News

ആംബുലന്‍സും ഫയര്‍ എഞ്ചിനും അടക്കമുള്ളവയ്ക്ക് തടസമുണ്ടാക്കിയാല്‍ 10,000 രൂപ പിഴ; റോഡ് നിയമങ്ങള്‍ ലംഘിച്ചാല്‍ കനത്ത പിഴയീടാക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി; മോട്ടോര്‍ വാഹന ബില്‍ ഭേദഗതിക്ക് ലോക്‌സഭയുടെ അംഗീകാരം

ഡല്‍ഹി: ഇനി മുതല്‍ റോഡ് നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ കീശ നന്നായി കീറുമെന്നുറപ്പ്. രാജ്യത്തെ റോഡ് സുരക്ഷ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി മാട്ടോര്‍ വാഹന ബില്‍ ഭേദഗതിക്ക് ലോക്‌സഭയുടെ അംഗീകാരം നല്‍കിയതോടെ മുഖ്യ നിര്‍ദ്ദേശങ്ങളും നിയമം ലംഘിച്ചാല്‍ അടയ്‌ക്കേണ്ട പിഴ തുകയെ പറ്റിയുമാണ് ചര്‍ച്ച സജീവമാകുന്നത്. മാത്രമല്ല ബില്‍ പ്രകാരമുള്ള പുതിയ ഭേദഗതികള്‍ സംസ്ഥാന സര്‍ക്കാരുകളുടെ അവകാശം കവരില്ലെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

മാത്രമല്ല 18 വയസ് തികയാത്ത കുട്ടികള്‍  വാഹനമോടിച്ച് അപകടമുണ്ടാക്കുമ്പോള്‍, രക്ഷിതാക്കളെ ശിക്ഷിക്കുന്ന വ്യവസ്ഥയും ബില്ലിലുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. ഇതിനെതിരെ  എന്‍.കെ പ്രേമചന്ദ്രന്‍ രംഗത്തുവന്നെങ്കിലും ഭേദഗതി അംഗീകരിച്ചില്ല. രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് വാഹനത്തിന്റെ താക്കോല്‍ നല്‍കരുതെന്നും ഗഡ്ക്കരി സഭയില്‍ ചൂണ്ടിക്കാട്ടി. 

രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളായ ഓല, ഊബര്‍ തുടങ്ങിയവയേയും മോട്ടോര്‍ വാഹന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നു. അപകടങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബില്ലില്‍ ഭേദഗതി കൊണ്ടുവന്നതെന്ന് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. അതേസമയം ഡ്രൈവര്‍മാര്‍ക്ക് വിദ്യാഭ്യാസയോഗ്യത മാനദണ്ഡമാക്കണമെന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്.

ബില്ലിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവ:

ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിച്ചാല്‍ 1000 രൂപ പിഴ (നിലവില്‍ 100). മദ്യപിച്ച് വാഹനമോടിച്ചാല്‍ 10,000 രൂപ (നിലവില്‍ 2000 രൂപ). അമിത വേഗത്തില്‍ വാഹനം ഓടിച്ചാല്‍ 5000 രൂപ (നിലവില്‍ 500). ആംബുലന്‍സ്, ഫയര്‍ എന്‍ജിന്‍, പൊലീസ് കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ക്ക് യാത്രാ തടസമുണ്ടാക്കിയാല്‍ 10,000 രൂപ പിഴ.

റോഡ് സുരക്ഷ, റോഡപകടങ്ങള്‍ മൂലമുള്ള മരണങ്ങള്‍ കുറയ്ക്കുക, നിയമലംഘനത്തിന് കര്‍ശനമായ പിഴ ചുമത്തുക, അഴിമതി ഇല്ലാതാക്കുക, അതുവഴി പരിവര്‍ത്തനം സൃഷ്ടിക്കുക തുടങ്ങിയ നിര്‍ണായക വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കി രാജ്യത്തെ ഗതാഗത നിയമങ്ങള്‍ മാറ്റിയെടുക്കാനാണ് ബില്‍ ശ്രമിക്കുന്നത്. ഇതോടെ രാജ്യത്ത് 30 വര്‍ഷമായി നിലനിന്ന് വന്ന നിയമത്തിനാണ് മാറ്റം വരുന്നത്. 

Author

Related Articles