News

വായ്പ തിരിച്ചടവില്‍ ബോധപൂര്‍വം വീഴ്ചവരുത്തി; കോവിഡാനന്തരം 62,000 കോടി രൂപയുടെ റെക്കോഡ് വര്‍ധന

ന്യൂഡല്‍ഹി: കോവിഡാനന്തരം ബാങ്ക് വായ്പ തിരിച്ചടക്കുന്നതില്‍ ബോധപൂര്‍വം വീഴ്ചവരുത്തുന്നവരുടെ എണ്ണത്തില്‍ 10 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്ന് വിലിയിരുത്തല്‍. കോവിഡിനുശേഷം 62,970 കോടി രൂപയുടെ റെക്കോഡ് വര്‍ധനവാണ് ഈയിനത്തിലുണ്ടായിട്ടുള്ളത്. മൊത്തം കിട്ടാക്കടമാകട്ടെ 2019 ഡിസംബറിലെ 6.22 ലക്ഷം കോടി രൂപയില്‍ നിന്ന് 2021 ജൂണിലെത്തിയപ്പോള്‍ 6.85 ലക്ഷം കോടിയായി.

പണവും മറ്റ് ആസ്തികള്‍ ഉണ്ടായിട്ടും ബോധപൂര്‍വം ബാങ്ക് വായ്പ തിരിച്ചടക്കാത്തവരെയാണ് ഈ വിഭാഗത്തില്‍പ്പെടുത്തിയിട്ടുള്ളത്. ജൂണിലെ കണക്കുപ്രകാരം ഇത്തരത്തില്‍ 26,022 എണ്ണമാണുള്ളത്. പണം ലഭിക്കാനുള്ളവയില്‍ പൊതുമേഖല ബാങ്കുകളുടെ വിഹിതം 77.4ശതമാനമാണ്. ജൂണിലെ കണക്കുപ്രകാരം 5.3 ലക്ഷം കോടി രൂപയാണ് പൊതുമേഖല ബാങ്കുകള്‍ക്ക് ലഭിക്കാനുള്ളത്.

കുടിശ്ശിക വരുത്തിയവര്‍ പണംതിരികെ നല്‍കുമെന്ന് ഉറപ്പാക്കാന്‍ നടപടിയെടുക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനായി സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദംചെലുത്തും. കിട്ടാക്കടം കുറക്കാന്‍ മറ്റുമാര്‍ഗമില്ല. വായ്പ തിരിച്ചടക്കാതെ രാജ്യംവിടുന്നവരുടെ ആസ്തികള്‍ കണ്ടുകെട്ടി ബാങ്കുകള്‍ക്ക് കൈമാറാന്‍ നടപടിയെടുക്കുമെന്നും അവര്‍ വ്യക്തമാക്കി. 25 ലക്ഷം രൂപക്കുമുകളില്‍ വായ്പയെടുത്ത് ബോധപൂര്‍വം തിരിച്ചടക്കാത്തവരെയാണ് വില്‍ഫുള്‍ ഡീഫാള്‍ട്ടേഴ്സായി കണക്കാക്കുന്നത്.

Author

Related Articles