News

ഒരു ലക്ഷം കോടി ഡോളറിന്റെ കയറ്റുമതി: ലക്ഷ്യത്തിലേക്ക് ഇന്ത്യ അടുക്കുന്നു

ന്യൂഡല്‍ഹി: ഒരു ലക്ഷം കോടി ഡോളറിന്റെ കയറ്റുമതി എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. സാമ്പത്തിക രംഗത്ത് വന്‍ കുതിപ്പ് നടത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചാല്‍ ഈ ലക്ഷ്യം മറികടക്കാന്‍ കഴിയും. അതിനിടെയാണ് കൊറോണ വ്യാപനം വന്നതും സാമ്പത്തിക രംഗത്ത് വന്‍ തിരിച്ചടി നേരിട്ടതും. എന്നാല്‍ ഇപ്പോള്‍ രാജ്യം തിരിച്ചുവരവിന്റെ പാതയിലാണ്. 2021ല്‍ ഇന്ത്യ സാമ്പത്തികമായി പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷ. ഈ സാഹചര്യത്തില്‍ കൂടിയാണ് ഒരു ലക്ഷം കോടി ഡോളറിന്റെ കയറ്റുമതി എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ അടുക്കുന്നു എന്ന് വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞത്. വ്യാപാര ബോര്‍ഡ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരും വ്യവസായ പ്രമുഖരും കയറ്റുമതി വര്‍ധിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു. കയറ്റുമതി വര്‍ധിപ്പിക്കാന്‍ പ്രത്യേക വായ്പ സര്‍ക്കാര്‍ അനുവദിക്കണം എന്നാണ് വ്യവസായികളുടെ ആവശ്യം. ആനുകൂല്യം നല്‍കുന്ന പിഎല്‍ഐ പദ്ധതി വിപുലീകരിക്കണം എന്നും അവര്‍ ആവശ്യപ്പെടുന്നു. നികുതികളില്‍ ഇളവ് നല്‍കണം, അമേരിക്ക, യൂറോപ്പ്, ബ്രിട്ടന്‍ എന്നിവരമായി സ്വതന്ത്ര വ്യാപാക കരാര്‍ ഒപ്പുവയ്ക്കണമെന്നും വ്യവസായികള്‍ ആവശ്യപ്പെടുന്നു. അതേസമയം, അടുത്തിടെ നിലവില്‍ വന്ന ആര്‍സിഇപിയില്‍ അംഗമാകരുത് എന്നും വ്യവസായികള്‍ പറയുന്നു.

ചൈനീസ് പിന്തുണയോടെ 15 രാജ്യങ്ങള്‍ രൂപീകരിച്ച വ്യാപാര കൂട്ടായ്മയായ ആര്‍സിഇപി ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ഈ കൂട്ടായ്മ അടുത്തിടെയാണ് കരാര്‍ ഒപ്പുവച്ചത്. അംഗ രാജ്യങ്ങള്‍ക്ക് നികുതിയില്‍ കുറവ് വരുത്തുമെന്ന് കരാറില്‍ പറയുന്നു. ഇന്ത്യ ഇതില്‍ അംഗമല്ല. അതേസമയം, താരിഫ് കുറച്ച് കൂട്ടായ്മയിലെ അംഗരാജ്യങ്ങള്‍ ഇടപാട് നടത്തുമ്പോള്‍ ഇന്ത്യയുടെ ഉല്‍പ്പന്നം വാങ്ങാന്‍ ആളില്ലാതെ വരും. ഇന്ത്യയുടെ കയറ്റുമതിയെ ഇത് പ്രതികൂലമായി ബാധിക്കും. 15 വിപണികള്‍ ഇന്ത്യയ്ക്ക് നഷ്ടമാകാനുള്ള സാധ്യതയുമുണ്ട്.

കൂട്ടായ്മയിലെ പ്രധാന രാജ്യം ചൈനയാണ്. കൂടാതെ ജപ്പാനും ദക്ഷിണ കൊറിയയും മറ്റു പ്രമുഖ രാജ്യങ്ങളാണ്. 15 വിപണികളില്‍ ചൈനയ്ക്ക് കൂടുതലായി ഇടപെടാന്‍ സൗകര്യമൊരുക്കുന്നതാണ് പുതിയ കരാര്‍. മറ്റു രാജ്യങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ഇടപെടാന്‍ സൗകര്യമൊരുങ്ങും എന്ന് കണ്ടാണ് കേന്ദ്രസര്‍ക്കാര്‍ കരാറിന്റെ ഭാഗമാകാതിരുന്നത്.

Author

Related Articles