News

വാട്ട്സ്ആപ്പ് പേയ്ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി; ഇന്നുമുതല്‍ ഇടപാട് നടത്താം

ഇന്ത്യന്‍ പേയ്മെന്റ് രംഗത്ത് വന്‍ വഴിത്തിരിവായി ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പിന് ഇന്ത്യയില്‍ യുപിഐ ഇടപാടുകള്‍ ആരംഭിക്കാന്‍ അനുമതി ലഭിച്ചു. യുപിഐയില്‍ നിലവില്‍ പരമാവധി രജിസ്റ്റര്‍ ചെയ്യാവുന്ന ഉപഭോക്താക്കളുടെ എണ്ണം 20 ദശലക്ഷമാണ്. പിന്നീട് ഘട്ടം ഘട്ടമായി വാട്ട്സ്ആപ്പിന് യുപിഐ ഉപയോക്തൃ അടിത്തറ വിപുലീകരിക്കാന്‍ കഴിയുമെന്ന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) പ്രസ്താവനയില്‍ പറഞ്ഞു.

400 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള വാട്സ്ആപ്പിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. ഉപഭോക്താക്കളുമായി ബന്ധപ്പെടാന്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്ന 15 ദശലക്ഷം ചെറുകിട ബിസിനസ്സ് ഉപയോക്താക്കളാണ് വാട്സ്ആപ്പിന് ഇന്ത്യയില്‍ ഇതിനകം ഉള്ളത്. വാട്ട്സ്ആപ്പിന്റെ പേയ്മെന്റ് സേവനം 2018 മുതല്‍ ചില നൂലാമാലകളില്‍പ്പെട്ടു കിടക്കുകയായിരുന്നു. വാട്ട്സ്ആപ്പിനെതിരായ പരാതികള്‍ സുപ്രീം കോടതിയിലും ഇന്ത്യയിലെ കോംപറ്റീഷന്‍ കമ്മീഷനിലും ഫയല്‍ ചെയ്തിട്ടുണ്ട്.

ഉപഭോക്താക്കളുടെ സ്വകാര്യത, സുരക്ഷ എന്നിവയാണ് വലിയ ആശങ്കയായി നിലനില്‍ക്കുന്നത്. വാണിജ്യ സംരംഭമായ ജിയോ മാര്‍ട്ടിനായി മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയിലുമായി ഫേസ്ബുക്ക് അടുത്തിടെ പങ്കാളിയായിരുന്നു. ഇന്ത്യയിലുടനീളം പേയ്മെന്റുകള്‍ ആരംഭിക്കാന്‍ വാട്സ്ആപ്പിന് അനുമതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു.

വാട്ട്സ്ആപ്പിന്റെ പത്ത് ഇന്ത്യന്‍ പ്രാദേശിക ഭാഷാ പതിപ്പുകളില്‍ പേയ്മെന്റുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇതിനായി നിങ്ങള്‍ക്ക് വേണ്ടത് യുപിഐയെ പിന്തുണയ്ക്കുന്ന ഒരു ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡ് മാത്രമാണ്. വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പില്‍ നിങ്ങള്‍ക്ക് പേയ്‌മെന്റ് ഓപ്ഷന്‍ ലഭിക്കുമെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു.

Author

Related Articles