News

'സൗദിയില്‍ നിന്നു വരുന്ന വിദേശ നിക്ഷേപം മുതല്‍ ജിഗാഫൈബര്‍ വരെ മാത്രമല്ല': ഇനിയുമുണ്ടെന്ന് റിലയന്‍സ് രാജാവ്; ജമ്മു കശ്മീരിലും ലഡാക്കിലും നിക്ഷേപം നടത്തുമെന്നും മുകേഷ് അംബാനി

മുംബൈ: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി നീക്കിയതിന് പിന്നാലെ രാജ്യത്തിന്റെ ശ്രദ്ധ 'ഭൂമിയിലെ സ്വര്‍ഗത്തിലേക്കാണ്'.കോടികളുടെ വിദേശ നിക്ഷേപം സൗദിയില്‍ നിന്നും വരുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ജിഗാ ഫൈബര്‍ എന്ന അത്ഭുതവും റിലയന്‍സ് ഗ്രൂപ്പ് അവതരിപ്പിച്ചത്. എന്നാല്‍ വാര്‍ത്തകള്‍ അവിടെയും അവസാനിക്കുന്നില്ല. പുതിയതായി രൂപീകരിക്കപ്പെട്ട ലഡാക്കിലും ജമ്മു കശ്മീരിലും തങ്ങള്‍ നിക്ഷേം നടത്തുമെന്നാണ് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനി വ്യക്തമാക്കിയിരിക്കുന്നത്.

മുംബൈയില്‍ വാര്‍ഷിക ജനറല്‍ ബോഡി മീറ്റിങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അവിടത്തെ ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും വേണ്ടിയുള്ള പ്രത്യേക പദ്ധതികള്‍ വരും ദിവസങ്ങളില്‍ റിലയന്‍സ് ഗ്രൂപ്പ് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി പ്രത്യേക ടീമിനെ തന്നെ നിയോഗിച്ചിട്ടുണ്ടെന്നും അംബാനി വ്യക്തമാക്കി. 

ജമ്മു കശ്മീര്‍ വിഭജനത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മു കശ്മീരിലും ലഡാക്കിലും നിക്ഷേപം നടത്താന്‍ രാജ്യത്തെ വ്യവസായികളോട് ആഹ്വാനം ചെയ്തിരുന്നു. റിലയന്‍സ് ജിയോ ജിഗാ ഫൈബര്‍ സെപ്തംബര്‍ അഞ്ചിന് ഔദ്യോഗികമായി തുടങ്ങും എന്നതാണ് ഈ വര്‍ഷത്തെ റിലയന്‍സ് ജനറല്‍ ബോഡിയില്‍ മുകേഷ് അംബാനി നടത്തിയ പ്രധാന പ്രഖ്യാപനം.

ബ്രോഡ്ബാന്‍ഡ് ഡാറ്റ, ലാന്‍ഡ് ഫോണ്‍, എച്ച്.ഡി കേബിള്‍ കണക്ഷന്‍ എന്നീ വിവിധ ആവശ്യങ്ങള്‍ ഒരുമിച്ചു നിറവേറ്റുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ശ്യംഖലയാണ് റിലയന്‍സ് ജിയോ ജിഗാ ഫൈബര്‍. ഇതോടൊപ്പം റിലയന്‍സ് പെട്രോളിയത്തില്‍ സൗദി അറേബ്യന്‍ എണ്ണ കമ്പനിയായ ആരാംകോ നിക്ഷേപം നടത്തുമെന്ന വിവരവും മുകേഷ് അംബാനി ജനറല്‍ ബോഡിയെ അറിയിച്ചു. 

ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രത്യക്ഷ വിദേശ നിക്ഷേപം വരുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. സൗദി ആരാംകോ കമ്പനിയുമായിട്ടാണ് റിലയന്‍സ് കരാറിനൊരുങ്ങുന്നത്. കമ്പനിയുടെ എണ്ണ മുതല്‍ രാസവസ്തു ബിസിനസില്‍ വരെ 20 ശതമാനം ഓഹരി വാങ്ങാനാണ് ആരാംകോയുടെ നീക്കം. റിഫൈനറികള്‍ മുതല്‍ പെട്രോ കെമിക്കല്‍ ഡിവിഷനുകള്‍ വരെ സംയോജിപ്പിച്ചിരിക്കുന്ന മേഖലയിലേക്കാണ് 75 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താന്‍ ആരാംകോ ആലോചിക്കുന്നത്.

ഇത് ഏകദേശം അഞ്ചു ലക്ഷം കോടി ഇന്ത്യന്‍ രൂപ മൂല്യം വരും. റിലയന്‍സിന്റെ ഈ മേഖലയ്ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5.7 ലക്ഷം കോടിയുടെ വരുമാനമാണുണ്ടായത്. മുംബൈയില്‍ ഓഹരി ഉടമകളുടെ മീറ്റിങ്ങില്‍ സംസാരിക്കവേയാണ് മുകേഷ് അംബാനി ഇക്കാര്യം വ്യക്തമാക്കിയത്. മാത്രല്ല കരാര്‍ ഉറപ്പിക്കുന്നതോടെ റിലയന്‍സിന്റെ ജാംനഗര്‍ റിഫൈനറിയിലേക്ക് പ്രതിദിനം അഞ്ച് ലക്ഷം ബാരല്‍ ക്രൂഡ് ഓഡില്‍ സപ്ലൈ ചെയ്യാന്‍ തീരുമാനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Author

Related Articles