News

കോവിഡില്‍ ഉലഞ്ഞ് ലോകസമ്പദ് വ്യവസ്ഥ; ജിഡിപി ഇടിഞ്ഞ് ഈ രാജ്യങ്ങളും

ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദം വളര്‍ച്ചാ നിരക്ക് 23.9 ശതമാനം ഇടിഞ്ഞിരിക്കുന്നു. കൊവിഡ് ഭീതിയിലും ലോക്ക്ഡൗണിലും ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ പാടെ തെറ്റി. എന്നാല്‍ ഈ ചിത്രം ഇന്ത്യയുടേത് മാത്രമല്ല.

ലോകത്തെ സുപ്രധാന സാമ്പത്തിക ശക്തികളെല്ലാം കൊവിഡ് കാലത്ത് നിലകിട്ടാതെ നട്ടംതിരിയുകയാണ്. മിക്കവരും കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് തുറിച്ചുനോക്കുന്നു. പക്ഷെ ചൈന മാത്രം ഒഴുക്കിനെതിരെ അത്ഭുതകരമായി നീന്തുന്നത് കാണാം. ഏപ്രില്‍ - ജൂണ്‍ കാലത്ത് 3.2 ശതമാനം വളര്‍ച്ചയാണ് ചൈന കുറിച്ചത്. എന്തായാലും ഈ അവസരത്തില്‍ ജി7 രാജ്യങ്ങളുടെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി ചുവടെ പരിശോധിക്കാം. ഇന്ത്യ മാത്രമല്ല തകര്‍ന്നു നില്‍ക്കുന്നത്, ജിഡിപി വീഴ്ച്ചയില്‍ നട്ടംതിരിഞ്ഞ് ഈ രാജ്യങ്ങളും

യുണൈറ്റഡ് കിങ്ഡം

കൊവിഡ് കാലത്ത് മൊത്തം ആഭ്യന്തര വളര്‍ച്ചയില്‍ ഏറ്റവുമധികം കൂപ്പുകുത്തിയ സാമ്പത്തിക ശക്തിയാണ് യുകെ. ഏപ്രില്‍ - ജൂണ്‍ പാദത്തില്‍ യുകെയുടെ വളര്‍ച്ച നെഗറ്റീവ് 20.4 ശതമാനം തൊട്ടു. തുടര്‍ച്ചയായി രണ്ടാം തവണയാണ് യുകെ ആഭ്യന്തര വളര്‍ച്ചയില്‍ പിന്നാക്കം പോകുന്നത്. കൊവിഡ് വ്യാപനം തടയാന്‍ യുകെ സര്‍ക്കാര്‍ കൈക്കൊണ്ട നിയന്ത്രണങ്ങള്‍ വീഴ്ച്ചയുടെ ആഘാതം കൂട്ടുന്നു. ഉത്പാദന, നിര്‍മ്മാണ, സേവന മേഖലകളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊവിഡ് കാലത്ത് യുകെ ഏര്‍പ്പെടുത്തിയിരുന്നു.

ഫ്രാന്‍സ്

13.8 ശതമാനം ഇടിവാണ് ജിഡിപി വളര്‍ച്ചാ നിരക്കില്‍ ഫ്രാന്‍സ് രേഖപ്പെടുത്തിയത്. കൊറോണ വൈറസ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ രാജ്യത്തിന്റെ വളര്‍ച്ചയെ സാരമായി ബാധിച്ചു. മറ്റു യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഫ്രാന്‍സിന്റെ ഇപ്പോഴത്തെ സാമ്പത്തികസ്ഥിതി ഒരല്‍പ്പം രൂക്ഷമാണ്.

ഇറ്റലി

ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ 12.4 ശതമാനം തകര്‍ച്ചയാണ് ഇറ്റലിയെ തേടിയെത്തിയത്. 1995 -ന് ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ തകര്‍ച്ചയാണ് ഇപ്പോഴത്തേത്. നേരത്തെ, മുന്‍ പാദത്തില്‍ 5.4 ശതമാനം ഇടിവ് ആഭ്യന്തര വളര്‍ച്ചയില്‍ ഇറ്റലി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഇറ്റലിയുടെ സാമ്പത്തിക അടിത്തറ പാടെ ഇളകി. കൊവിഡ് കാലത്ത് അടിയന്തര ആരോഗ്യ സാഹചര്യങ്ങള്‍ നേരിടാന്‍ വലിയ തുക ഇറ്റലി ചിലവാക്കിയിരുന്നു.

കാനഡ

മുന്‍ പാദത്തെ അപേക്ഷിച്ച് 12 ശതമാനം ജിഡിപി ഇടിവോടെയാണ് ഏപ്രില്‍ - ജൂണ്‍ കാലം കാനഡ പിന്നിട്ടത്. കൊവിഡ് വേളയില്‍ ഉപഭോക്താക്കളുടെ വാങ്ങല്‍ശേഷി കുറഞ്ഞതും ബിസിനസ് നിക്ഷേപങ്ങള്‍ നടക്കാതെ പോയതും രാജ്യത്തിന് തിരിച്ചടിയായി. ഒപ്പം കയറ്റുമതിയിലും ഇറക്കുമതിയിലും വലിയ കുറവ് കാനഡ കണ്ടു.

ജര്‍മനി

മൊത്തം ആഭ്യന്തര വളര്‍ച്ചയില്‍ 10.1 ശതമാനം ഇടിവ് ജര്‍മനി രേഖപ്പെടുത്തുന്നു. ജര്‍മനിയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് വളര്‍ച്ചാ നിരക്ക് ഇത്രയേറെ താഴോട്ടു പോകുന്നത്.

അമേരിക്ക

ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ അമേരിക്കയുടെ ജിഡിപി നിരക്ക് 9.5 ശതമാനം ഇടിവാണ് കണ്ടത്. 1947 -ന് ശേഷം അമേരിക്ക അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സാമ്പത്തികപാദ തകര്‍ച്ചയും ഇപ്പോഴത്തേതുതന്നെ. കൊവിഡ് മഹാമാരിക്ക് മുന്‍പ് ജി7 രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് പ്രകടമാക്കിയ രാജ്യമായിരുന്നു അമേരിക്ക.

ജപ്പാന്‍

7.6 ശതമാനം ഇടിവോടെയാണ് ഏപ്രില്‍ - ജൂണ്‍ കാലം ജപ്പാന്‍ കടന്നുപോയത്. 1980 -ന് ശേഷം ഇതുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ ജപ്പാന്റെ സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും മോശം സമയമാണിത്. 2008 -ല്‍ രാജ്യം നേരിട്ട തീക്ഷ്ണമായ ആഗോള സാമ്പത്തിക പ്രതിസന്ധിയെപ്പോലും കൊവിഡ് കാലം പിന്നിലാക്കുന്നു.

News Desk
Author

Related Articles