News

റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനം എന്നാല്‍ എന്താണ്? എവിടെ നിന്നും എത്തുന്ന പണമാണിത്? ആര്‍ബിഐയുടെ ബാധ്യതകളില്‍ പകുതിയിലധികവും അച്ചടിക്കുന്ന കറന്‍സി നോട്ടുകളാണെന്നതും അറിയണേ

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന് കരുതല്‍ ധനത്തില്‍ നിന്നും 1.76 ലക്ഷം കോടി രൂപ് കൈമാറാന്‍ ആര്‍ബിഐ തീരുമാനമെടുത്തിരിക്കയാണ്. മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ബിമല്‍ ജലാന്‍ സമതിയുടെ ശുപാര്‍ശയ്ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്ര ബോര്‍ഡിന്റെ അംഗീകാരം വന്നതോടെ സര്‍ക്കാരിന്റെ ധനക്കമ്മി കുറയ്ക്കുന്നതിന് ഇത് സഹായകരമാവും എന്ന അഭിപ്രായവും ഉയരുന്നു. എന്നാല്‍ ഈ വേളയില്‍ എന്താണ് റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനം എന്നറിയാനുള്ള ശ്രമത്തിലാണ് ഏവരും. എന്തിനാണ് റിസര്‍വ് ബാങ്കിന്റെ പക്കല്‍ ഇത്രയധികം പണം? ആര്‍.ബി.ഐയുടെ പക്കലുള്ള കരുതല്‍ ധനം ഇത്തരത്തില്‍ വെറുതെ ചെലവഴിച്ച് കളയാനുള്ളതല്ല.

മറിച്ച്, സാമ്പത്തിക രംഗത്തെ അപ്രതീക്ഷിതമായ സാഹചര്യം മറികടക്കുന്നതിനാണ് കരുതല്‍ ധനം ഉപയോഗിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയുടെ സൂചകമാണ് കരുതല്‍ ധനം എന്നത്.   ആര്‍ബിഐക്ക് പ്രത്യേകമായി ട്രഷറി സംവിധാനമുണ്ട്. ഇതില്‍ നിന്നുള്ള വരുമാനത്തിന്റെ ഒരു പങ്കാണ് കരുതല്‍ ധനമായി സൂക്ഷിക്കുന്നത്. കറന്‍സി, സ്വര്‍ണം വിപണിയിലെ ഇടപാടുകളാണ് വരുമാനത്തിന്റെ മുഖ്യ സ്രോതസ്സ്. ആര്‍ബിഐ വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയ്ക്ക് ലഭിക്കുന്ന പലിശയും മറ്റൊരു വരുമാനമാണ്.

ഡോളര്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുമ്പോള്‍ നേടുന്ന ലാഭം, വിപണിയിലെ വിനിമയ നിരക്കുകളിലെ കയറ്റിറക്കത്തെ ആശ്രയിച്ചാണ്. വിവിധ കറന്‍സികളില്‍ നടത്തുന്ന ഇടപാടുകളും വരുമാന വര്‍ധനയ്ക്കു വഴിയൊരുക്കുന്നു. മറ്റ് രാജ്യങ്ങളിലെ കരുതല്‍ ധനത്തിന്റെ തോത് നോക്കുമ്പോള്‍ ആര്‍ബിഐയുടെ ആസ്തി വളരെ കൂടുതലാണെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു.

റിസര്‍വ് ബാങ്കിനും ബാലന്‍സ് ഷീറ്റുണ്ടേ

2017-18 ല്‍ റിസര്‍വ് ബാങ്കിന്റെ ബാലന്‍സ് ഷീറ്റ് എന്നത് 36.2 ലക്ഷം കോടി രൂപയായിരുന്നു. ഒരു കമ്പനിയുടെ ബാലന്‍സ് ഷീറ്റില്‍ നിന്നും വ്യത്യസ്തമാണ് ആര്‍ബിഐയുടെ ബാലന്‍സ് ഷീറ്റ്. അതില്‍ രേഖപ്പെടുത്തിയിരിക്കുന്ന ബാധ്യതകളുടെ പകുതിയിലധികവും അച്ചടിക്കുന്ന കറന്‍സി നോട്ടുകളാണ്. 26 ശതമാനം പങ്കാണ് കരുതലായി പ്രതിനിധീകരിക്കുന്നത്. ഇവ പ്രധാനമായും വിദേശ, ഇന്ത്യന്‍ ഗവണ്‍മെന്റ് സെക്യൂരിറ്റികളിലാണ് (പ്രധാനമായും ഈ സര്‍ക്കാരുകള്‍ കടം വാങ്ങുന്ന പലിശ നിരക്ക് വഹിക്കുന്ന പ്രോമിസറി നോട്ടുകള്‍) സ്വര്‍ണ്ണത്തിലും നിക്ഷേപിക്കുന്നത്.

566 ടണ്‍ സ്വര്‍ണമാണ് റിസര്‍വ് ബാങ്കിന്റെ കൈവശമുള്ളത്. ഫോറെക്‌സ് ആസ്തികളോടൊപ്പം സ്വര്‍ണത്തിന്റെ 77 ശതമാനവും ചേരുന്നുണ്ട്.  ചില സമയങ്ങളില്‍, ധനകാര്യ മന്ത്രാലയവും റിസര്‍വ് ബാങ്കും അതിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന്  റിസര്‍വ് ബാങ്ക് എത്രത്തോളം കരുതല്‍ ധനം പുലര്‍ത്തണം എന്ന കാര്യത്തില്‍ വിയോജിപ്പുണ്ട്. കരുതല്‍ വരുമാനത്തില്‍ റെക്കോര്‍ഡ് കൈവരിച്ച കാഴ്ച്ചയ്ക്കായിരുന്നു ആര്‍ബിഐ കഴിഞ്ഞ വര്‍ഷം സാക്ഷിയായത്. ഫോറെക്‌സ് മാര്‍ക്കറ്റുകളില്‍ വലിയ ലാഭത്തില്‍ ഡോളര്‍ വില്‍ക്കുകയും ബോണ്ട് വാങ്ങല്‍ അടക്കമുള്ള ഓപ്പണ്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനങ്ങളില്‍ നേട്ടം കൊയ്യുകയും ചെയ്തിരുന്നു.

ഈ വേളയിലാണ് ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ ബിമല്‍ ജലന്‍ പാനല്‍ റിസര്‍വ് ബാങ്കിനായി ഒരു സാമ്പത്തിക മൂലധന ചട്ടക്കൂട് ശുപാര്‍ശ ചെയ്തത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട് കിടക്കുന്ന വേളയില്‍ റിസര്‍വ് ബാങ്കിന് ആവശ്യമുള്ളതിനേക്കാള്‍ മൂലധനം കൈവശമിരിക്കുന്ന സാഹചര്യത്തില്‍ പണം കൈമാറാന്‍ ബോര്‍ഡ് തീരുമാനമെടുക്കുകയായിരുന്നു. ഇതിനോടകം 52637 കോടി രൂപയ്ക്ക് മേല്‍ തുക കരുതല്‍ നിക്ഷേപത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാരിന് റിസര്‍വ് ബാങ്ക് കൈമാറിയെന്നാണ് വിവരം.

Author

Related Articles