News

ഉപഭോക്തൃ ഉല്‍പ്പന്നങ്ങളില്‍ ആവശ്യകത വര്‍ധിക്കുന്നുവെന്ന് ഗോദ്‌റെജ്

മുംബൈ: രാജ്യത്ത് ഉപഭോക്തൃ ഉല്‍പ്പന്നങ്ങളില്‍ ഡിമാന്റ് വര്‍ധിച്ച് വരുന്നതായി ഗോദ്‌റെജ് . പേഴ്‌സണല്‍,ഹോംകെയര്‍ വിഭാഗത്തില്‍ ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡില്‍ നിന്നും പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയതിന് പുറമേ പ്രചരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഇത് ഡിമാന്റ് വര്‍ധിക്കാന്‍ ഇടയാക്കിയതായി കമ്പനി വ്യക്തമാക്കി. രാജ്യത്ത് ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ ഉപഭോഗത്തില്‍ ഇന്നും വെല്ലുവിളി നിലനില്‍ക്കുന്നുണ്ട്. ഡിമാന്റ് ഏറ്റവും കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലും ഡിസംബര്‍ പാദത്തില്‍ മുന്‍ പാദത്തേക്കാള്‍ മികവ് പുലര്‍ത്താന്‍ കമ്പനിക്ക് സാധിച്ചു.

വിപണിയില്‍ പുതുതായി അവതരിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച പ്രതികരണം  ലഭിച്ചിരുന്നു. ഒപ്പം തന്നെ മാര്‍ക്കറ്റിങ് കാമ്പയിനുകള്‍ ഫലം കണ്ടതായി കമ്പനി പുറത്തിറക്കിയവാര്‍ത്താ കുറിപ്പില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ജിസിപിഎല്‍ പുറത്തിറക്കിയ പേഴ്‌സണല്‍,ഹോംകെയര്‍ ഉല്‍പ്പന്നങ്ങളില്‍ മികച്ച തോതിലുള്ള ഡിമാന്റുണ്ടായി. വിപണിയില്‍ രാജ്യത്തെ എഫ്എംസിജി മേഖല പൊതുവേ മാന്ദ്യം നേരിടുന്ന സാഹചര്യത്തിലാണ് ഗോദ്‌റെജിന് നേട്ടമുണ്ടാക്കാനായത്. ഡിസംബര്‍ പാദത്തിലെ വില്‍പ്പന സംബന്ധിച്ച വിശദവിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ ഗോദ്‌റെജ് പുറത്തുവിടുമെന്നാണ് സൂചന.

കമ്പനിയുടെ അന്താരാഷ്ട്ര ബിസിനസിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രധാനമായും ലാറ്റിനമേരിക്ക,ഇന്തോനേഷ്യ,ആഫ്രിക്ക,യുഎസ്എ,പശ്ചിമേഷ്യന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും വില്‍പ്പന വളര്‍ച്ചയില്‍ നേട്ടമുണ്ടാക്കാനായി. സാര്‍ക് രാജ്യങ്ങളിലും ഗോദ്‌റെജ് ശക്തായ പ്രകടനം കാഴ്ചവെച്ചതായി കമ്പനി അറിയിച്ചു.വരും വര്‍ഷങ്ങളില്‍ ഗോദ്‌റെജിന്റെ സോപ്പ്,കൊതുകുനാശിനി ബ്രാന്റുകള്‍ക്കും വന്‍ വില്‍പ്പന നേടാനാകുമെന്നാണ് കരുതുന്നത്. സര്‍ക്കാരിന്റെ പ്രചോദനപരമായ പദ്ധതികളും മണ്‍സൂണും ഉപഭോക്താക്കളുടെ ഡിമാന്റ് വര്‍ധിപ്പിക്കുമെന്ന് വിലയിരുത്തലുണ്ട്. കഴിഞ്ഞ വാരം രാജ്യത്തെ പ്രമുഖ ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനിയായ മരികോ ലിമിറ്റഡിന്റെ മൂന്നാംപാദ പ്രകടനത്തില്‍ മങ്ങലേറ്റതായി വാര്‍ത്തകള്‍ വന്നിരുന്നു.

 

News Desk
Author

Related Articles