News

ബ്ലോക്ക്‌ചെയിന്‍ സാങ്കേതിക വിദ്യയെ പിന്തുണച്ച് മുകേഷ് അംബാനി

ന്യൂഡല്‍ഹി: ബ്ലോക്ക്‌ചെയിന്‍ സാങ്കേതിക വിദ്യയെ പിന്തുണച്ച് വ്യവസായ ഭീമന്‍ മുകേഷ് അംബാനി. ക്രിപ്‌റ്റോ കറന്‍സിയില്‍ നിന്നും വ്യത്യസ്തമാണ് ബ്ലോക്ക് ചെയിന്‍. വിശ്വാസ്യതയില്‍ അധിഷ്ഠിതമായ കൂടുതല്‍ തുല്യതയുള്ള സമൂഹത്തെ ബ്ലോക്ക്‌ചെയിന്‍ സൃഷ്ടിക്കുമെന്നും അംബാനി പറഞ്ഞു. ഇന്‍ഫിനിറ്റി ഫോറം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജിയെ കുറിച്ച് അംബാനി പ്രസ്താവന നടത്തിയത്.

ഡാറ്റ സ്വകാര്യത ബില്ലും ക്രിപ്‌റ്റോ കറന്‍സി ബില്ലും ഈ രംഗത്തെ പ്രധാനപ്പെട്ട മുന്നേറ്റങ്ങളാണ്. ഡിജിറ്റല്‍ ലോകത്ത് പുരോഗമനപരമായ നയങ്ങളും നിയന്ത്രണങ്ങളുമാണ് ഇന്ത്യ കൊണ്ടു വരുന്നത്. ഡാറ്റയാണ് പുതിയ എണ്ണ. സ്വകാര്യതക്ക് വേണ്ടി രാജ്യത്ത് നടപ്പാക്കിയ നിയമങ്ങള്‍ എല്ലാ പൗരന്‍മാര്‍ക്കും സുരക്ഷ നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡാറ്റയും ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളും ഇന്ത്യക്കും മറ്റെല്ലാ രാജ്യങ്ങള്‍ക്കും പ്രധാനപ്പെട്ടതാണ്. എല്ലാ രാജ്യങ്ങള്‍ക്കും ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും അത് സംരക്ഷിക്കാനുമുള്ള അവകാശമുണ്ട്. ഒപ്ടിക്കല്‍ ഫൈബര്‍, ക്ലൗഡ്, ഡാറ്റ സെന്റര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയില്‍ ഇനി റിലയന്‍സ് ശ്രദ്ധകേന്ദ്രീകരിക്കും. അടുത്ത വര്‍ഷത്തോടെ 5ജി സേവനം അവതരിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അംബാനി പറഞ്ഞു.

ക്രിപ്‌റ്റോ കറന്‍സിയെ നിയന്ത്രിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെയാണ് ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയെ പിന്തുണച്ച് രാജ്യത്തെ ഏറ്റവും വലിയ വ്യവസായി തന്നെ രംഗത്തെത്തിയിരിക്കുന്നത്. ഡിജിറ്റല്‍ കറന്‍സികളുടെ സമ്പൂര്‍ണ്ണ നിരോധനമല്ല നിയന്ത്രണമാണ് ഉദ്ദേശിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Author

Related Articles