളും സാമ്പത്തികമായി വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്.
ഫെബ്രുവരി 29 നു ലഭ്യമായ കണക്കുകള്‍ പ്രകാരം രാജ്യത്തെ മൊത്തം മൊബൈല്‍ ഫോണ്‍ വരിക്കാരുടെ എണ്ണം 116.59 കോടിയാണ്. ഫെബ്രുവരിയില്‍ 41.5 ലക്ഷം പേരാണ് പുതിയതായി ചേര്‍ക്കപ്പെട്ടത്. വോഡഫോണിനും ഐഡിയക്കും നഷ്ടപ്പെട്ടത് 34.67 ലക്ഷം വരിക്കാരെയാണ്. ഡിസംബറില്‍ ജിയോയ്ക്ക് കേവലം 82,308 അധിക വരിക്കാരെയാണ് ലഭിച്ചതെങ്കില്‍ ജനുവരിയില്‍ ഇത് 65.55 ലക്ഷമായി ഉയര്‍ന്നിരുന്നു. എന്നാല്‍ ഫെബ്രുവരിയില്‍ 62 ലക്ഷം പുതിയ വരിക്കാരെയാണ് ലഭിച്ചത്. ഇതോടെ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 38.28 കോടിയായി. നവംബറില്‍ ജിയോയിലേക്ക് വന്നത് 88.01 ലക്ഷം പേരായിരുന്നു.
ഫെബ്രുവരി മാസത്തില്‍ ബിഎസ്എന്‍എല്ലിന് പുതുതായി ലഭിച്ചത് 4.39 ലക്ഷം വരിക്കാരെയാണ്. ഇതോടെ മൊത്തം വരിക്കാരുടെ എണ്ണം 11.92 കോടി ആയി. ഭാരതി എയര്‍ടെലിന് ജനുവരിയില്‍ 9.22 ലക്ഷം വരിക്കാരെ ലഭിച്ചു. ഇതോടെ കമ്പനിയുടെ മൊത്തം വരിക്കാരുടെ എണ്ണം 32.90 കോടിയായി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍