News

വൊഡഫോണ്‍ ഐഡിയ പുതിയ തന്ത്രങ്ങളുമായി വിപണി കീഴടക്കാനൊരുങ്ങുന്നു; റീബ്രാന്റിംഗിലൂടെ 'വീ' ആകുന്നു

ടെലികോം ലോകത്ത് പുതിയ പടപ്പുറപ്പാടിന് ഒരുങ്ങുകയാണ് വൊഡഫോണ്‍ ഐഡിയ. കടബാധ്യത തീര്‍ത്ത് വിപണി നേടാനുള്ള ശ്രമത്തിലാണ് കമ്പനി. റിലയന്‍സ് ജിയോയുടെ വരവ് കമ്പനിയെ സാരമായി ബാധിച്ചിട്ടുണ്ട്. ടെലികോം വിപണി കണ്ട ഏറ്റവും വലിയ ലയനമായിരുന്നു രണ്ടു വര്‍ഷം മുന്‍പ് വൊഡഫോണും ഐഡിയയും തമ്മില്‍ നടത്തിയത്. ഇതുവഴി എതിരാളികളെ പിന്നിലാക്കാമെന്ന് വൊഡഫോണ്‍ ഐഡിയ കണക്കുകൂട്ടി. പക്ഷെ നടന്നത്, തകര്‍ച്ചയില്‍ നിന്നും കൂടുതല്‍ തകര്‍ച്ചയിലേക്ക് കമ്പനി വീണു. ഒരുകാലത്തു രാജ്യത്തെ ടെലികോം വിപണി അടക്കിവാണ ഐഡിയയും വൊഡഫോണും ഒത്തുപിടിച്ചിട്ടും റിലയന്‍സ് ജിയോ എന്ന വന്‍മരത്തിന് കുലുക്കമുണ്ടായില്ല.

എന്തായാലും മത്സരരംഗത്തു ശക്തമായി തിരിച്ചുവരാനുള്ള കര്‍മ്മപദ്ധതി വൊഡഫോണ്‍ ഐഡിയ ലിമിറ്റഡ് ആവിഷ്‌കരിച്ചു കഴിഞ്ഞു. പേരുമാറ്റമാണ് ഇതില്‍ ആദ്യത്തേത്. വൊഡഫോണ്‍ ഐഡിയ എന്ന നാമധേയം കമ്പനി ഉപേക്ഷിച്ചു. പകരം വീ (Vi) എന്ന് പേരില്‍ വൊഡഫോണ്‍ ഐഡിയ ലിമിറ്റഡ് വിപണിയില്‍ അറിയപ്പെടും. 'പുതിയ തുടക്കത്തിന് സമയമാണിത്. വൊഡഫോണ്‍ ഇന്ത്യ, ഐഡിയ കമ്പനികളുടെ ബിസിനസ് പൂര്‍ണമായി സംയോജിച്ചു കഴിഞ്ഞു. ഇനി സേവനങ്ങള്‍ ഒരു കുടക്കീഴില്‍ വരും. ലോകത്തെ ഏറ്റവും വലിയ ടെലികോം ലയനമാണിത്', കമ്പനിയുടെ പേരുമാറ്റം അറിയിച്ചുകൊണ്ട് സിഇഓ രവീന്ദര്‍ താക്കര്‍ പറഞ്ഞു.

2018 ഓഗസ്റ്റിലാണ് വൊഡഫോണ്‍ ഇന്ത്യയും ഐഡിയ സെല്ലുല്ലാറും ലയിക്കാന്‍ തീരുമാനിച്ചത്. ലയനം നടന്നെങ്കിലും രണ്ടു വ്യത്യസ്ത ബ്രാന്‍ഡുകളായിത്തന്നെ കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തിച്ചു. പ്രാദേശിക മേഖലകളില്‍ ഐഡിയയും നഗര മേഖലകളില്‍ വൊഡഫോണും ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു. എന്തായാലും ഇനി സേവനങ്ങളെല്ലാം ഒരുകുടക്കീഴില്‍ വരും. നിലവില്‍ കടബാധ്യതയാണ് കമ്പനിയെ അലട്ടുന്ന പ്രധാന പ്രശ്നം. ക്രമീകരിച്ച മൊത്തം വരുമാനം ഇനത്തില്‍ ഭീമമായ തുക കുടിശ്ശികയായി സര്‍ക്കാരിലേക്ക് അടച്ചുതീര്‍ക്കേണ്ടതുണ്ട്. കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ 10 വര്‍ഷത്തെ സാവകാശമാണ് സുപ്രീം കോടതി നല്‍കിയിരിക്കുന്നതും.

എന്തായാലും 25,000 കോടി രൂപയുടെ ധനസമാഹരണത്തിന് (ഫണ്ട് റെയ്സിങ്) വൊഡഫോണ്‍ ഐഡിയ ബോര്‍ഡ് സെപ്തംബര്‍ നാലിന് അംഗീകാരം നല്‍കിയിട്ടുണ്ട്. കമ്പനിയുടെ തിരിച്ചുവരവിന് ഈ ചുവടുവെയ്പ്പ് നിര്‍ണായകമാവും. ബ്രാന്‍ഡ് ഏകീകരിക്കുക വഴി ഡിജിറ്റല്‍ ലോകത്ത് ശക്തമായി നിലയുറപ്പിക്കാന്‍ കഴിയുമെന്നാണ് വൊഡഫോണ്‍ ഇന്ത്യയുടെ പ്രതീക്ഷ.

ഐഡിയയുമായി ലയിക്കുമ്പോള്‍ മൊത്തം 408 ദശലക്ഷം ഉപയോക്താക്കളുണ്ടായിരുന്നു കമ്പനിക്ക്. എന്നാല്‍ 2020 ജൂണ്‍ പിന്നിടുമ്പോള്‍ വരിക്കാരുടെ എണ്ണം 280 ദശലക്ഷത്തിലേക്ക് ചുരുങ്ങി. മെയ് മാസം മാത്രം വൊഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ കമ്പനികള്‍ക്ക് 47 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടത്.

വൊഡഫോണ്‍ ഐഡിയ നിര്‍ണായക തീരുമാനം പ്രഖ്യാപിക്കാനിരിക്കെ തിങ്കളാഴ്ച്ച ഓഹരി വിപണിയില്‍ നേട്ടത്തോടെയാണ് കമ്പനി വ്യാപാരം തുടങ്ങിയത്. രാവിലത്തെ സെഷനില്‍ 10 ശതമാനംവരെ വൊഡഫോണ്‍ ഐഡിയ ഓഹരികള്‍ കുതിച്ചു. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷവും നാലു ശതമാനത്തോളം നേട്ടം വൊഡഫോണ്‍ ഐഡിയ ഓഹരികള്‍ കയ്യടക്കുകയാണ്.

Author

Related Articles